2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കണ്ടറിഞ്ഞുണരുന്നവര്‍

നിസ്‌കാരത്തിനു സമയമാകുംമുമ്പേ അംഗസ്‌നാനം ചെയ്യുന്ന വയോധികയോട് അദ്ദേഹം ചോദിച്ചു:
”വാങ്കു വിളിച്ചോ?”
വയോധികയുടെ മറുപടി ഇതായിരുന്നു:
”അല്ലാഹു എന്നെ വിളിക്കുന്നതിനു മുമ്പുതന്നെ ഞാനവനിലേക്കു പോവുകയാണ്.”
പറഞ്ഞതുകൊണ്ട് ചെയ്യുന്നതും പറയാതെതന്നെ ചെയ്യുന്നതും തമ്മില്‍ അന്തരമുണ്ട്. പറഞ്ഞതുകൊണ്ടുള്ള ചെയ്തിയുടെ പ്രചോദനം പുറത്തുനിന്നാണു വരുന്നത്. കണ്ടറിഞ്ഞുള്ള ചെയ്തിയുടെ പ്രചോദനം അകത്തുനിന്നാണ് ഉണരുന്നത്. പുറത്തുനിന്നു കിട്ടുന്ന പ്രചോദനത്തെക്കാള്‍ അകത്തുനിന്നുയരുന്ന പ്രചോദനത്തിനു വീര്യം കൂടും. ശബ്ദിക്കരുതെന്ന നിര്‍ദേശമുള്ളതുകൊണ്ട് മൗനംപാലിക്കുന്നവനെ പോലെയല്ലല്ലോ ഔചിത്യം മനസിലാക്കി മൗനംപാലിക്കുന്നവന്‍. ഒന്നാമന്‍ സ്വയം മൗനിയായവനല്ല, മൗനിയാക്കപ്പെട്ടവനാണ്. രണ്ടാമന്‍ മൗനിയാക്കപ്പെട്ടവനല്ല, സ്വയം മൗനിയായവനാണ്. ഒന്നാമന്‍ നിയമം കര്‍ശനമായതുകൊണ്ട് ഹെല്‍മെറ്റ് ധരിക്കുന്നവന്‍. രണ്ടാമന്‍ സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹെല്‍മെറ്റ് ധരിക്കുന്നവന്‍. ഒന്നാമനെ നിയമങ്ങള്‍ ഭരിക്കുമ്പോള്‍ രണ്ടാമനെ സ്വന്തം ബോധ്യങ്ങളും തിരിച്ചറിവുകളും വഴിനയിക്കുന്നു.

കണ്ടറിഞ്ഞു കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ എവിടെയും പ്രശംസിക്കപ്പെടും. അവര്‍ക്കു വേഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും. അവരുടെ സാന്നിധ്യം ആരും കൊതിക്കും. അവര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുന്ന അവസ്ഥ അത്യപൂര്‍വം. ജോലിയില്‍നിന്ന് അവര്‍ പിരിച്ചുവിടപ്പെടുകയില്ല. അവര്‍ കൂലിക്കൊപ്പിച്ചു ജോലി ചെയ്യുന്നവരല്ല, സാധ്യതകള്‍ ഉപയോഗപ്പെടുത്തി സേവനം ചെയ്യുന്നവരാണ്. ജോലിയെ അവര്‍ സേവനം എന്നായിരിക്കും വിളിക്കുക. ക്ലോക്കില്‍ നോക്കിയല്ല, ഔചിത്യം നോക്കിയായിരിക്കും അവരുടെ കര്‍മങ്ങള്‍.
പാഠഭാഗം പഠിച്ചുവരാന്‍ പറഞ്ഞതുകൊണ്ട് പഠിച്ചുവരുന്ന വിദ്യാര്‍ഥികളുണ്ട്. പറയാതെ തന്നെ പഠിച്ചുവരുന്ന വിദ്യാര്‍ഥികളുമുണ്ട്. എന്നാല്‍ പറയാതെതന്നെ പഠിച്ചുവരുന്ന വിദ്യാര്‍ഥികളോടായിരിക്കും അധ്യാപകനു കൂടുതല്‍ ആഭിമുഖ്യമുണ്ടാവുക. ഏല്‍പിച്ച ജോലി മാത്രം ചെയ്തു മടങ്ങുന്ന തൊഴിലാളികളുണ്ട്. ഏല്‍പിക്കാത്തതും കണ്ടറിഞ്ഞു ചെയ്യുന്ന തൊഴിലാളികളുമുണ്ട്. ഏല്‍പിക്കാത്തതും കണ്ടറിഞ്ഞു ചെയ്യുന്ന തൊഴിലാളികളെയായിരിക്കും മുതലാളിമാര്‍ ചേര്‍ത്തുപിടിക്കുക. അതെന്റെ ഡ്യൂട്ടിയല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഉദ്യോഗസ്ഥരുണ്ട്. ചെയ്തുകൊടുക്കാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ ഉത്തരവാദിത്വപരിധി പരിഗണിക്കാതെ അതു ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. തന്റെ ഡ്യൂട്ടിയില്‍ മാത്രം ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നും അതേ സീറ്റില്‍തന്നെ ഇരിക്കുമ്പോള്‍ ഉത്തരവാദിത്വപരിധി പരിഗണിക്കാതെ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന സീറ്റുകളിലേക്കു മാറിക്കൊണ്ടേയിരിക്കും. ദരിദ്രനാണ്; സഹായിക്കണം എന്ന കേണപേക്ഷ മാനിച്ച് സഹായിക്കുന്നവരുണ്ട്. അങ്ങനെയൊരു കേണപേക്ഷയ്ക്ക് അവസരം നല്‍കാതെ സ്ഥിതിഗതികളന്വേഷിച്ച് സഹായിക്കുന്നവരുമുണ്ട്. കണ്ടറിഞ്ഞ് സഹായിക്കുന്നവരാണവര്‍. അത്തരക്കാരാണ് ലോകാദരം അര്‍ഹിക്കുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയും അത്തരക്കാരില്‍ തന്നെ.

