2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കള്ളപ്പണത്തിനെതിരേ മിന്നലാക്രമണം


 

കള്ളപ്പണം തടയുന്നതിനുവേണ്ടി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് അപ്രതീക്ഷിതമായിരുന്നെങ്കിലും നടപടി ധീരമാണെന്ന് പറയാതെ വയ്യ. ഇന്നലെ അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞത് ഞെട്ടലോടെ തന്നെയാണ് ഭാരതീയര്‍ കേട്ടത്. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് വിലയിരുത്തപ്പെട്ടത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ഉയര്‍ന്നിട്ടുള്ളത്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാം. അതിനുസാധിക്കാതെ വരുന്നവര്‍ക്ക് നിര്‍ദേശിക്കുന്ന ആര്‍.ബി.ഐ ശാഖകളില്‍ സത്യവാങ്മൂലം നല്‍കി 2017 മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറ്റിവാങ്ങാം. നവംബര്‍ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. തിരിച്ചറിയല്‍ രേഖ ഹാജരാക്കി പോസ്റ്റ് ഓഫിസ്, ബാങ്ക് എന്നിവ വഴി നോട്ടുകള്‍ മാറ്റിവാങ്ങാമെന്നും ഇന്ന് രാജ്യത്തെ ബാങ്കുകളും എ.ടി.എമ്മുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എ.ടി.എമ്മുകളില്‍നിന്നു പിന്‍വലിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിരുന്നു. ഏതാനും ദിവസം പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുമുണ്ട്.
1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിലവില്‍ വരും. കൂടാതെ, 500 രൂപയുടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യും. എന്നാല്‍, 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കള്ളപ്പണവും അഴിമതിയുമാണ് വികസനത്തിന് തടസം. ദാരിദ്ര്യത്തിനെതിരേയാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി രാഷ്ട്രപതി, കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒറ്റനോട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണിത്. രാജ്യത്തെ ശരാശരി ജനങ്ങള്‍ക്ക് ഒരാഴ്ചയോളം ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും ഉറപ്പ്. പക്ഷേ, ഉപരിവര്‍ഗത്തിന്റെ കൈയിലെ പണം ദുര്‍ബലപ്പെടുത്താനും നാണയപ്പെരുപ്പവും കള്ളപ്പണവും നിയന്ത്രിക്കാനും ഇതല്ലാതെ മറ്റു വഴികളില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പക്ഷം. രാജ്യത്ത് പൊടുന്നനെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ക്രമീകരണത്തെ തുടര്‍ന്ന് പണം നഷ്ടമാകുമെന്ന ഭീതി ജനങ്ങള്‍ക്കുണ്ട്. എന്നാല്‍, അത്തരം ഭീതി വേണ്ടെന്നും ജനങ്ങള്‍ക്ക് അവരുടെ പണം നഷ്ടമാകില്ലെന്നുമാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കുന്നത്.
കള്ളപ്പണത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് വിടുവായിത്തം പറയുകയും കള്ളപ്പണക്കാരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതിന്റെ പേരില്‍ ആക്ഷേപം നേരിടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം സൂക്ഷിച്ചവര്‍ക്ക് അത് വെളിപ്പെടുത്താനുള്ള സമയപരിധി നല്‍കിയിരുന്നു.
നികുതിയടച്ച് നിയമവിധേയമാക്കാന്‍ സമ്പാദ്യ പ്രഖ്യാപനത്തിന് അവസരവും ശിക്ഷയിളവും കൊടുത്തപ്പോള്‍ 65,000 കോടിയുടെ കള്ളപ്പണമായിരുന്നു വെളിവാക്കപ്പെട്ടത്. സമയപരിധി കഴിഞ്ഞ ഉടന്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘മിന്നലാക്രമണ’മൊന്നും നടത്താതെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരാനായെങ്കില്‍ മിന്നലാക്രമണം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു പ്രധാനമന്ത്രി ചോദിച്ചിരുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ മിന്നലാക്രമണം തന്നെയായിരുന്നു. പക്ഷേ, കൗശലക്കാരനായ മോദിയുടെ തെരഞ്ഞെടുപ്പ് കുറുക്ക് വിദ്യയായി ഇത് പരിണമിക്കുമോ എന്ന് നോക്കിയിരുന്ന് കാണണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.