2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കരിപ്പൂര്‍ ഭൂമിയേറ്റെടുക്കല്‍: സംശയങ്ങള്‍ ഏറെ


കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി രണ്ടാംഘട്ടം ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടിരിക്കുകയാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കയായിരുന്നു പ്രതിഷേധങ്ങളുടെ അടിസ്ഥാനം. അത് തള്ളിക്കളയുവാനും പറ്റുന്നതല്ല. നേരത്തേ ഭൂമി വിട്ടുനല്‍കിയവരില്‍ പലര്‍ക്കും നഷ്ടപരിഹാരം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ അവരുടെ ഭയപ്പാടുകള്‍ അസ്ഥാനത്തല്ല. ഭൂമിയേറ്റെടുക്കുന്നതിനും വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ 14063 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന വിവരമൊന്നും ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്ക ശമിപ്പിക്കുന്നതല്ല.

ഭൂമി നഷ്ടപ്പെടുന്നവരോട് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പിലാകാത്ത സ്ഥിതിക്ക് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജ് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നാണ് സമരസമിതിയുടെ നിലപാട്. നേരത്തേ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക നല്‍കാതെ റണ്‍വേ വികസനത്തിനെന്ന വ്യാജേന ബലമായി ഭൂമിയേറ്റെുക്കുവാന്‍ സമ്മതിക്കുകയില്ല എന്നതാണ് സമരസമിതിയുടെ നിലപാട് എന്നിരിക്കെ, നേരത്തേ നല്‍കാനുള്ള നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ത്ത് രണ്ടാംഘട്ട ഭൂമിയേറ്റെടുക്കല്‍ അനിവാര്യമാണോ എന്ന് വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ് വേണ്ടത്.

നേരത്തേ ഏറ്റെടുത്ത ഭൂമിയില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്താതെ തരിശായി ഇട്ടിരിക്കുന്നത് സമരസമിതി ചൂണ്ടിക്കാണിക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഹ്വലതകള്‍ക്ക് അടിസ്ഥാനമുണ്ട്. റണ്‍വേ വികസനത്തിനാവശ്യമായ ഭൂമിയില്ലെന്ന ന്യായം പറഞ്ഞ് രാജ്യത്തെ ഏറ്റവുമധികം വരുമാനമുള്ള വിമാനത്താവളത്തിന്റെ ‘കഥ കഴിക്കുവാന്‍’ അവസരം പാര്‍ത്തിരിക്കുന്നവരുടെ താല്‍പര്യങ്ങളാണ് അന്വേഷിക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളം നഷ്ടപ്പെടുന്നതിന്റെ ആക്കം കൂട്ടാനാണ് റണ്‍വേ ബലക്ഷയം പറഞ്ഞ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സര്‍വിസ് വീണ്ടും ആരംഭിക്കണമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവ്യോമയാന മന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിട്ടുപോലും അനുകൂലമായ സമീപനം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും ഉണ്ടാകാതിരിക്കുന്നതില്‍ നിന്നുതന്നെ വിമാനത്താവളം നഷ്ടപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ലോബി അത്രമാത്രം ശക്തമാണെന്നാണ് മനസിലാക്കാം.

2015 മെയ് ഒന്നുമുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് അതോറിറ്റി പ്രവേശനം നിഷേധിച്ചത്. ഗള്‍ഫ് നാടുകളിലേക്കുള്ള വലിയ വിമാനങ്ങള്‍ നിരോധിച്ചതിലൂടെ അത്രയും യാത്രക്കാരെ സ്വകാര്യ വിമാനത്താവളമായ നെടുമ്പാശ്ശേരിയിലേക്കും മുംബൈയിലേക്കും എത്തിക്കുവാന്‍ കഴിഞ്ഞത് ലോബിയുടെ വിജയം തന്നെയാണ്. ജിദ്ദ, റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രികര്‍ മറ്റുവിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്്. ഇതുവഴി കോടികളുടെ നഷ്ടമാണ് കരിപ്പൂരിനുണ്ടാകുന്നത്. റണ്‍വേയുടെ ബലക്ഷയം പറഞ്ഞായിരുന്നു ഇതെല്ലാം ഒപ്പിച്ചെടുത്തത്.

എട്ടുമാസം കൊണ്ട് റണ്‍വേ ബലക്ഷയം തീര്‍ക്കാമെന്നായിരുന്നു എയര്‍പോര്‍ട്ട് വിമാനക്കമ്പനികള്‍ക്ക് വാക്കുനല്‍കിയിരുന്നത്. 18 മാസം കഴിഞ്ഞിട്ടും റണ്‍വേ ബലക്ഷയം പൂര്‍ത്തിയാകാത്തതിന്റെ പിന്നില്‍ കള്ളക്കളികളാണ് നടക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും വേണ്ട. ഇപ്പോഴത്തെ റണ്‍വേ ഉപയോഗപ്പെടുത്തി 278 യാത്രക്കാരെ ഉള്‍ക്കൊള്ളിച്ച് സര്‍വിസ് നടത്താന്‍ തങ്ങള്‍ തയാറാണെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചതാണ്. പക്ഷേ, അതോറിറ്റി വഴങ്ങിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന, യാത്രികരുടെ സുരക്ഷയില്‍ അതീവശ്രദ്ധയുള്ള പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് സര്‍വിസ് നടത്താന്‍ തയാറായിട്ടുപോലും അതോറിറ്റി വകവെക്കാതെ റണ്‍വേ വികസനത്തിന്റെ പേരില്‍ പിന്നെയും ഭൂമി ആവശ്യപ്പെടുന്നതിന്റെ പിന്നില്‍ തീര്‍ച്ചയായും സ്ഥാപിത താല്‍പര്യങ്ങളാണുള്ളത്.

