പാപ്പിനിശേരി (കണ്ണൂർ) • പാപ്പിനിശേരിയിൽ റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ അപായപ്പെടുത്താൻ ശ്രമം. ചൊവ്വാഴ്ച രാത്രി 9.30ന് മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് കടന്ന് പോയതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്.
മലബാർ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് വൻദുരന്തം ഒഴിവായത്. പാപ്പിനിശേരി മേൽപ്പാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിലാണ് കല്ലുകൾ നിരത്തിയത്. തീവണ്ടി ഓടുന്നതിനിടെ അസ്വാഭാവിക ശബ്ദവും ഞെരുക്കവും കേട്ടതിനെ തുടർന്ന് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പരിശോധിച്ചപ്പോഴാണ് ഒരു ട്രാക്കിൽ മൂന്ന് മീറ്ററോളവും തൊട്ടടുത്ത ട്രാക്കിൽ 10മീറ്ററോളവും കരിങ്കൽ ചീളുകൾ നിരത്തിവെച്ചതായി കണ്ടത്. ട്രെയിൻ കയറി കുറച്ചു കല്ലുകൾ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു.
ലോക്കോ പൈലറ്റ് റെയിൽവേ പൊലിസിലും വളപട്ടണം പൊലിസ് സ്‌റ്റേഷനിലും വിവരം അറിയിച്ചു. തുടർന്ന് വളപട്ടണം പൊലിസും കണ്ണൂരിൽ നിന്നുള്ള ആർ.പി.എഫ് സംഘവും സ്ഥലത്ത് വിശദ പരിശോധന നടത്തി.
ഇത് രണ്ടാം തവണയാണ് പ്രദേശത്തെ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ കാണുന്നത്.
Comments are closed for this post.