2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഔഷധ രംഗത്തെ വിദേശനിക്ഷേപം: തീരുമാനം പുനഃപരിശോധിക്കണമെന്ന് വ്യാപാരികള്‍

കൊച്ചി: പ്രത്യേക അനുമതിയില്ലാതെ തന്നെ നിലവിലുള്ള ഔഷധക്കമ്പനികളില്‍ 74 ശതമാനവും പുതിയവയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ഔഷധ വ്യാപാരികളുടെ സംഘടനയായ ആള്‍ കേരളാ കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന്‍ വാര്‍ഷിക സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.

മരുന്ന് നിര്‍മ്മാണ – വ്യാപാരമേഖലയില്‍ വിദേശകുത്തകകള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ ഉതകുന്നതാണ്. സാധാരണക്കാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നതിലുപരി മരുന്നുകള്‍ക്ക് ക്രമാതീതമായ വിലവര്‍ധനവ് ഉണ്ടാകുമെന്നും നിലവിലുള്ള വില നിയന്ത്രണ ഉത്തരവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ഔഷധവ്യാപാരികള്‍ ആശങ്കപ്പെടുന്നു. ചില്ലറ വ്യാപാരമേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കുകവഴി നിലവിലുള്ള ഔഷധവ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിപ്പോകുമെന്ന അവസ്ഥയുണ്ടാകുമെന്നും, കേരളത്തിലെ പതിനയ്യായിരത്തോളം വരുന്ന ഔഷധവ്യാപാരികളില്‍ ബഹുഭൂരിപക്ഷവും അവരുടെ തൊഴിലാളികളും കുടുംബാംഗങ്ങളും നിരാലംബരാകുമെന്ന അവസ്ഥ ഉണ്ടാകുമെന്നും ജനോപകാരപ്രദമല്ലാത്ത ഈ തീരുമാനം സര്‍ക്കാര്‍ ഉടനടി പുന:പരിശോധിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന സമ്മേളനം ആവശ്യപ്പെട്ടു.

ഔഷധവില നിയന്ത്രണ ഉത്തരവുപ്രകാരം വിലകുറച്ച മരുന്നുകള്‍ നിര്‍മ്മാതാക്കള്‍ വിപണിയിലെത്തിച്ചിട്ടില്ല എങ്കിലും ജീവന്‍ രക്ഷാഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുവേണ്ടി ഔഷധവ്യാപാരികളുടെ പക്കല്‍ സ്റ്റോക്കുള്ള കൂടിയ വിലയുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കുതന്നെ നഷ്ടം സഹിച്ചുകൊണ്ട് വില്‍പ്പനടത്തുവാനും അത്തരത്തിലുണ്ടാകുന്ന നഷ്ടം നിര്‍മ്മാതാക്കളില്‍നിന്ന് വാങ്ങിത്തരുവാനുള്ള സന്നദ്ധത ഡ്രഗ്ഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യേണ്ടതാണെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

2016-19 കാലയളവിലേക്കുള്ള പുതിയ സംസ്ഥാനഭാരവാഹികളായി എ.എന്‍. മോഹന്‍, തൃശ്ശൂര്‍ (പ്രസിഡന്റ്), തോമസ് രാജു, എറണാകുളം (ജനറല്‍ സെക്രട്ടറി), ഒ.എം. അബ്ദുള്‍ ജലില്‍, എറണാകുളം (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി എം. ശശിധരന്‍, എന്‍.ആര്‍. ഹരിഹരപുത്രന്‍, വേണുഗോപാല്‍ എസ്, സെക്രട്ടറിമാരായി സുബ്രഹ്മണ്യന്‍ എസ്, കെ.എല്‍. ശ്രീറാം, നാസര്‍ അറയ്ക്കല്‍ എന്നിവരെ വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News