
ആയഞ്ചേരി: വടകര-മാഹി കനാലിനു കുറുകെയുള്ള കല്ലേരി പാലത്തിന്റെ പുനര്‍നിര്‍മാണം വൈകാന്‍ സാധ്യത. കനാല്‍ നവീകരണത്തിന്റെ ഭാഗമായി ഒന്‍പതു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോയെങ്കിലും ഒരു കരാറുകാരന് ഓണ്‍ലൈനായി സമര്‍പ്പിച്ച രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ടെന്‍ഡര്‍ നടപടി നീണ്ടുപോകാന്‍ കാരണമായത്.
ടെന്‍ഡറിനു വേണ്ട എല്ലാ രേഖകളും സമര്‍പ്പിച്ചെന്നാണു കരാറുകാരന്റെ വാദം. അതേസമയം, രേഖകള്‍ പൂര്‍ണമായും സമര്‍പ്പിക്കാത്തതിനാല്‍ ഇതേ കരാറുകാരനെ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്നു കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി ഐ.ടി സെല്ലിനോടു പരാതി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്ന മുറക്കേ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമാകൂ. നിലവില്‍ ബ്രിട്ടീഷുകാരുടെ കാലത്തു പണി കഴിപ്പിച്ച പാലത്തിലൂടെയാണു ഗതാഗതം നടക്കുന്നത്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണു നൂറ്റാണ്ടു പഴക്കമുള്ള ഇടുങ്ങിയ ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍ വന്നു ഗതാഗത തടസം നേരിടുന്നത് ഇവിടെ പതിവാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു കനാല്പണിയുടെ തുടക്കത്തില്‍ സമീപത്തായി മറ്റൊരു പാലം പണിതിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇതു തകര്‍ന്നുവീഴുകയായിരുന്നു.
തുടര്‍ന്നു ഗതാഗതത്തിനു പഴയ പാലത്തിനെ തന്നെ ആശ്രയിക്കുകയായിരുന്നു. നിലവിലുള്ള പാലത്തിന് ഉയരമില്ലാത്തതിനാല്‍ കനാല്‍ വഴിയുള്ള ബോട്ട് സര്‍വിസ് സാധ്യവുമല്ല. ഇതിനാല്‍, കനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്ക് ഇവിടെ പുതിയപാലവും അനിവാര്യമാണ്.