2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരകവിഞ്ഞ്…

അശ്‌റഫ് കൊണ്ടോട്ടി
 
കൊണ്ടോട്ടി: മഴ പെയ്യുമ്പോള്‍ ഓട്ടിറമ്പിലെ വെള്ളത്തില്‍ ലിയാന ഫാത്തിമ തത്തിക്കളിക്കും. അപ്പോള്‍ ഉമ്മറക്കോലായില്‍ കിടന്ന് ആറ് മാസം പ്രായമുള്ള ലുബാന ഫാത്തിമ മോണകാട്ടി ചിരിക്കും. കുഞ്ഞനിയത്തിയെ ഓമനിച്ചും താലോലിച്ചും കഴിയുന്നതിനിടെ, മഴ ഒരു ദുരന്തമായി പെയ്തിറങ്ങിയത് ഉറക്കത്തിലായിരുന്നു. അല്ലായിരുന്നെങ്കില്‍ അവള്‍ കുഞ്ഞനിയത്തിയുമായി ജീവിതത്തിലേക്ക് ഓടിയേനേ. പെരുമഴയത്തുണ്ടായ പൈതങ്ങളുടെ ദുരന്തവാര്‍ത്ത കേട്ട് കണ്ണ് നനയാത്തവരില്ല. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാത്തവരും.
 ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കരിപ്പൂര്‍ മാതാകുളം മുണ്ടോട്ട്പുറം ചേനാരിയില്‍ മുഹമ്മദ് കുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് പേരമക്കളായ ലിയാന ഫാത്തിമയും ലുബാന ഫാത്തിമയും ദാരുണമായി മരിച്ചത്. മാതാവ് സുമയ്യക്കൊപ്പമാണ് ഇവര്‍ കിടന്നുറങ്ങിയിരുന്നത്.
 
 സുമയ്യയുടെ സഹോദരി ഹഫ്‌സത്ത് വീട്ടിലേക്ക് ഓടി വന്ന് വാവിട്ട് കരഞ്ഞതോടെ താനും പിതാവ് മുനീറും ചെന്ന് നോക്കുകയായിരുന്നുവെന്ന് സംഭവമറിഞ്ഞ് ദുരന്ത വീട്ടിലേക്ക് ആദ്യം ഓടിയെത്തിയ അയല്‍വാസി പള്ളിയാളി മുസമ്മില്‍ പറഞ്ഞു. ‘നടുക്കുന്ന കാഴ്ചയായിരുന്നു. വീടിന്റെ ഒരുമുറിയാകെ മണ്ണ് മൂടിയിരിക്കുന്നു. ഉടന്‍ മറ്റ് അയല്‍വാസികളെയും വിളിച്ച് വരുത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി. കട്ടിലില്‍ കിടന്നുറങ്ങിയ മൂന്ന് പേരേയും മണ്ണ് പൂര്‍ണമായും മൂടിയിരുന്നു. കല്ലും മണ്ണും നീക്കി ആദ്യം സുമയ്യയെയാണ് പുറത്തെടുത്തത്. ബോധരഹിതയായ അവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതില്‍ ആശ്വാസം. പിന്നീട് ലിയാന ഫാത്തിമയെയാണ് എടുത്തത്. അപ്പോഴേക്കും വൈകിയിരുന്നു. എന്നാല്‍ ചെറിയ കുഞ്ഞ് ലുബാന ഫാത്തിമയ്ക്ക് നേരിയ ജീവന്റെ തുടിപ്പുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് ഓടിയെങ്കിലും അവളും പോയി… എന്നും പുഞ്ചിരിച്ച് വീട്ടില്‍ വരുന്ന ലിയ മോള്‍’ മുസമ്മിലിന്റെ കണ്ണ് ഈറനായി.
 
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം 5.30 ഓടെ മാതാകുളം പുന്നത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. വലക്കണ്ടി പി.എം.എസ്.എ.എം എല്‍.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ലിയാന ഫാത്തിമ. മാതാകുളം റഹ്മാനിയ്യ മദ്‌റയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.