2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കളമശ്ശേരിയുടെ ‘വിധിയെഴുത്ത്’ 21ന്

 

സ്വന്തം ലേഖിക
കൊച്ചി: നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച കളമശ്ശേരി നഗരസഭയുടെ ഭാവി ജനുവരി 21ന് മുനിസിപ്പല്‍ വാര്‍ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കും. പ്രചാരണത്തിന്റെ തുടക്കത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. തുടര്‍ന്ന് നടന്ന ശേഷിച്ച 41 വാര്‍ഡുകളിലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19ഉം എല്‍.ഡി.എഫിന് 18ഉം സീറ്റുകള്‍ വീതം ലഭിച്ചു. സ്വതന്ത്രര്‍ക്ക് മൂന്നു സീറ്റുകളും ബി.ജെ.പിക്ക് ഒരുസീറ്റുമാണ് ലഭിച്ചത്. എന്നാല്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ എല്‍.ഡി.എഫും ഒരു സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫും കൗണ്‍സിലിലെ അംഗബലം 20 വീതമായി ഉയര്‍ത്തി ഒപ്പത്തിനൊപ്പമെത്തിയതോടെയാണ് നറുക്കെടുപ്പ് നടന്നതും ഭാഗ്യം യു.ഡി.എഫിനെ തുണച്ചതും. 21ന് നടക്കുന്ന മാറ്റിവച്ച മുനിസിപ്പല്‍ വാര്‍ഡിലെ (37ാംവാര്‍ഡ്) തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഇനി നഗരസഭാ ഭരണത്തിന്റെ ഗതി നിര്‍ണയിക്കുക. നിലവില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റാണിതെന്നതാണ് യു.ഡി.എഫിന് ആശ്വാസം പകരുന്നത്. അതേസമയം സീറ്റ് തിരിച്ചുപിടിച്ച് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തന്ത്രങ്ങള്‍ മെനയുന്നുണ്ട്. മുസ്‌ലിം ലീഗിലെ വി.എസ് സമീലാണ് ഇവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി. അതേസമയം നിലവിലെ സ്ഥാനാര്‍ഥിയെ മാറ്റി മത്സരം ശക്തമാക്കാനും എല്‍.ഡി.എഫ് ആലോചിക്കുന്നതായാണ് വിവരം. നാമനിര്‍ദേശപത്രികാ സമര്‍പണവും പിന്‍വലിക്കലുമൊക്കെ കഴിഞ്ഞാലായിരിക്കും സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുക. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമായാല്‍ അവര്‍ക്ക് ഒരു സീറ്റിന്റെ കൂടി പിന്‍ബലത്തില്‍ ഭരണം സുരക്ഷിതമാക്കാം. മറിച്ച് എല്‍.ഡി.എഫ് വിജയിച്ചാല്‍ അവര്‍ക്കും നഗരസഭ ഭരിക്കാന്‍ അവകാശവാദമുയര്‍ത്താം. എന്തായാലും അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ആറുമാസത്തെ കാലാവധിയുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.