
പി.പി ആലിക്കോയ
(പ്രസിഡന്റ്, മലബാല്‍ സോമില്‍സ് ഓണേഴ്സ് അസോസിയേഷന്)
1960 ലെ കല്ലായിപ്പുഴയിലെ വെള്ളപ്പൊക്കം കാണാന്‍ മരക്കച്ചവടക്കാരനായിരുന്ന വല്യുപ്പയുടെകൂടെ കല്ലായി മദീന സോമില്ലിന്റെ ഓഫീസില്‍ ചെന്നിരുന്നു. അന്നത്തെ കല്ലായി പാലത്തിന്റെ മൂന്നടി താഴെയായിരുന്നു വെള്ളം കുത്തിയൊലിച്ച് ഒഴുകിക്കൊണ്ടിരുന്നത്.
അഴിമുഖം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വല്യുപ്പ അവിടേയ്ക്കും കൊണ്ടുപോയി. പുഴയിലെ ഉയര്‍ന്ന വെള്ളം അതിവേഗത്തില്‍ കുത്തിയൊലിച്ച് അഴിമുഖത്തിലൂടെ അറബിക്കടലില്‍ ചേരുന്ന കാഴചയാണ് കണ്ടിരുന്നത്. അതൊരു വെള്ളപ്പൊക്കത്തിന്റെ പ്രതീതിയായി തോന്നിയിരുന്നില്ല. അക്കരെയുള്ള കൊയപ്പത്തൊടി സോമില്ലിലേയ്ക്കു പോകവേ വെള്ളത്തില്‍ കെട്ടിനിറുത്തിയ പൊന്തല് മരങ്ങളുടെ തെരപ്പക്കൂട്ടങ്ങള് ഒന്നും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിയില്‍ അവിടെത്തന്നെയുണ്ടായിരുന്നു. എത്ര ശക്തമായ മഴപെയ്താലും കല്ലായി പുഴയിലെ ഒഴുക്കിന് യാതൊരു തടസ്സവും ഇല്ലായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കല്ലായി പുഴയെക്കുറിച്ചു പറയുമ്പോള്‍ മരവ്യവസായത്തെക്കുറിച്ച് ഓര്‍ക്കാതെപോകുന്നത് ശരിയല്ല. 1964 മുതല്‍ 1990 വരെ പുഴയില്‍ കൂടിയ അളവില്‍ മാലിന്യങ്ങള്‍ ഇല്ലാതായിരുന്നു. ഈ കാലയളവില്‍ അഴിമുഖത്തു യഥേഷ്ടം മണല്‍വാരല്‍ നടന്നിരുന്നു. 250- 350 രൂപ നല്കിയാല് തോണിക്കാര്‍ മണല്‍ നല്‍കും. കുറഞ്ഞ നിരക്കില്‍ മണല്‍വാരി ഉപജീവനം നടത്തിവന്ന ഇവരെ രംഗത്തുനിന്ന് ഒഴിവാക്കി മണല്‍മാഫിയയുടെ ഒത്താശയോടെ അധികൃതര്‍ക്കു പ്രദേശത്തെ ചില പൊതുപ്രവര്‍ത്തകര്‍ കൂടിയായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെടുകയും താത്ക്കാലികമായി നിറുത്തിവെക്കുകയും പിന്നീട് പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതിയോടെ മണല്‍വാരല്‍ നിലവില്‍വരികയും മണല്‍ മാഫിയ ഈ മേഖല കയ്യടക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രൂപംകൊണ്ടതാണ് പ്രകൃതി സംരക്ഷണവും നദീസംരക്ഷണവും എന്നൊക്കെ പറയുന്ന സംഘടനകള്‍.
മണല്‍വാരല്‍ നിരോധനം വന്നതു മുതല്‍ പുഴയില്‍ ഒലിച്ചുവരുന്ന മണല്‍ അഴിമുഖം ഭാഗത്തു വന്നടിയുകയും അവിടെ മണല്‍തിട്ട രൂപപ്പെടുകയും ചെയ്തു. പുഴയുടെ മധ്യത്തില്‍പ്പോലും രൂപപ്പെട്ട മണല്‍തിട്ടയില്‍ വിവിധതരത്തിലുള്ള മാലിന്യങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു വളര്‍ന്നുവന്നതാണ് കണ്ടല്‍ക്കാടുകള്‍.
പുഴയില്‍ തള്ളിവിടുന്ന മാലിന്യങ്ങള്‍ തങ്ങിനില്ക്കുന്നത് ഈ കണ്ടല്‍ കാടുകളിലാണ്. ഇഷ്ടംപോലെ ഉയര്‍ന്നുവരുന്ന കണ്ടല്‍കാടുകള്‍ പുഴയിലെ ഒഴുക്കു തടസ്സമാകുന്നില്ലേ പ്രകൃതി സ്നേഹികളും സാമൂഹ്യപ്രവര്‍ത്തകരും അവരുടെ അറവില്ലായ്മ കൊണ്ടാണ് കണ്ടല്‍കാടുകള്‍ വെട്ടിമാറ്റാന്‍ പാടില്ലെന്നു പറയുന്നത്.
