
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കശ്മിരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കി.
കശ്മിരികള്‍ക്ക് പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കുനേരെ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ കശ്മിരി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. കശ്മിരില്‍ സൈനികര്‍ക്കുനേരെ വിദ്യാര്‍ഥികളും യുവാക്കളും ആക്രമണം നടത്തുന്നുവെന്നാരോപിച്ചാണ് ഒരുസംഘം അക്രമികള്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനുനേരെ ആക്രമണം നടത്തിയത്. ഇതിന് പുറമെ ഉത്തര്‍പ്രദേശിലും കശ്മിരികള്ക്കുനേരെ ഭീഷണിയുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മിരികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാജ്നാഥ് സിങ് നിര്‍ദേശം നല്‍കിയത്.
സൈന്യത്തിനുനേരെ വിദ്യാര്‍ഥികളും പ്രതിഷേധം ശക്തമാക്കിയതോടെ കഴിഞ്ഞ ഒരാഴ്ചയോളമായി കശ്മിരില്‍ കോളജുകളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. അധ്യാപകരും പണിമുടക്ക് തുടങ്ങിയിട്ടുണ്ട്. സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥികളെ കോളജുകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതും കശ്മിരില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മിരികള്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കശ്മിരി വിദ്യാര്‍ഥികളെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത വിധത്തിലുള്ള ഭീഷണികളാണ് ചില അക്രമി സംഘങ്ങളില്‍ നിന്നുണ്ടാകുന്നത്. വിദ്യാര്ഥികള്ക്കെതിരേ പോസ്റ്ററുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.