
മുക്കം: കൊടിയത്തൂര്‍ ചെറുവാടി ഭാഗത്തെ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കല്ലന്തോട് നീര്‍ത്തട പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. 80 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. നിര്‍മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജോര്‍ജ് എം. തോമസ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.
വെള്ളക്കെട്ട് കാരണം വര്‍ഷങ്ങളായി കൃഷി മുടങ്ങിക്കിടന്ന ചെറുവാടി പുഞ്ചപ്പാടത്ത് നെല്കൃഷിയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കല്ലന്തോട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വയലിന് നടുവിലൂടെ ഒഴുകുന്ന കല്ലന്തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ കടുത്ത വേനല്‍ക്കാലത്ത് പോലും വയലില്‍ വെള്ളകെട്ടായിരുന്നു. ഇതിനു പരിഹാരമെന്ന നിലയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി ആരംഭിച്ചത്. വയലിന് നടുവിലൂടെ ഒഴുകുന്ന തോട് നവീകരിക്കുന്നതിനായി ആലപ്പുഴയില്‍ നിന്ന് ബര്‍ജ് അടക്കമുള്ളവ എത്തിച്ചിരുന്നു. ഇരുവഴിഞ്ഞിപ്പുഴയോരത്ത് പമ്പ് ഹൗസ് നിര്‍മാണവും അന്തിമഘട്ടത്തിലാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി വരെയുള്ള 500 ഏക്കറോളം വയലില്‍ നെല്കൃഷിയിറക്കാനാകും. പ്രവൃത്തി പൂര്‍ത്തിയായ ഭാഗങ്ങളില്‍ കര്‍ഷകര്‍ നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കും മുന്നോട്ടു വന്നിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി ചന്ദ്രന്, കൊടിയത്തൂര്‍ ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു, ടി.കെ ഉണ്ണികൃഷ്ണന്, ചെറുകിട ജലസേചന പദ്ധതി അസി. എന്‍ജിനിയര്‍ ഫൈസല്‍, കര്‍ഷക പ്രതിനിധികളായ സലാം, മുഹമ്മദ്, കോമു കുട്ടി, ഹസന് ഹാജി എന്നിവര്‍ എം.എല്‍.എയെ അനുഗമിച്ചു.