ഏഷ്യയിലെ ഏറ്റവുംവലിയ യുവജനോത്സവമെന്ന വിശേഷണത്തില്‍നിന്നു ലോകത്തിലെതന്നെ ഏറ്റവുംവലിയ യുവജനമേളയെന്ന ഖ്യാതിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. അതേസമയം, ഓരോവര്‍ഷവും മേളയാരംഭിക്കുമ്പോള്തന്നെ പരാതികളും ഉയരുന്നുവെന്നതു വിസ്മരിക്കാവതല്ല. ഇത്തവണയും പതിവു തെറ്റിച്ചില്ല. തുടക്കത്തില്‍തന്നെ അപ്പീലുകളുടെ പ്രളയവും തുടങ്ങി. മറ്റു പരാതികളും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.
നല്ല ഗ്രീന്റൂമില്ലെന്നായിരുന്നു പരാതികളില്‍ ഒന്ന്. മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ഥിക്ക് പുറമേനിന്ന് ഭീഷണിവന്നു. ചവിട്ടുനാടകത്തിലെ വിധികര്‍ത്താക്കളിലൊരാള്‍ എറണാകുളം ജില്ലക്കാരനായ തമ്പിയെന്ന പരിശീലകന്റെ ശിഷ്യനാണെന്നും തമ്പി പരിശീലിപ്പിക്കുന്ന പത്തോളം ടീമുകള്‍ ചവിട്ടുനാടകമത്സരത്തില് പങ്കെടുക്കുന്നുണ്ടെന്നും എറണാകുളത്തുനിന്നുള്ള മറ്റൊരു വിധികര്‍ത്താവുതന്നെ ആക്ഷേപമുന്നയിച്ചിരിക്കുകയാണ്
.
ഭരതനാട്യത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ കണിമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അശ്വിനാണു ഫോണിലൂടെ ഭീഷണി വന്നത്. തുടര്‍ന്ന്, പൊലിസ് കാവലിലാണ് അശ്വിന് നൃത്തമവതരിപ്പിച്ചത്. അധികൃതരുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വഴങ്ങാതെയാണ് ആദ്യദിനം തന്നെ അപ്പീലുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്. 270 അപ്പീലുകളാണ് ഒന്നാംദിനം ലഭിച്ചത്. വിദ്യാഭ്യാസവകുപ്പും ഹൈക്കോടതിയും അപ്പീലുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതെല്ലാം പാഴിലായി.
പഴയിടം നമ്പൂതിരിയുടെ സദ്യമാത്രമല്ല യുവജനോത്സവങ്ങളില്‍ കെങ്കേമമാകേണ്ടത്, ആരോഗ്യകരമായ മത്സരങ്ങളും സംഘാടനവും കെങ്കേമമാവണം. മത്സരാര്‍ഥികള്‍ കടുത്ത മാനസികസമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നു ഗായിക ചിത്ര തന്നെ അഭിപ്രായപ്പെടുന്നു. പണ്ടുകാലങ്ങളില്‍ ജയിച്ചാലായി, ഇല്ലെങ്കില്‍ പോകട്ടെയെന്ന മനോഭാവമായിരുന്നു കുട്ടികള്‍ക്കും രക്ഷിതാക്കള്ക്കുമുണ്ടായിരുന്നതെന്ന് അവര്‍ പറയുന്നു.
കാലം മാറിയതോടെ മത്സരിക്കുന്ന കുട്ടികളേക്കാള്‍ വാശി അവരുടെ രക്ഷിതാക്കള്‍ക്കായി. അതു കലയോടുള്ള ആത്മാര്‍പ്പണം കൊണ്ടോ, കലാഹൃദയം തുടിക്കുന്നതു കൊണ്ടോ അല്ല. ചുളുവില്‍ പ്രശസ്തി നേടാനും അതുവഴി പണം സമ്പാദിക്കാനുമുള്ള മാര്‍ഗമായി പലരും യുവജനോത്സവ വേദികളെ ഉപയോഗപ്പെടുത്തി. തുടര്‍ന്നാണ് മേളകള്‍ക്ക് അപചയം സംഭവിക്കാന്‍ തുടങ്ങിയത്.
ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ മാപ്പപേക്ഷ കേരള ക്രിക്കറ്റ് അസോസിയേഷന് സ്വീകരിക്കുന്നതിന് ഒരു പ്രധാന നിബന്ധന മുന്നോട്ടുവച്ചിരുന്നു. സഞ്ജുവിന്റെ പിതാവ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികളുമായോ, കോച്ചുമായോ, മത്സരം നടക്കുന്നിടത്തോ, താമസിക്കുന്ന ഹോട്ടലിലോ ബന്ധപ്പെടുന്നതു് വിലക്കിക്കൊണ്ടുള്ളതായിരുന്നു ആ നിബന്ധന. ഇതുപോലുള്ള വിലക്ക് യുവജനോത്സവങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്കും നല്കുകയാണെങ്കില് രക്ഷിതാക്കളുടെ ‘മത്സരവേദി കൈയേറ്റം’ അവസാനിപ്പിക്കാം.
വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളെ അയോഗ്യരാക്കുകയും വേണം. പ്രതിഭയുള്ളവര്‍ക്കു മാത്രമേ വളരാനാവൂ. തല്ലിപ്പഴുപ്പിച്ചാല്‍ അകാലത്തില്‍ കൊഴിയും. പോയവര്‍ഷങ്ങളിലെ പല കലാതിലകങ്ങളെക്കുറിച്ചും ഇന്നൊരു വിവരവുമില്ലാത്തത് ഇതിനാലാണ്. കലാതിലകപ്പട്ടവും പ്രതിഭാപട്ടവും എടുത്തുകളഞ്ഞപ്പോഴെങ്കിലും രക്ഷിതാക്കളുടെ തള്ളിക്കയറ്റം കുറയുമെന്നു കരുതിയിരുന്നു.
കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്നാണു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറയുന്നത്. രക്ഷിതാക്കള്‍ തമ്മിലുള്ള മത്സരങ്ങളും നിരോധിക്കാന്‍ മാന്വലില്‍ ഇടമുണ്ടാകണം. എങ്കില്‍ മാത്രമേ യഥാര്‍ഥ പ്രതിഭകള്ക്കുപോലും മാനസികസമ്മര്‍ദമില്ലാതെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയൂ. അനഭിലഷണീയമായ പ്രവണതകള്‍ ഓരോവര്‍ഷവും യുവജനോത്സവ വേദികളില്‍ വര്‍ധിച്ചുവരുന്നതിനാല്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതേണ്ടതുണ്ട്.
കുട്ടികളില്‍നിന്നു പണംപിരിച്ചു യുവജനോത്സവം നടത്തുന്നതു സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചതിനാല്‍ ഇക്കാര്യത്തില്‍ കുറേക്കൂടി ഉത്തരവാദിത്വം സര്‍ക്കാര്‍ കാണിക്കണം. അപ്പീലുകള്‍ വഴി കിട്ടുന്ന തുകതന്നെ മതിയാവും യുവജനോത്സവങ്ങള്‍ ഭംഗിയായി നടത്താനെന്നു പറയപ്പെടുന്നു. അങ്ങനെവരുമ്പോള്‍ സാമ്പത്തികബാധ്യത പ്രശ്നമാവില്ല. യഥാര്‍ഥ കലാപ്രതിഭകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഉതകുംവിധമുള്ള കലോത്സവ മാന്വലാണ് ഉണ്ടാകേണ്ടത്.