
ബംഗളൂരു: ഐ.പി.എല്ലിലെ കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ചിന്നസ്വാമിയിലെ റണ്ണൊഴുകുന്ന പിച്ചില്‍ നടക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ടീമും ബാറ്റിങ് ടീമും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് പ്രത്യേകത. ഇരുവരും ആദ്യ കിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. ആരു ജയിച്ചാലും ഐ.പി.എല്ലിന് പുതിയൊരു ജേതാവിനെ ലഭിക്കും. വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂരില്‍ വമ്പനടിക്കാരുടെ ഒരു സംഘം തന്നെയുണ്ട്. എന്നാല്‍ ഹൈദരാബാദ് ടീമില്‍ ഏതു സാഹചര്യത്തിലും പന്തെറിയാന്‍ സാധിക്കുന്നവരും ഉണ്ടെന്നത് മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പതറി നിന്ന ബാംഗ്ലൂരിനെ നായകന് വിരാട് കോഹ്ലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഫൈനലിലെത്തിച്ചത്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറജ് ക്യാംപിന് ഉടമ കൂടിയാണ് കോഹ്ലി. 919 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. അവസാനത്തെ ഏഴു കളിയില്‍ തോല്‍വിയെന്തെന്ന് ടീം അറിഞ്ഞിട്ടില്ല. ഈ ജയങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ കോഹ്ലിയുണ്ടായിരുന്നു. എന്നാല്‍ സെമിയിലെ നിര്‍ണായക പോരില്‍ താരത്തിന് കാലിടറി. എന്നാല്‍ കോഹ്ലി മാത്രമല്ല ടീമില്‍ വേറെയും മാച്ച് വിന്നര്‍മാരുണ്ട് എന്ന് തെളിയിക്കാന്‍ ഈ മത്സരത്തില്‍ സാധിച്ചു. എ.ബി ഡിവില്ല്യേഴ്സാണ് ടീമിലെ മറ്റൊരു വമ്പടിക്കാരന്. സെമിയില്‍ ഗുജറാത്തിനെതിരായ ആദ്യ പോരാട്ടത്തില്‍ ടീമിനെ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഡിവില്ല്യേഴ്സ് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. 15 കളിയില്‍ നിന്ന് 682 റണ്‍സാണ് ഡിവില്ല്യേഴ്സിന്റെ സമ്പാദ്യം. സീസണില്‍ ആറു അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഫൈനലിലും സെമിയിലെ പ്രകടനത്തിന് സമാനമായ പ്രകടനം ഡിവില്ല്യേഴ്സില് നിന്ന് ടീം പ്രതീക്ഷിക്കുന്നുണ്ട്.
ക്രിസ് ഗെയ്ലിന്റെ മോശം ഫോം ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെങ്കില്‍ അടിയന്തര ഘട്ടത്തില്‍ താരം ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷ കോഹ്ലിക്കുണ്ട്. മധ്യനിരയില്‍ ലോകേഷ് രാഹുല്‍, ഷെയ്ന് വാട്സന് എന്നിവരും വമ്പന്‍ ഇന്നിങ്സ് കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ മറുവശത്ത് ഹൈദരാബാദ് ടീമില്‍ മുസ്താഫിസുര്‍ റഹ്മാനെന്ന മികച്ച ബൗളറുടെ സാന്നിധ്യം ടീമിനെ മുന്‍ നിരയില്‍ നിര്‍ത്തുന്നു. എന്നാല്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ മുസ്താഫിസുര്‍ കളിച്ചിരുന്നില്ല. ഫൈനലില്‍ താരം കളിക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല. മുസ്താഫിസുര്‍ കളിച്ചിട്ടില്ലെങ്കില്‍ ട്രെന്‍ഡ് ബൂള്‍ട്ട് പകരക്കാരനാവും. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍ പന്തിയിലുള്ള താരം. 23 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മോയ്സസ് ഹെന്റിക്സ്, ബരീന്ദര്‍ സ്രാന്‍, ബിപുല്‍ ശര്‍മ എന്നിവരും മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്നവരാണ്. ബാറ്റിങില്‍ നായകന് ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഗുജറാത്തിനെതിരേ ടീമിന് ജയം സമ്മാനിച്ചതും വാര്‍ണറുടെ ഇന്നിങ്സാണ്. യുവരാജ് സിങ്, ദീപക് ഹുഡ എന്നിവരും ഫോമിലാണ്. ഇവരൊക്കെ കലാശപ്പോരില്‍ മികവിലേക്കുയര്‍ന്നാല്‍ ടീമിന് ജയിക്കാന്‍ സാധിക്കും.
അതേസമയം ടോസ് നേടിയവര്‍ ആദ്യം ബാറ്റ് ചെയ്യാനാണ ്സാധ്യത. സെമിയില്‍ ഒരുക്കിയ പിച്ച് ആയിരിക്കില്ല ഇതെന്നും റിപ്പോര്‍ട്ടുണ്ട്.