2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരകയറാത്ത വിമാനക്കമ്പനികള്‍

അശ്‌റഫ് കൊണ്ടോട്ടി

 

 

ദുബൈയില്‍ നിന്നു കരിപ്പൂര്‍വഴി തിരുവനന്തപുരത്തേയ്ക്കുള്ള എമിറേറ്റ്‌സ് വിമാനം പുറപ്പെടാന്‍ വൈകി. കരിപ്പൂരില്‍ വിമാനം എത്തുന്നതോടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിയും. കരിപ്പൂരില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള പറക്കല്‍ അനിശ്ചിതത്വത്തിലാകും. യാത്രക്കാര്‍ വലയും. ഇതറിയാവുന്ന പൈലറ്റ് കരിപ്പൂരിലേയ്ക്കുള്ള പറക്കലിനിടയില്‍ത്തന്നെ വിമാനക്കമ്പനി അധികാരികളെ വിവരമറിയിക്കുന്നു.
വിമാനം കരിപ്പൂരിലെത്തിയപ്പോഴേയ്ക്കും മറ്റൊരു വിമാനത്തില്‍ അടുത്ത ഡ്യൂട്ടിക്കുള്ള പൈലറ്റിനെ അധികൃതര്‍ കരിപ്പൂരില്‍ എത്തിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ യാത്രക്കാര്‍ക്ക് ഒരു പ്രയാസവുമുണ്ടാക്കാതെ എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തേയ്ക്കു പറന്നു.
യാത്രക്കാര്‍ക്കു വിദേശ വിമാനക്കമ്പനികള്‍ നല്‍കുന്ന പരിഗണന വ്യക്തമാക്കാനാണ് ഈ കഥ പറഞ്ഞത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇല്ലാത്തതും ഈ ഉത്തരവാദിത്വബോധമാണ്. യാത്രക്കാരാണു തങ്ങളുടെ അന്നദാതാക്കളെന്ന യാഥാര്‍ഥ്യം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തിരിച്ചറിയുന്നില്ല. അതുമൂലം യാത്രക്കാര്‍ ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ നിന്ന് അകലുന്നു. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് അവര്‍ ഇന്ത്യന്‍ വിമാനസര്‍വിസുകളെ ആശ്രയിക്കുന്നത്.
സര്‍വിസിലെ താളപ്പിഴ മുതല്‍ ജീവനക്കാരുടെ പെരുമാറ്റത്തിലെ പരുഷതവരെയുള്ള ആരോപണങ്ങള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു നേരേ ഉണ്ടാകാറുണ്ട്. അവധി തീരുന്നതിന്റെ അവസാന നാള്‍വരെ നാട്ടില്‍നിന്നു തിരിച്ചുപോകുന്ന ഗള്‍ഫ് പ്രവാസിയുടെ തൊഴിലും അതുവഴി ജീവിതവുമാണു സമയത്തിനു സര്‍വിസ് നടത്താത്ത വിമാനക്കമ്പനികള്‍ ഇല്ലാതാക്കുന്നത്. വൈമാനികര്‍ മദ്യപിച്ചു ലക്കുകെട്ടതിന്റെ പേരില്‍ സര്‍വിസ് റദ്ദാക്കേണ്ടി വന്ന വിമാനക്കമ്പനികള്‍ വരെയുണ്ട് ഇവിടെ.
ഗള്‍ഫ് മലയാളികളോടു ചോദിച്ചാല്‍ അതില്‍ ഒരാള്‍ പോലുമുണ്ടാകില്ല ഇന്ത്യന്‍ വിമാനക്കമ്പനികളെക്കുറിച്ചു പരാതിയില്ലാത്തവരായി. അവര്‍ കഴിയുന്നതും ഈ വയ്യാവേലി യാത്ര വേണ്ടെന്നുവയ്ക്കും. ഇതുമൂലം രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ഇന്ത്യയെ വില്‍ക്കാന്‍ വയ്‌ക്കേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. ഓഹരി വില്‍പ്പനയ്ക്കു വച്ചിട്ടും ഈ നഷ്ടഭീമനെ സ്വന്തമാക്കാന്‍ ആരുമെത്തിയില്ലെന്നാണു വസ്തുത.

