
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്
ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ മലയാളികൾക്ക് ലക്ഷത്തിലേറെ റിയാൽ നഷ്ടമായി. സഊദിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്കാണ് ഒരു ദിവസം ലക്ഷത്തിലേറെ റിയാൽ (20 ലക്ഷത്തിലധികം രൂപ) നഷ്ടമായത്. തട്ടിപ്പ് സംഘം ഒരുക്കിയ കെണിയിൽ ഇവർ പെട്ടുപോവുകയായിരുന്നു. ദമാമിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്കാണ് പണം നഷ്ടമായത്. പൊലിസിലും മറ്റു അധികൃതർക്കും പരാതി നൽകിയിരിക്കുകയാണിവർ.
ഇവരുടെ അക്കൗണ്ടിൽ കൂടുതൽ പണം എത്തിയതിന്റെ തൊട്ടു പിറകെയാണ് തട്ടിപ്പ് നടന്നത്. നാട്ടിലെ ചില ബാധ്യതകൾ തീർക്കാൻ ബാങ്കിൽനിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ ഇവർക്ക് ഒരു ഫോൺ കോൾ എത്തി. അക്കൗണ്ട് നമ്പർ പറഞ്ഞ ശേഷം ഇത് നിങ്ങളുടെ പേരിലുള്ളതല്ലേ എന്ന ചോദ്യത്തോടെയാണ് തട്ടിപ്പ് സംഘം കെണിയൊരുക്കിയത്. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ബാങ്കിൽനിന്നാണ് വിളിക്കുന്നതെന്ന് കരുതിയ ഇവർക്ക് പിന്നീടാണ് ചതി മനസിലായത്. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനുട്ടിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ് പണം തട്ടിയത്.ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും (7,53,352 രൂപ) മറ്റ് രണ്ടുപേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 (7.9 ലക്ഷം രൂപ) റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഒ.ടി.പി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനുട്ട് സമയത്തിനുള്ളിൽ അതിലെത്തിയ ഒ.ടി.പി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണ് സംശയിക്കുന്നത്.