2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കണ്ടുപഠിക്കണം ഈ ഭരണാധികാരിയെ

ഹാമിദ് ബിന്‍ ഹംസ

റോം സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കും വിധം സത്വതാല്‍പര്യങ്ങള്‍ക്കും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കും മാത്രമായി ചുരുങ്ങുന്ന സമകാലിക രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ നിന്നു വ്യതിരിക്തമായി ലോക ജനതയുടെ ഹൃദയം കീഴടക്കുകയാണ് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
തന്റെ പതിനെട്ടാം വയസിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
നജ്മത്തിന്‍ എര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുകയും 1994 മാര്‍ച്ചില്‍ ഇസ്താംബൂള്‍ നഗരസഭയിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടി നഗരസഭയുടെ മേയറായ ഉര്‍ദുഗാന്‍ വളരെ വികസനാത്മകമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്.
ഈ ചുവടുവയ്പ്പായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചകള്‍ക്ക് നിദാനമായത്. ‘ഞാന്‍ ഒപ്പിടാനുള്ള ഫയലുകള്‍ മേശപ്പുറത്ത് ഉണ്ടായിരിക്കെ ഞാന്‍ ഉറക്കത്തിലേക്ക് പോവുകയില്ല. അഥവാ ഞാന്‍ മരണപ്പെടുകയാണെങ്കില്‍ ഒരു ഫയല്‍ പോലും നോക്കാതെ ബാക്കിയുണ്ടാവാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് എന്റെ ജനങ്ങള്‍ക്ക് വിഷമമാകു’മെന്ന് വേവലാതിപ്പെട്ട മറ്റൊരു ഭരണാധികാരി ഇന്ന് ലോകത്തുണ്ടാവില്ല.
മര്‍ദിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്ത് ഇതര രാഷ്ട്ര നേതാക്കളില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് അദ്ദേഹം.
2011ല്‍ ആഫ്രിക്കയിലുണ്ടായ വരള്‍ച്ചയുടെ ഘട്ടത്തില്‍ 120 ലക്ഷത്തോളം ജനങ്ങള്‍ ദുരിതക്കയത്തിലകപ്പെട്ട സന്ദര്‍ഭത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ അവഗണിച്ചപ്പോള്‍ അവിടെ തന്റെ പത്‌നിയേയും മന്ത്രിമാരേയും കൂട്ടി സന്ദര്‍ശനം നടത്തുകയും ശ്രദ്ധേയമായ സഹായഹസ്തങ്ങളുടെ സാഗരം തീര്‍ത്ത് അശരണരുടെ അത്താണിയാവുകയുമായി ഉര്‍ദുഗാന്‍.
ഫലസ്തീന്‍, റോഹിംഗ്യ, സിറിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ക്രൂരതകള്‍ക്കെതിരേ ശക്തമായി പോരാടുന്ന വ്യക്തിയാണദ്ദേഹം. ജറൂസലം തലസ്ഥാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു.
മ്യാന്‍മറിലെ ഭരണ ക്രൂരതകള്‍ക്കെതിരേ സൈന്യത്തെ ഇറക്കുകയും കോടികളുടെ സഹായമെത്തിക്കുകയും സിറിയയുടെ സമാധാനത്തിനുവേണ്ടി ബശ്ശാറുല്‍ അസദെന്ന ഏകാധിപതിക്കെതിരേ ആശാവഹമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സമാധാനത്തിന്റെ തുരുത്തായി മാറുകയുമാണ് തുര്‍ക്കിയുടെ ജനകീയ നേതാവ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.