2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂര്‍ വിമാനത്താവളം വഴി ദേശീയപാതയ്ക്ക് അനുമതി

 

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളം വഴി ചൊവ്വ- മട്ടന്നൂര്‍- കൂട്ടുപുഴ- വളവുപാറ- മാക്കൂട്ടം- വിരാജ്‌പേട്ട- മടിക്കേരി- മൈസൂരു റോഡിന്റെ കേരളത്തിലെ ഭാഗം ദേശീയപാതയായി ഉയര്‍ത്താന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കിലോമീറ്റര്‍ റിങ് റോഡ് നിര്‍മിക്കുന്നതിനും തത്ത്വത്തില്‍ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യത കൂടി കണക്കിലെടുത്താകും പുതിയ പദ്ധതി വികസിപ്പിക്കുക. 4,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകും പുതിയ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി നാഷനല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ തുടര്‍ചര്‍ച്ച നടക്കും. പദ്ധതിയില്‍ മാറ്റംവരുത്തിയ വിശദ പദ്ധതി റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലൂടെയുള്ള 11 റോഡുകള്‍ കേന്ദ്രത്തിന്റെ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.
കേരളത്തിലെ 12 റോഡുകള്‍ നാഷനല്‍ ഹൈവേകളായി പ്രഖ്യാപിക്കാന്‍ ഹൈവേ അതോറിറ്റി തത്ത്വത്തില്‍ അനുമതി നല്‍കിയതനുസരിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അലൈന്‍മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുതിയ റോഡുകള്‍ ഉടന്‍ അപ്‌ഗ്രേഡ് ചെയ്യില്ലെന്ന് അതോറിറ്റി അറിയിച്ചിരുന്നു. തുടര്‍ന്ന് തിരക്കു കൂടുതലുള്ള റോഡുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതു സംബന്ധിച്ച് ഹൈവേ മന്ത്രാലയ സെക്രട്ടറിയുമായി കൊച്ചിയിലും ചര്‍ച്ച നടത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി ജോയ്, കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ സഞ്ജയ് ഗാര്‍ഗ് എന്നിവരും കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.