
ബാങ്കോക്ക്: തായ്ലാന്റിലെ കടുവാ ക്ഷേത്രത്തിലെ ഫ്രീസറില്‍ 40 കടുവക്കുട്ടികളുടെയും കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ജഡാവശിഷ്ടങ്ങളും കണ്ടെത്തി. പടിഞ്ഞാറന്‍ ബാങ്കോക്കിലെ കാഞ്ചനബുരി പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രത്തിലാണ് കടുവാക്ഷേത്രമെന്ന് അറിയപ്പെട്ടിരുന്ന ബുദ്ധക്ഷേത്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ 137 കടുവകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 25 എണ്ണത്തിനെ ഇന്നലെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് സര്‍ക്കാരിന്റെ വന്യജീവി അഭയാര്‍ഥി ക്യാംപിലേക്ക് മാറ്റി. ഇതിനകം 40 കടുവകളെ നീക്കിയിട്ടുണ്ട്. ശേഷിക്കുന്നവയെ ഒരാഴ്ചക്കകം മാറ്റുമെന്ന് തായ്ലാന്റ് വന്യജീവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവകളെ നീക്കം ചെയ്യാനെത്തിയ വന്യജീവി ഉദ്യോഗസ്ഥരെ ബുദ്ധമതവിശ്വാസികള്‍ തടഞ്ഞു. 1000 പൊലിസുകാരെയാണ് ഇവിടെ നിയോഗിച്ചത്.
ക്ഷേത്രാചാരപ്രകാരമാണ് കടുവകളെ വളര്‍ത്തിയത്. കടുവകളെ കാണാനും കൂടെനിന്ന് ഫോട്ടോയെടുക്കാനും ക്ഷേത്രഭരണാധികാരികള്‍ പണം വാങ്ങിയിരുന്നു. ഇവിടെ അനധികൃത കടുവക്കച്ചവടം നടത്തുന്നതായി മൃഗസ്നേഹികളും ആരോപിക്കുന്നു.
ഇന്നലെ റെയ്ഡ് നടത്തിയ വന്യജീവി ഉദ്യോഗസ്ഥരാണ് ഫ്രീസറില്‍ സൂക്ഷിച്ച 40 കടുവക്കുട്ടികളുടെ ജഡം കണ്ടെത്തിയത്. കരടിയുടെ അവശിഷ്ടവും കണ്ടെത്തിയതായി വന്യജീവി ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ അഡിസോണ് നുച്ചദംറോംഗ് പറഞ്ഞു. അനധികൃതമായാണ് കടുവക്കുട്ടികളുടെ ജഡം സൂക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കടുവക്കുട്ടികളെ ക്ഷേത്രാധികാരികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് മൃഗസ്നേഹി സംഘടനകള്‍ ആരോപിച്ചു. 2001 മുതലാണ് ക്ഷേത്രത്തില്‍ കടുവ പെരുകാന്‍ തുടങ്ങിയത്.
Comments are closed for this post.