പനാജി
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ ബി.ജെ.പിയിൽ നിന്ന് എം.എൽ.എമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. മന്ത്രി മൈക്കിൾ ലോബോ പാർട്ടി വിടുന്നതിനു മുമ്പുതന്നെ എം.എൽ.എമാരും പാർട്ടി നേതാക്കളും ബി.ജെ.പി വിടാൻ തുടങ്ങിയിരുന്നു. കോൺഗ്രസിൽ നിന്ന് നേതാക്കളെ ബി.ജെ.പിയിലെത്തിച്ച ഓപ്പറേഷൻ കമലയ്ക്കുള്ള മറുപണിയാണി പ്പോൾ ഗോവയിൽ നടക്കുന്നത്. യുവമോർച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിക്ക് യാതൊരു മൂല്യങ്ങളുമില്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ന്യൂനപക്ഷ നേതാക്കളെല്ലാം പുറത്തേയ്ക്കൊഴുകുകയാണ്. പാർട്ടിയിൽ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് പരിഗണിക്കുന്നതെന്നും ഹിന്ദുക്കൾക്ക് പ്രാധാന്യം നൽകുന്നുവെന്നുമാണ് അവരുടെ പരാതി.
കഴിഞ്ഞ മാസം രണ്ട് ന്യൂനപക്ഷ ബി.ജെ.പി എം.എൽ.എമാരും പാർട്ടി വിട്ടിരുന്നു. അലീന സൽദാന, കാർലോസ് അൽമേഡിയ എന്നിവരാണ് ബി.ജെ.പി വിട്ടത്. ഇരുവരും എ.എ.പിയിലാണ് ചേർന്നത്. പരീക്കർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു കോർടാലിയം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ സൽദാന. ബി.ജെ.പിയിൽ മൂല്യങ്ങളില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജനവിരുദ്ധ നയങ്ങളാണ് പാർട്ടി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽമേഡിയ വാസ്‌കോ ഡ ഗാമ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എ ആയിരുന്നു. പാർട്ടി നിലപാടിൽ എതിർപ്പ് അറിയിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. മന്ത്രി ലോബോ പാർട്ടി വിട്ടത് ബി.ജെ.പിക്ക് ബെർഡെസ് സബ് ജില്ലയിൽ ക്ഷീണമുണ്ടാക്കും. ബി.ജെ.പിക്ക് ഇവിടെ നാലു എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. സാലിഗോ, സിയോലിം, മാപുസ എന്നീ സമീപ മേഖലകളിലും സ്വാധീനമുള്ളയാളാണ് ലോബോ. പാർട്ടി വിട്ട ലോബോ സാലിഗോ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്ന കേദാർ നായിക്കിന്റെ പ്രചാരണത്തിനും ഇറങ്ങി.
Comments are closed for this post.