ചിറകൊടിയുന്ന എയര്‍ഇന്ത്യ
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ആരംഭിച്ച് സ്വാതന്ത്ര്യത്തിന് ശേഷം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായി ഇന്ത്യന്‍ വ്യോമയാന പാതയില്‍ ചിറകടിച്ചുയര്‍ന്ന വിമാന കമ്പനിയാണ് എയര്‍ഇന്ത്യ. എന്നാല്‍ വിമാന കമ്പനിയുടെ ഉദ്യോഗസ്ഥ ലോബിയും, സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും മൂലം എയര്‍ഇന്ത്യയുടെ ചിറകൊടിഞ്ഞിരിക്കുകയാണ്.വര്‍ഷങ്ങളായി നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ് എയര്‍ഇന്ത്യ.2016-2017 ലെ കണക്കുകള്‍ പ്രകാരം വിമാന കമ്പനി 48,876 കോടി രൂപ കടത്തിലാണ്്.ഈ വര്‍ഷം കടം 3500 കോടിയായി വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇതോടെയാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി എയര്‍ ഇന്ത്യ സ്വകാര്യ വല്‍ക്കരിക്കുന്നതിന് അംഗീകാരം നല്‍കിയത്.76 ശതമാനം ഓഹരിയും വാങ്ങാന്‍ താല്‍പര്യമുള്ളവരെ തേടി വ്യോമയാന മന്ത്രാലയം വിജ്ഞാപനവും പുറപ്പെടുവിച്ചു. എന്നാല്‍ എയര്‍ഇന്ത്യ സ്വന്തമാക്കാന്‍ മാസങ്ങളായിട്ടും ആരുമെത്തിയിട്ടില്ല.
എയര്‍ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ചാലും ചില നിബന്ധനകള്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യയെത്തന്നെ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായി നിലനിര്‍ത്തുമെന്നാണ് സര്‍ക്കാറിന്റെ വാഗ്ദാനം.എന്നാല്‍ 76 ശതമാനം സ്വകാര്യവല്‍ക്കരിച്ചാല്‍ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി എന്ന സ്ഥാനം എയര്‍ഇന്ത്യയ്ക്കു നഷ്ടമാകുമെന്ന് തീര്‍ച്ചയാണ്.കോടികളുടെ ബാധ്യതയുള്ള എയര്‍ഇന്ത്യയെ പുനരുദ്ധരിക്കാനുള്ള സകല വഴികളും വിവിധ കാലത്തെ സര്‍ക്കാരുകള്‍ നോക്കിയിരുന്നു. പലതും ഭാഗികമായി വിജയിച്ചെങ്കിലും കടബാധ്യതകളുടെ വര്‍ധന മൂലം ബാധ്യതകള്‍ ഇപ്പോഴും ഏറി വരികയാണ്. സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതാണ്.
1932ല്‍ ജെ.ആര്‍.ഡി.ടാറ്റയെന്ന വ്യവസായി ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് ഇന്ത്യയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് വിമാനക്കമ്പനി സ്ഥാപിച്ചത്. ടാറ്റാ എയര്‍ലൈന്‍സ് 1946ല്‍ എയര്‍ഇന്ത്യയെന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. 1948ല്‍ ഈ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 49 ശതമാനം ഓഹരിയും കേന്ദ്രസര്‍ക്കാര്‍ വാങ്ങി എയര്‍ഇന്ത്യ ഇന്റര്‍നാഷനലെന്ന പേരില്‍ രാജ്യാന്തരസര്‍വിസ് ആരംഭിച്ചു.
1953ല്‍ എയര്‍ കോര്‍പറേഷന്‍ നിയമത്തിലൂടെ എയര്‍ ഇന്ത്യയെ ദേശസാല്‍ക്കരിച്ചു. എയര്‍ഇന്ത്യ ഇന്റര്‍നാഷനല്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നീ രണ്ടു കമ്പനികളാക്കി മാറ്റുകയും ചെയ്തു. 1962ല്‍ എയര്‍ഇന്ത്യ ഇന്റര്‍നാഷനല്‍ എന്ന പേരു വീണ്ടും ചുരുക്കി എയര്‍ഇന്ത്യയെന്നാക്കി. 1953ല്‍ എയര്‍ കോര്‍പറേഷന്‍ ആക്ട് പിന്‍വലിച്ച് ഇരു കമ്പനികളെയും ലിമിറ്റഡ് കമ്പനികളാക്കി. ഇതിനൊപ്പം സ്വകാര്യ വിമാനക്കമ്പനികളെ സര്‍വിസ് നടത്താന്‍ അനുവദിക്കുകയും ചെയ്തു.
2000 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 51 ശതമാനം ഓഹരികളും എയര്‍ഇന്ത്യയുടെ 60 ശതമാനം ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ചു. 2007ല്‍ ഇരുകമ്പനികളും സംയോജിപ്പിച്ചു നാഷനല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ രൂപീകരിച്ചു. 2010ല്‍ വീണ്ടും എയര്‍ഇന്ത്യ ലിമിറ്റഡ് എന്നാക്കി. 2012 ല്‍ സ്വകാര്യവല്‍ക്കരണ നടപടികളുപേക്ഷിച്ച് 30,000 കോടി രൂപയുടെ പത്തുവര്‍ഷം കാലാവധിയുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. രക്ഷയില്ലെന്നു കണ്ടതോടെയാണു കഴിഞ്ഞവര്‍ഷം 76 ശതമാനം സ്വകാര്യവല്‍ക്കരണത്തിനു തീരുമാനിച്ചത്. വില്‍പ്പനയ്ക്കു വച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
ടാറ്റ എയര്‍ലൈന്‍സ് കൈവിട്ട് ഏറെക്കഴിഞ്ഞാണ് ടാറ്റാ ഗ്രൂപ്പ് വിസ്താരയും എയര്‍ഏഷ്യയും രൂപപ്പെടുത്തിയത്. രണ്ടും വിദേശ വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള പങ്കാളിത്തപദ്ധതിയാണ്. ഇതിനിടെ എയര്‍ഇന്ത്യ തിരിച്ചുപിടിക്കാനും ശ്രമിച്ചുനോക്കി. ഖത്തര്‍ എയര്‍വേയ്‌സും നേരത്തേ എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീടു കൈയൊഴിഞ്ഞു.

