2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കഴക്കൂട്ടത്ത് ആവേശമായി ശശി തരൂര്‍

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ രണ്ടാം ഘട്ട പര്യടനത്തിന് ഇന്നലെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചെല്ലമംഗലത്ത് നിന്ന് ആരംഭിച്ചു. രാവിലെ 8.30 ന് എം.വിന്‍സന്റ് എം.എല്‍.എ പര്യടനം ഉദ്ഘാടനം ചെയ്തു.വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച ഭരണാധികാരിയാണ് മോദിയെന്ന് എം വിന്‍സന്റ് പറഞ്ഞു. വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചു. സാമ്പത്തികരംഗം താറുമാറാക്കി. ഭരണപരാജയം മറച്ചുവയ്ക്കാന്‍ രാജ്യത്ത് മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബി ജെ പി യും സംഘപരിവാരും ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തിന് വേണ്ടി തരൂര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും വിന്‍സന്റ് പറഞ്ഞു. ഹൃദ്യമായ സ്വീകരണമാണ് തരൂരിന് ലഭിച്ചത്. പ്രചാരണ രംഗത്ത് വോട്ടര്‍മാരെ നേരിട്ട് കാണുന്നതില്‍ ഏറെ മുന്നിലാണ് തരൂര്‍.കോണ്‍ഗ്രസിന്റെ പ്രസക്തിയും ശശി തരൂര്‍ വിജയിക്കേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലെ ജനക്കൂട്ടം. ബാന്‍ഡ്‌സെറ്റിന്റെയും ഇരുചക്രവാഹനങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ ഓരോ സ്വീകരണ പോയിന്റുകളിലെത്തുമ്പോള്‍ നാട്ടുകാര്‍ ഷാളും കൊന്നപ്പൂക്കളുമായി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തി.
കഴക്കൂട്ടത്തിന്റെ വികസനത്തിലൂടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളായ ശശി തരൂരും സി. ദിവാകരനും പ്രചാരണ പര്യടനത്തിനിടയില്‍ അവിചാരിതമായി പൗഡിക്കോണത്തിനടുത്ത് വിഷ്ണു നഗറില്‍ വച്ചു കണ്ടുമുട്ടി ഹസ്തദാനം നല്‍കി. ശശി തരൂര്‍ ദിവാകരന് ത്രിവര്‍ണ നിറമുള്ള ഷാള്‍ നല്‍കി യാത്രയാക്കി. ഉച്ചവിശ്രമത്തിനായി കോലത്തു കരയില്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ രണ്ടു മണിക്കൂര്‍ വൈകി. തുടര്‍ന്ന് 3.30ന് മൂന്നാറ്റുമുക്കില്‍ നിന്നും തുടങ്ങുമ്പോള്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈപ്പത്തി ചിഹ്നവും ത്രിവര്‍ണ പതാകയും കൈയിലേന്തി ബൈക്കുകളില്‍ പര്യടനത്തെ അനുഗമിച്ചത് ആവേശമായി. ശശി തരൂരിനോടുള്ള സ്‌നേഹവായ്പുകള്‍ പങ്കിടുന്ന നിരവധിയായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ സ്വീകരണ പരിപാടികളില്‍ ഉടനീളം കാണാമായിരുന്നു. ടെക്‌നോപാര്‍ക്കാണ് കഴക്കൂട്ടം മണ്ഡലത്തിന്റെ മുഖശ്രീ ഇവിടത്തെ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും ടെക്കികളാണ് അവരുടെ പ്രിയ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കഴക്കൂട്ടം മണ്ഡലത്തിലെ രണ്ടാംഘട്ട വാഹന പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എം.എ വാഹീദ് എക്‌സ് എം.എല്‍.എ, അണ്ടൂര്‍ക്കോണം സനല്‍, ചെമ്പഴന്തി അനില്‍, കെ.എസ് ഗോപകുമാര്‍, അണിയൂര്‍ പ്രസന്നകുമാര്‍, അഭിലാഷ് നായര്‍, ആററിപ്ര അനില്‍, ജോണ്‍സണ്‍ ജോസഫ്, ഉള്ളൂര്‍ മുരളി,ജോണ്‍ വിനീഷ്യസ്, പൗഡിക്കോണം സനല്‍, ബോസ് ഇടവിള, രാജേഷ്, ചെക്കാലമുക്ക് മോഹനന്‍, വേലപ്പന്‍ നായര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.