പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
കശ്മിരില്‍ പാക് വെടിവയ്പ് നാലു സൈനികര്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു
TAGS
ി ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ടു പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കു വീരമൃത്യൂ. സംഭവത്തില്‍ പ്രദേശവാസികളായ മറ്റ് ആറുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതില്‍ എട്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടതായും പത്തിലേറെ പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്.
ഇന്നലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപോര ജില്ലകളിലായി ഉറി, ബാല്‍കോട്ട്, ഹാജിപൂര്‍, ദാവാര്‍, നൗഗാം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. ബാരാമുള്ളയില്‍ നടന്ന ആക്രമണത്തിലാണ് മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഹാജിപൂര്‍ സെക്ടറില്‍ നടന്ന മറ്റൊരാക്രമണത്തില്‍ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ഡോവലും കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ഉറിയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പ്രദേശവാസികളും ബാല്‍കോട്ടില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും ഏഴു വയസുകാരനും മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു സൈനികര്‍ക്കും നിരവധി പ്രദേശവാസികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനികര്‍ക്കു പുറമേ താഹിബ് അഹമ്മദ് മിര്‍, ഇര്‍ഷാദ് അഹമ്മദ്, ഫാറൂഖ് ബീഗം തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
ബാരാമുള്ളയിലെ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്നലെയായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. പൂഞ്ചിലെ സാവ്ജിയാനില്‍ നടന്ന സമാന സംഭവത്തില്‍ ഏഴു പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്കു പിന്നാലെയായിരുന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചത്. പാക് ബങ്കറുകളും ടെന്റുകളും ഇന്ധന ശേഖരണ കേന്ദ്രങ്ങളുമൊക്കെ സ്‌ഫോടനത്തിലൂടെ സൈന്യം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതായാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ എട്ടു പാക് സൈനികര്‍ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. സൈനിക തിരിച്ചടിയുടെ നിരവധി വിഡിയോകള്‍ സൈന്യം തന്നെ പുറത്തുവിടുകയും ചെയ്തു.
അതിര്‍ത്തിയില്‍ വിവിധ പ്രദേശങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുന്നുണ്ടെന്നും ഉചിതമായ മറുപടി നല്‍കുന്നുണ്ടെന്നും ബി.എസ്.എഫ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ വിവിധ പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.