ലക്‌നൗ: യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരേ അലഹാബാദ് ഹൈക്കോടതി രൂക്ഷമായി പ്രതികരിക്കുകയും മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തതിനു പിന്നാലെ ജയില്‍മോചിതനായ ഡോ. കഫീല്‍ഖാന്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.
ജയിലില്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ വിഷമിപ്പിച്ചെന്നും അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭ്യമാക്കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൊരക്പൂരിലെ ആശുപത്രിയിലുണ്ടായ ദുരന്തത്തെ തുടര്‍ന്നു താന്‍ യു.പി സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായതു മുതലുള്ള യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കുകയാണ് അദ്ദേഹം.
ജയിലില്‍വച്ച് തന്റെ അനുഭവങ്ങള്‍ എഴുതിയെന്നും പുസ്തകമാക്കി മാറ്റുന്നതിന് ചില നടപടികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും പറഞ്ഞ അദ്ദേഹം, ജയിലിലെ ചില അനുഭവങ്ങളും മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ തന്നെ അവര്‍ ഇല്ലാതാക്കിയേനേയെന്നും അഞ്ചു ദിവസത്തോളം തനിക്കു ജയിലില്‍ ഭക്ഷണവും വെള്ളവും നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു.
530 പേരെമാത്രം ഉള്‍ക്കൊള്ളുമായിരുന്ന സ്ഥലത്ത് 1,600 പേരാണ് ജയിലിലുണ്ടായിരുന്നത്. ഇവര്‍ക്കായി ഒരു ടോയ്‌ലറ്റ് മാത്രമായിരുന്നുവേ്രത സജ്ജീകരിച്ചിരുന്നത്. ജയിലിലെ സ്ഥിതി ശോചനീയമായിരുന്നെന്നും ഗൊരക്പൂരിലെ ആശുപത്രിയില്‍ നടന്ന കാര്യങ്ങള്‍ എന്തെന്നതിനെക്കുറിച്ച് സഹ തടവുകാരോട് പറയുന്നതില്‍നിന്നു തന്നെ വിലക്കിയിരുന്നെന്നും യു.പി സര്‍ക്കാരിനെ മറിച്ചിടാന്‍വരെ താന്‍ ശ്രമിച്ചെന്നുവരെ അവര്‍ ആരോപണമുയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
യു.പിയില്‍നിന്നു കുറച്ചുകാലത്തേയ്ക്കു മാറിനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, തന്നെ ഇനിയും കേസില്‍ കുടുക്കാന്‍ സാധ്യതയുണ്ടെന്നു കഫീല്‍ഖാന്‍ പറഞ്ഞിരുന്നു.
Comments are closed for this post.