താഴ്ന്ന ജോലിയില്‍ പ്രവേശിച്ച് ഒടുവില്‍ സ്ഥാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തുന്ന വ്യക്തികളെ കാണാം. ഏല്‍പിക്കപ്പെട്ട ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടല്ല, ജോലിസ്ഥലത്ത് തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചതുകൊണ്ടാണ് അതു സാധ്യമാകുന്നത്. എന്താണു ചെയ്യേണ്ടത് എന്നതിലല്ല, എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിലായിരിക്കണം ശ്രദ്ധ. കൂലിക്കൊപ്പിച്ചല്ല, സാധ്യതകള്‍ക്കൊപ്പിച്ചായിരിക്കണം പ്രവര്‍ത്തനങ്ങള്‍. കൂലിക്കൊപ്പിച്ചുള്ള ജോലിക്ക് നിശ്ചിത കൂലി മാത്രമേയുണ്ടാകൂ. സാധ്യതകള്‍ക്കൊപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവചനാതീതമായ നേട്ടങ്ങളായിരിക്കും ഫലം.
ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വത്തോട് കൂറു വേണം. അതോടൊപ്പം സമൂഹത്തോടും ജീവികളോടും പരിസ്ഥിതിയോടും പ്രതിബദ്ധത വേണം. മനുഷ്യനായിരിക്കുക എന്ന പ്രയോഗം അര്‍ഥപൂര്‍ണമാകുന്നത് അപ്പോള്‍ മാത്രമാണ്. തന്‍കാര്യം മാത്രം നോക്കി നടക്കുന്നവന്‍ എന്തു മനുഷ്യനാണ്? നിരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ തൊഴിലാളികളുണ്ടെങ്കിലും അവരെ കാത്തിരിക്കാതെ സ്വന്തമായി അതു നീക്കംചെയ്യാനിറങ്ങുന്നവനെ കുറിച്ചല്ലേ മനുഷ്യന്‍ എന്നു പറയുക. അപകടങ്ങളുണ്ടാകുമ്പോള്‍ സാങ്കേതകത്വങ്ങള്‍ പറഞ്ഞ് പിന്മാറുന്നവനല്ല, ഇടംവലം നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താനായി സ്വയം എടുത്തുചാടുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍.
എന്നോട് അതാരും പറഞ്ഞിട്ടില്ല എന്നു പറയുന്നവര്‍, പറഞ്ഞാല്‍ മാത്രം പ്രവര്‍ത്തിക്കുന്നവരായിരിക്കും. ജോലിക്കു നിര്‍ത്തുമ്പോള്‍ അത്തരക്കാര്‍ക്കു മുന്‍ഗണന കൊടുക്കാതിരിക്കുന്നതാകും നല്ലത്. ശ്ശൊ! ഞാനത് അന്വേഷിക്കാത്തതു കുറ്റമായിപ്പോയി എന്നു പറഞ്ഞ് ഖേദം കൊള്ളുന്നവര്‍ മിക്കവാറും കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരിക്കും. അവരെ വിശ്വസിച്ച് ജോലിക്കു നിര്‍ത്താം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.