
ചെറുവത്തൂര്‍: ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന ഓരിയിലെ വിദ്യാലയം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായ ഓരി എ.എല്‍.പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണു പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം. സുരക്ഷിതമല്ലെന്നു കണ്ടതിനെ തുടര്‍ന്നു നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അടച്ചു പൂട്ടിയതിനാല്‍ രണ്ടു ദിവസമായി തൊട്ടടുത്ത ക്ഷേത്ര ഓഡിറ്റോറിയത്തിലെ ഭക്ഷണ ശാലയിലാണു കുട്ടികള്‍ പഠനം നടത്തുന്നത്.
79 വര്‍ഷമായി ഓരി ഗ്രാമത്തിലെ അക്ഷര കേന്ദ്രമാണ് ഈ വിദ്യാലയം. തൊട്ടടുത്ത വലിയപറമ്പ് പഞ്ചായത്തില്‍ നിന്നുപോലും കുട്ടികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. പ്രീ കെ.ഇ.ആര് കെട്ടിടമാണ് ഇപ്പോഴും വിദ്യാലയത്തിനുള്ളത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും കണക്കിലെടുത്ത് എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ ഈ വിദ്യാലയത്തിന് ഇത്തവണ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റു നല്‍കിയിരുന്നില്ല.
സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ഒരു തരത്തിലും അനുമതി നല്‍കരുതെന്ന് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശവുമുണ്ട്. ഇതേ തുടര്‍ന്നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനം സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറ്റണമെന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്കൂള്‍ ഉടമകള്‍, പ്രധാനധ്യാപകന് എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്കൂള്‍ പ്രവര്‍ത്തനം ഭക്ഷണശാലയിലേക്കു മാറ്റിയത്.
ഇവിടെ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനുള്ള അനുമതി മാത്രമാണ് ഇപ്പോഴുള്ളത്. അതുകഴിഞ്ഞാല്‍ അറുപതു കുട്ടികളുടെയും നാലു അധ്യാപകരുടെയും ഭാവി എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍. സ്കൂള്‍ ഉടമകളില്‍ നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.