റണ്‍വേ നവീകരണത്തിനായി കോടികള്‍ ചെലവഴിച്ചതിന് ശേഷം റണ്‍വേ നീളം കൂട്ടണമെന്നു പറയുന്നതിലെ യുക്തിയാണ് മനസിലാകാത്തത്. റണ്‍വേ നീളം കൂട്ടാനായിരുന്നു പദ്ധതിയെങ്കില്‍ പിന്നെയെന്തിനു ബലക്ഷയം പരിഹരിക്കുവാന്‍ കോടികള്‍ ധൂര്‍ത്തടിച്ചു? ഇതിനൊന്നും എയപോര്‍ട്ട് അതോറിറ്റിക്ക് ഉത്തരമില്ല. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നിരോധിച്ചതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 104 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കരിപ്പൂരില്‍ ഉണ്ടായത്. ചരക്കുനീക്കത്തില്‍ ഏറെ മുന്‍പന്തിയിലായിരുന്ന ഈ വിമാനത്താവളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്യമായ കയറ്റുമതികളൊന്നും നടക്കുന്നുമില്ല. 14 വര്‍ഷമായി വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസ് നടത്തുവാന്‍ തുടങ്ങിയിട്ട്.

ഇതിനിടയിലൊന്നും പറയത്തക്ക പ്രയാസങ്ങളോ, ലാന്റിങിലോ ടേക്ക് ഓഫിലോ പിഴവുകളോ സംഭവിച്ചിട്ടില്ല. എന്നാല്‍ അതൊന്നും എയര്‍പോര്‍ട്ട് അതോറിറ്റിയെ ഭൂമിയേറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാന്‍ ഭൂമി ഇനിയും വേണമെന്ന കടുംപിടുത്തത്തിലാണവര്‍. നേരത്തേ അളന്നെടുത്ത ഭൂമി എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിനും അവര്‍ക്ക് ഉത്തരമില്ല. രാജ്യത്തെ ഇതരവിമാനത്താവളങ്ങള്‍ക്കൊന്നും ഇല്ലാത്ത നിബന്ധനകളും നിയമങ്ങളും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യമാണ് തിരിച്ചറിയപ്പെടേണ്ടത്. അമേരിക്കയിലെ വിമാനത്താവളങ്ങള്‍ക്ക് പോലും കരിപ്പൂരിലുള്ളത് പോലുള്ള നിബന്ധനകളൊന്നുമില്ലെന്നും ഇത്തരുണത്തില്‍ അറിയേണ്ടതുണ്ട്.

ഇപ്പോഴത്തെ അവസ്ഥയില്‍ ഒരേസമയം വലിയ മൂന്ന് വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ലാന്റിങ് നടത്തുവാനും ടേക്ക് ഓഫ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. പത്തിലധികം ചെറിയ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതൊന്നും പോരാഞ്ഞ് പിന്നെയും റണ്‍വേ നീട്ടണമെന്നു പറഞ്ഞ് പാവങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. റണ്‍വേ വികസനത്തിന്റെ പേരുപറഞ്ഞ് തീവെട്ടിക്കൊള്ളക്കും കരിപ്പൂര്‍ വാമനത്താവള നഷ്ടത്തിനുമാണ് ഇതിനു പിന്നിലെ ശക്തികള്‍ ശ്രമിക്കുന്നത്. രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭൂമിയുടെ മുഴുവന്‍ വിലയും നല്‍കുമെന്ന് പറയുന്നതിനോടും യോജിക്കാനാവില്ല. നാട്ടുകാര്‍ പലതവ ണ ചതിക്കപ്പെട്ടതാണ്.

നേരത്തേ ഏറ്റെടുത്ത ഭൂമിയുടെ തുക ഇതുവരെ കിട്ടാത്തവര്‍ ഏറെയാണ്. ഇനി ഭൂമി വിട്ടുകൊടുത്താല്‍തന്നെ റണ്‍വേ നീളം കൂട്ടുന്നതിനായി ഇപ്പോഴത്തെ റണ്‍വേക്കനുസൃതമായി ഉയരം വേണ്ടിവരും. ലക്ഷക്കണക്കിനു ലോഡ് മണ്ണാണ് ഇതിനുവേണ്ടിവരിക. ജില്ലയിലെ മുഴുവന്‍ കുന്നുകളും ഇതിനു വേണ്ടി ഇടിച്ചുനിരത്തി മലപ്പുറം ജില്ലയെ ഒട്ടാകെ നശിപ്പിക്കുക എന്നതായിരിക്കും അനന്തരഫലം. വിമാനത്താവള വികസനമല്ല, വിമാനത്താവള നഷ്ടത്തിനാണ് ഇതിനു പിന്നില്‍ പ്രര്‍ത്തിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. എല്ലാവിധ സൗകര്യങ്ങളോടെയും കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുമ്പോള്‍ കരിപ്പൂരിലെ ഭൂമിക്കു വേണ്ടി കടുംപിടുത്തം പിടിക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആത്മാര്‍ഥതയില്‍ സംശയമുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങളില്‍ രൂഢമൂലമാ യ സംശയങ്ങള്‍ മാറ്റാന്‍ റണ്‍വേ നീളംകൂട്ടുന്നതില്‍ നിന്ന് അതോറിറ്റി പിന്‍മാറി നിലവിലെ റണ്‍വേ ബലപ്പെടുത്തുന്നതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. ഒരുനാടിനെ മുഴുവന്‍ നശിപ്പിക്കുംവിധത്തില്‍ ഐതിഹ്യത്തിലെ വാമനന്‍ ഭൂമി അളന്നെടുത്തതുപോലെ കരിപ്പൂര്‍വാസികളോട് പെരുമാറരുത് എയര്‍പോര്‍ട്ട് അതോറിറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.