പുഴക്ക് വ്യക്തമായ സര്‍വ്വേയുണ്ട്. അതിനു വില്ലേജ് ഓഫീസുകളില്‍ രേഖകളുമുണ്ട്. കല്ലായി പുഴയുടെ സര്‍വ്വേ നടത്തുവാന്‍ അധികൃതര്‍ തയ്യാറാവണം. സര്‍വ്വേയില്‍ വ്യത്യാസമുണ്ടെങ്കില്‍ കയ്യേറ്റം നടന്നതായി അറിയാന്‍ കഴിയും. സര്‍വ്വേ നടത്താതെ പുഴ കയ്യേറിയെന്ന തെറ്റായ സന്ദേശം നല്കി മരവ്യവസായ മേഖലയെ നിശ്ശേഷം തകര്‍ക്കാനുള്ള ചില തല്‍പ്പരകക്ഷികളുടെ പ്രവര്‍ത്തനം തിരിച്ചറിയണം. മാംസക്കച്ചവടസ്ഥാപനങ്ങളില് വച്ച് കന്നുകാലികളെ അറവുചെയ്ത് മാലിന്യങ്ങള്‍ മുഴുവന്‍ രാത്രികാലങ്ങളില്‍ പുഴയില്‍ കൊണ്ടിടുന്നു. ആധുനിക രീതിയില്‍ ശാസ്ത്രീയമായി ഒരു അറവുശാല സ്ഥാപിക്കുകയും ഉറവിടങ്ങളില്‍ തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കുകയും ചെയ്യാന്‍ ഒരു ശ്രമവും ഈ പരിസ്ഥിതി സ്നേഹികള്‍ ഇതുവരെ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഒരു ബഹുജന പ്രക്ഷോഭം ഇക്കൂട്ടര്‍ നടത്തിയിട്ടില്ല.
വ്യക്തമായ രജിസ്റ്റേര്‍ഡ് ആധാരങ്ങള്‍ 150 വര്ഷങ്ങക്കേറെയും ശേഷം നൂറും 75 ഉം വര്‍ഷം പഴക്കമുള്ളതുമായ ശരിയായ കൈവശ രേഖകളോടു കൂടി സോമില്ലുകള്‍ സ്ഥാപിക്കപ്പെട്ടതും തടികള്‍ ഇറക്കി സൂക്ഷിക്കുവാന്‍ തടസ്ഥലവും വര്‍ഷങ്ങളായി ഈ മേഖലയില്‍ കാലങ്ങളോളം നാം കണ്ടുവന്നിരുന്നതുമാണ്.
1903 മുതല്‍ സര്‍വ്വേ നടത്തുവാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും കൈവശഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സ്ഥലത്തെത്തിയിരുന്നു. അത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു. 1857 ന് ശേഷം രജിസ്ട്രേഷന് സംവിധാനങ്ങള്‍ നിലവില്‍ വരികയും കൈവശക്കാരോട് അവരുടെ ഭൂമി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ആരും തയ്യാറായില്ല. മരവ്യവസായത്തില്‍ ലോകത്തെ രണ്ടാം സ്ഥാനം നേടിയ ആ സുവര്‍ണ കാലഘട്ടത്തില്‍ പോലും പുഴക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലായിരുന്നു.
പുഴയുടെ അടിത്തട്ടില്‍ ഹാര്‍ഡ് മരങ്ങളും വെള്ളത്തിനു മീതെ സോഫ്റ്റ് മരങ്ങള്‍ തെരപ്പം കെട്ടിയും പുഴയില്‍ സൂക്ഷിച്ചിരുന്ന ഒരു കാലമായിരുന്നു അത്. പുഴയുടെ മധ്യത്തില്‍ മാത്രമേ വെള്ളം കാണൂ. അതിലൂടെ വലിയ നമ്പര്‍ തോണികളില്‍ പണിത്തരം കയറ്റുകയും കടലില്‍ നങ്കൂരമിട്ട ഉരുവില്‍ എത്തിക്കുകയും ചെയ്യുന്നു. മൂപ്പന്മാര് ഇടത്തരം തോണികളില്‍ മരം കെട്ടി വേലിയേറ്റവും വേലിയിറക്കവും നോക്കി വിവധ ഡിപ്പോകളില്‍ നിന്നും മില്ലുകളിലേക്ക് തടിമരങ്ങള്‍ കെട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഉപ്പുരസം കലര്‍ന്ന പുഴയിലെ ചെളിവെള്ളത്തില്‍ ഇറങ്ങി ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു തരത്തിലുള്ള ചര്മരോഗങ്ങളുമുണ്ടായിരുന്നില്ല.
അപ്പോഴൊക്കെ പുഴ സുഖമായി ഒഴുകിക്കൊണ്ടിരുന്നു. ഇന്ന് തകര്‍ന്നുകൊണ്ടിരിക്കുന്ന മരവ്യവസായ മേഖലയിലെ ഉടമകളെയും മരക്കച്ചവടക്കാരെയും കല്ലായി പുഴ കയ്യേറ്റക്കാരായി ചിത്രീകരിക്കാനും പുഴ നശിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ വ്യവസായത്തെ ചിലര്‍ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അധികൃതരും മാധ്യമങ്ങളും വസ്തുനിഷ്ടമായി കാര്യങ്ങള്‍ വിലയിരുത്തണം. നിറവെള്ളത്തില്‍ റോഡ് വരെ വെള്ളം കണ്ടാല്‍ അത് പുഴയാണെന്നും വേലിയിറക്കത്തില് വളരെ വെള്ളം കുറഞ്ഞ നടുപുഴ കാണിച്ചുകൊടുത്ത് പുഴക്ക് വെള്ളമില്ലെന്നും ഒഴുക്കില്ലെന്നും തെറ്റിദ്ധരിച്ചുപോയാല് എന്തു ചെയ്യും