സാമ്പത്തികഭദ്രതയില്ലാത്ത വിമാനം
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിക്കു വാരിക്കോരി കേന്ദ്രസഹായം ലഭിച്ചുകൊണ്ടിരുന്നു. എന്നിട്ടും കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ എയര്‍ഇന്ത്യക്കു കഴിഞ്ഞില്ല. സര്‍വിസ് ഓപറേഷനിലെ താളപ്പിഴയാണിതിനു കാരണമെന്നാണു വിദഗ്ധര്‍ പറയുന്നത്. വിമാനക്കമ്പനി സ്വകാര്യവല്‍ക്കരിച്ചാലേ ലാഭത്തിലാകൂവെന്നു മുകള്‍ത്തട്ടിലുള്ളവര്‍ തന്നെ ചിന്തിക്കുന്നു. 27,000 ത്തിലേറെ ജീവനക്കാരുണ്ട് എയര്‍ഇന്ത്യയില്‍. സ്വകാര്യവല്‍ക്കരണത്തിനെതിരേ അവര്‍ പോലും ശബ്ദമുയര്‍ത്തിയിട്ടില്ല.
നീതി ആയോഗിന്റെ നിര്‍ദ്ദേശപ്രകാരമാണു കേന്ദ്ര സര്‍ക്കാര്‍ എയര്‍ഇന്ത്യയുടെ പൂര്‍ണസ്വകാര്യവല്‍ക്കരണ നടപടികളിലേയ്ക്കു കടന്നത്. 48,876 കോടി രൂപയുടെ ബാധ്യത എയര്‍ഇന്ത്യക്ക് ഇപ്പോഴുണ്ട്. നാലായിരം കോടി രൂപയുടെ അധികബാധ്യത വര്‍ഷന്തോറുമുണ്ടാകുന്നു. നികുതിദായകരെ പിഴിഞ്ഞ് ഇത്രയും വലിയ ബാധ്യതയ്ക്കു പരിഹാരം കാണേണ്ടെന്നാണു നീതി ആയോഗ് നല്‍കിയത്. എയര്‍ ഇന്ത്യക്ക് 1200 കോടി രൂപയുടെ ബാധ്യത ശമ്പള കുടിശ്ശിക ഇനത്തിലും മറ്റും നല്‍കാനുമുണ്ട്. അതിനാല്‍, ലാഭമുണ്ടാക്കുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ഒഴികെ എയര്‍ ഇന്ത്യയും അഞ്ചു സബ്‌സിഡിയറി കമ്പനികളും സ്വകാര്യവല്‍ക്കരിക്കാനാണു തീരുമാനം.

കടക്കെണിയിലെ ചിറകടി
പലകാലത്തായി വിമാനങ്ങള്‍ വാങ്ങിയ വകയില്‍ 20,000 കോടി രൂപ കുടിശ്ശികയുണ്ട്. പ്രവര്‍ത്തന നഷ്ടം 30,000 കോടി രൂപ വേറെയുമുണ്ട്. ശമ്പളകുടിശ്ശികയുള്‍പ്പെടെ മറ്റു ബാധ്യതകള്‍ 2000 കോടി രൂപ. വാങ്ങുന്നവര്‍ക്ക് ഇത്തരം ബാധ്യതകളോടൊപ്പം ലഭിക്കുന്നതു 43 വിമാനങ്ങളും ആഭ്യന്തര രാജ്യാന്തര സെക്ടറിലെ റൂട്ടുകളും പാര്‍ക്കിങ് സ്ലോട്ടുകളും.
എയര്‍ഇന്ത്യയ്ക്കു മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കറും ഡല്‍ഹിയില്‍ 80 ഏക്കറും സ്ഥലമുണ്ട്. ഇതിനുമാത്രം ഏതാണ്ട് 8000 കോടി രൂപ വിലമതിക്കും. 31 വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇതില്‍ നല്ലൊരു ശതമാനവും പുതിയതും രാജ്യാന്തര നിലവാരമുള്ളതുമാണ്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടന്‍, സിയോള്‍ തുടങ്ങിയ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സ്ലോട്ടുകള്‍ വന്‍ മൂല്യമേറിയതാണ്.

