2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കല്ലാംകുഴിയുടെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ തട്ടിപ്പ്

പാലക്കാട് : കോങ്ങാട് നിയോജ മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ വരുന്ന പ്രദേശമാണ് കല്ലാംകുഴി. 40 വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഒരു കുടുംബ വഴക്കിനെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലുണ്ടായിട്ടുളള സംഘര്‍ഷങ്ങളുടെയും വധശ്രമങ്ങളുടെയും കൊലപാതകത്തിന്റെയും തുടര്‍ച്ചയായി 2013ല്‍ സംഭവിച്ച ഒരു സംഘര്‍ഷത്തിലാണ് ഇവിടെ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടില്ലാത്ത ഒരു പരാതി ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ പ്രബുദ്ധരായ മണ്ണാര്‍ക്കാട്ടെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമഅില്ല.
1970 ലാണ് കല്ലാംകുഴിയിലെ ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ തമ്മിലുളള സ്വത്ത് തര്‍ക്കം തുടങ്ങുന്നത്. 12 ഏക്കര്‍ സ്വത്തിന് വേണ്ടിയുളള തര്‍ക്കമാണ് മൂന്നാളുകളുടെ മരണങ്ങള്‍ക്കും, നിരവധി സംഘര്‍ഷങ്ങള്‍ക്കു കാരണമായത്. തര്‍ക്കത്തിന്റെ ഭാഗമായി 1998ല്‍ കല്ലാംകുഴിയില്‍ ബോംബ് സ്‌ഫോടനമുണ്ടായി. 1998ല്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്ന 65കാരന്‍ കൊല്ലപ്പെട്ടു.
കുഞ്ഞുഹംസ, നൂറുദ്ദീന്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളായിരുന്നു. 2013ലെ സംഭവത്തില്‍ പ്രതികളായ അബ്ദുല്‍ ജലീല്‍, സുലൈമാന്‍, ഇസ്മാഈല്‍ എന്നിവര്‍ കൊല്ലപ്പെട്ട പാലക്കാപറമ്പില്‍ മുഹമ്മദിന്റെ മക്കളാണ്. മുസ്തഫ, അംജാദ് എന്നിവര്‍ പേരമക്കളും.
ലീഗ് നേതാവാണെന്ന് പ്രചരിപ്പിക്കുന്ന സി.എം സിദ്ദീഖിനെ 1998ല്‍ ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ജീപ്പ് ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് കുഞ്ഞുഹംസ. സിദ്ദീഖും മകനും ഈ കേസില്‍ പ്രതിയാവുന്നതിന്റെ കാരണവും ഇതുതന്നെ.
ഈ കേസിലെ മറ്റു പ്രതികള്‍ മുമ്പ് കുഞ്ഞുഹംസയും മറ്റും വെട്ടിയും കുത്തിയും കൊല്ലാന്‍ ശ്രമിച്ച ചീനത്ത് ബാപ്പു, തെക്കുംപുറത്ത് ബഷീര്‍ എന്നിവരുടെ മക്കളും ബന്ധുക്കളാണ്.
2013ലെ ഇരട്ടകൊലപാതക കേസില്‍ പ്രതികള്‍ 27. ഇവരെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി ഒഴികെ മറ്റെല്ലാവരും റിമാന്റില്‍ പോയി. പ്രതികളെ സംരക്ഷിക്കാനോ, രക്ഷപ്പെടുത്താനോ പാര്‍ട്ടിയോ ഭരണ കക്ഷിയൊ യാതൊരു ശ്രമവും നടത്തിയിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഈ സംഭവത്തില്‍ കൗണ്ടര്‍ കേസെടുത്ത് നേരിടാമായിരുന്നു.
(ഈ സംഭവത്തില്‍ കൗണ്ടര്‍ കേസ് കൊടുത്തിട്ടില്ല) കോങ്ങാട് മണ്ഡലത്തില്‍ നടന്ന ഈ സംഭവത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എയെ കുറ്റപ്പെടുത്തുന്നത് വോട്ടുരാഷ്ട്രീയത്തിനു വേണ്ടി മാത്രം.
കല്ലാംകുഴി കൊലപാതകം അന്വേഷണം നടത്തിയത് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം.
കോങ്ങാട് മണ്ഡലം എം.എല്‍.എ കെ.വി വിജയദാസിന്റെ പാര്‍ട്ടി സി.പി.എമ്മാണ്. സ്വന്തം മണ്ഡലം എം.എല്‍.എയെ അവഗണിച്ച് തൊട്ടടുത്ത മണ്ഡലം എം.എല്‍.എ കേസില്‍ ഇടപെട്ടു എന്ന പറയുന്നതില്‍ എന്ത് ന്യായം.
അങ്ങനെയെങ്കില്‍ കോങ്ങാടിന്റെ തൊട്ടടുത്ത മണ്ഡലമായ മലമ്പുഴയില്‍ എം.എല്‍.എ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്. കല്ലാംകുഴിയുടെ യാഥാര്‍ഥ്യം ഇങ്ങനെയാണെന്നിരിക്കെ കുടുംബ സ്വത്തിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തെയും സംഘര്‍ഷത്തേയും രാഷ്ട്രീയവും മതവും ആക്കുന്നത് ജനം തളളികളയുക തന്നെ ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.