2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കണ്ണൂരിനൊപ്പം നാദാപുരത്തും സമാധാനം പുലരണം


കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം അഭിപ്രായ ഐക്യത്തോടെ പിരിഞ്ഞതു സ്വാഗതാര്‍ഹമാണ്. കണ്ണൂരില്‍ അക്രമം കാണിക്കുന്നവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളെ ആള്‍ക്കൂട്ടം ബലം പ്രയോഗിച്ചു പൊലിസ് സ്റ്റേഷനുകളില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുന്ന പ്രവണതകള്‍ക്കും വീടുകളും പാര്‍ട്ടി ഓഫിസുകളും കയറിയുള്ള ആക്രമണങ്ങള്‍ക്കും അറുതി വരുത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരമാണ്.
ബോംബ് നിര്‍മാണവും ആയുധനിര്‍മാണവും കണ്ണൂരില്‍ വ്യാപകമാണ്. ഇതുസംബന്ധിച്ചു പരിശോധന നടത്തുമ്പോഴും ആയുധങ്ങളും ബോംബുകളും പിടിച്ചെടുക്കുമ്പോഴും അറസ്റ്റിലാകുന്നവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുന്ന പതിവു കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. ഇതിനെതിരേ മുഖംനോക്കാതെ നടപടികളുണ്ടായാല്‍ത്തന്നെ കണ്ണൂരിന്റെ നഷ്ടശാന്തിയും സമാധാനവും ഒരു പരിധിയോളം തിരികെ പിടിക്കാനാകും.
അക്രമം തടയാന്‍ വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ നിര്‍ദേശിച്ച നടപടികളെല്ലാം മുഖ്യമന്ത്രി അംഗീകരിച്ചതു കണ്ണൂരില്‍ ശാശ്വതമായ സമാധാനം കൈവരണമെന്ന അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ ആഗ്രഹംകൊണ്ടുതന്നെയായിരിക്കണം. കണ്ണൂരിന്റെ പഴയ ശാന്തിയും സമാധാനവും വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്ക് അക്കാര്യത്തില്‍ അഭിമാനിക്കാം.
കണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ഏറിയ പങ്കുമുണ്ടാവുന്നതു സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ്. അതിലൊരു കക്ഷിയുടെ നേതാവ് കേരളത്തിന്റെ ഭരണാധികാരിയായി വന്നതിനെത്തുടര്‍ന്നു കണ്ണൂരില്‍ സംഘര്‍ഷങ്ങള്‍ക്കു പരിസമാപ്തി കുറിക്കുവാന്‍ കഴിയുകയെന്നതു രാഷ്ട്രീയമായിത്തന്നെ സി.പി.എമ്മിനു നേട്ടമായിരിക്കും. ചോരകൊണ്ടു കണക്കുതീര്‍ക്കുന്നതാണു കണ്ണൂര്‍ രാഷ്ട്രീയം. കണ്ണൂരിന്റെ വികസനപ്രവര്‍ത്തനങ്ങളും വികസനപ്രതീക്ഷകളുമെല്ലാം ഈ ചോരക്കളിയില്‍ മുങ്ങിപ്പോകുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമ്പോള്‍ കണ്ണൂര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യാന്തരവിമാനത്താവളവും അഴീക്കല്‍ തുറമുഖവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള ഫാര്‍മ പാര്‍ക്കുമൊക്കെ യാഥാര്‍ഥ്യമാവും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 500 കോടിയാണു നീക്കിവച്ചത്.
അതൊക്കെയും പ്രാവര്‍ത്തികമാവണമെങ്കില്‍ രാഷ്ട്രീയസമചിത്തതയും വിവേകവുമാണുണ്ടാകേണ്ടത്. അഭിപ്രായവ്യത്യാസങ്ങള്‍ ചോരകൊണ്ടു തീര്‍ക്കുന്ന കണ്ണൂരിന്റെ പതിവു രാഷ്ട്രീയശൈലിക്ക് അവസാനം കുറിക്കുവാന്‍ കഴിഞ്ഞദിവസം വിവിധ രാഷ്ട്രീയകക്ഷികള്‍ ഐക്യപ്പെട്ടതു വിജയത്തിലെത്തിക്കണം. നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കണ്ണൂരിന്റെ മുമ്പിലുണ്ട്. കൈത്തറി ഒരു കാലത്തു കണ്ണൂരിന്റെ കുത്തകയായിരുന്നു. അതുപോലുള്ള പരമ്പരാഗതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനു കണ്ണൂരില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഇല്ലാതാകണം. അതുപോലെത്തന്നെ കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിലും സമാധാനം കൈവരേണ്ടതുണ്ട്.
മതനിരപേക്ഷത കേരളീയതയുടെ മുഖമുദ്രയാണ്. അത്തരമൊരു വിചാരത്തിനു ശക്തി പകരുംവിധമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നത്. ചില കല്ലുകടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നതു ദൗര്‍ഭാഗ്യകരമാണ്.
സി.പി.എമ്മിന്റെ ചിരിക്കുന്ന മുഖമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍നിന്നും കേരളം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു പാടത്ത് പണിക്ക് വരമ്പത്തു കൂലിയെന്ന പയ്യന്നൂര്‍ പ്രസംഗം. ഇതിനെത്തുടര്‍ന്നാണു സി.പി.എം അക്രമികള്‍ നാദാപുരത്തെ തൂണേരി, കണ്ണങ്കൈ, കല്ലാച്ചിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമെന്ന യുവാവിനെ വെട്ടിക്കൊന്നത്.
ഈ കേസന്വേഷണം ഇപ്പോഴും ഇഴയുകയാണ്. മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ വാക്കു നല്‍കിയ മുഖം നോക്കാതെയുള്ള നടപടി അസ്‌ലമിന്റെ വധാന്വേഷണത്തിലും എത്തേണ്ടതുണ്ട്. ടി.പി ചന്ദ്രശേഖരന്റെ വധത്തെ അനുസ്മരിപ്പിക്കുംവിധമുള്ള വെട്ടുകളായിരുന്നു അസ്‌ലമിന്റെ ശരീരത്തിലുണ്ടായിരുന്നത്. കണ്ണൂരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ശാന്തിയും സമാധാനവും സമീപപ്രദേശങ്ങളിലുമുണ്ടാകണം. എങ്കില്‍മാത്രമേ സര്‍വകക്ഷി യോഗം ഉദ്ദേശിച്ച ഫലം കൈവരൂ. മാശാ അല്ലാഹ് എന്ന സ്റ്റിക്കര്‍ പതിച്ച് ആളുകളെ കൊല്ലാന്‍ പ്രേരണനല്‍കുന്ന ചേതോവികാരം സി.പി.എം പറഞ്ഞുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയ്ക്ക് ഒട്ടും യോജിക്കുന്നതല്ല. കണ്ണൂരിലെ സമാധാനത്തോടൊപ്പം കല്ലാച്ചിയിലും തൂണേരിയിലും നാദാപുരത്തും സമാധാനത്തിന്റെ പൊന്‍പുലരികളുണ്ടാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.