കോടികളുടെ സ്വത്തുക്കളുമായി
എയര്‍ഇന്ത്യ
നഷ്ടക്കച്ചവടത്തിന്റെ പേരില്‍ സ്വകാര്യവല്‍ക്കരിക്കുന്ന എയര്‍ഇന്ത്യയ്ക്ക് സ്വന്തമായി 118 വിമാനങ്ങളുണ്ട്. ഇതില്‍ 77 എണ്ണം സ്വന്തവും 41 എണ്ണം പാട്ടത്തിനെടുത്തവയുമാണ്. ഇതില്‍ 22 എണ്ണം മടക്കി നല്‍കേണ്ടവയാണ്. ബോയിങ് കമ്പനിയുടെ ബി 777, ബി 747, ബി 878, എയര്‍ബസിന്റെ എ 319, എ 320, എ 321, എടിആര്‍ 42, എടിആര്‍ 72 ഇനങ്ങളിലുള്ളതാണ് വിമാനങ്ങള്‍. ഇവയുപയോഗിച്ച് നിലവില്‍ പ്രതിദിനം 375 ആഭ്യന്തര, രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്നുണ്ട്.
അവസാന സാമ്പത്തികവര്‍ഷം 1.8 കോടി യാത്രക്കാരാണ് എയര്‍ഇന്ത്യ വിമാനങ്ങളില്‍ സഞ്ചരിച്ചത്. വിപണിവിഹിതം 2013ല്‍ 19.4 ശതമാനമായിരുന്നത് 2016 ല്‍ 14.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം വിപണിവിഹിതം 13.3 ശതമാനമാണ്. ചെലവു കുറഞ്ഞ ആഭ്യന്തര,വിദേശ സര്‍വിസുകള്‍ നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സര്‍വിസുകള്‍ മാത്രം നടത്തുന്ന അലയന്‍സ് എയര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികള്‍ക്കായി രൂപീകരിച്ച എയര്‍ഇന്ത്യ സാറ്റ്‌സ്, വിമാന അറ്റകുറ്റപ്പണികള്‍ക്കായുള്ള എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസസ്, ചാര്‍ട്ടര്‍ സര്‍വിസുകള്‍ക്കുള്ള എയര്‍ഇന്ത്യ ചാര്‍ട്ടേഴ്‌സ് എന്നീ ഉപകമ്പനികളുമുണ്ട്.

വിമാനക്കമ്പനിയുടെ കെടുകാര്യസ്ഥത
അനാവശ്യ സര്‍വിസ് റദ്ദാക്കലും ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വ നിലപാടും സര്‍ക്കാര്‍ അവഗണനയുമാണ് എയര്‍ഇന്ത്യയുടെ നിലനില്‍പ്പ് ഇല്ലാതാക്കിയത്. വിദേശത്ത് 46 ഓഫിസുകളുള്ള എയര്‍ഇന്ത്യക്ക് മിക്കയിടത്തും സര്‍വിസില്ല. നിരവധി ബുക്കിങ് ഓഫിസുകള്‍ അനാവശ്യമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ 64 സിറ്റി ബുക്കിങ് ഓഫിസുകള്‍ ഇതിനകം അടച്ചുപൂട്ടി.
ഓണ്‍ലൈന്‍ സംവിധാനം വ്യാപകമായതോടെ ടിക്കറ്റ് ബുക്കിങ്, കാന്‍സലേഷന്‍, റീഫണ്ട് തുടങ്ങിയവയ്ക്കായി ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ല. വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെടുത്തി ടിക്കറ്റ് വില്‍പനയും മാര്‍ക്കറ്റിങും കുറഞ്ഞ ചെലവില്‍ നടത്തിയാല്‍ സാമ്പത്തികബാധ്യത കുറയ്ക്കാനാകും. 18 കോടി രൂപ ലാഭിക്കാനാകുമെന്നാണ് നേരത്തേ എയര്‍ ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നത്. എന്നാല്‍, ഇതൊന്നും പ്രാബല്യത്തിലാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. എയര്‍ഇന്ത്യ മാത്രമല്ല ഇന്ത്യയിലെ മറ്റു വിമാനക്കമ്പനികളും ഇന്നും നിലനില്‍പ്പ് പോരാട്ടത്തിലാണ്.

(നാളെ: കടക്കെണിയിലേക്ക് പറന്നിറങ്ങുന്ന സ്വകാര്യ വിമാനക്കമ്പനികള്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.