ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ സമരം തുടരുമ്പോള്‍, സംസ്ഥാനത്തു സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികാര നടപടി. കര്‍ഷകരുടെ സമരത്തിനു നേതൃത്വം നല്‍കിയവര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നാണ് കഴിഞ്ഞ ദിവസം സാംബലിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റും പൊലിസും നോട്ടിസയച്ചത്. ഇതു വലിയ വിവാദമായതോടെ, വ്യക്തിഗത ബോണ്ടുകളുടെ തുക അന്‍പതിനായിരം രൂപയാക്കി കുറച്ചിട്ടുണ്ടെന്നു വ്യക്തമാക്കി പൊലിസ് രംഗത്തെത്തി. എന്നാല്‍, പ്രതികാര നടപടിക്കെതിരേ പ്രതിഷേധം ഉയരുകയാണ്.
ഭാരതീയ കിസാന്‍ യൂനിയന്റെ ആറു നേതാക്കള്‍ ഓരോരുത്തരും 50 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു നിര്‍ദേശം. നോട്ടിസില്‍ 50 ലക്ഷം എന്നു തെറ്റായി രേഖപ്പെടുത്തിയതാണെന്നും 50,000 രൂപയാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു പിന്നാലെ പൊലിസിന്റെ വിശദീകരണം. മറ്റു പത്തു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കാനാവശ്യപ്പെട്ടും നോട്ടിസയച്ചിരുന്നു. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു കര്‍ഷക സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചത്. ജയിലില്‍ പോകേണ്ടിവന്നാലും ഈ പണം കെട്ടിവയ്ക്കില്ലെന്നും അവര്‍ പ്രതികരിച്ചു.
മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തവരോടും യു.പി സര്‍ക്കാര്‍ സമാന രീതിയില്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. സമരങ്ങളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ഫോട്ടോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്. ഈ നടപടി കോടതികളുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ഷക നേതാക്കള്‍ക്കെതിരേയും നടപടി തുടങ്ങിയിരിക്കുന്നത്.
Comments are closed for this post.