
കൊല്ലം: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ജില്ലയിലും അന്തര്‍സംസ്ഥാന ബസുകളുടെ പരിശോധന കര്‍ശനമാക്കുന്നു. അതോടൊപ്പം എല്‍.എ.പി.ടി ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ജില്ലയിലെ ഇത്തരം ബസുകളുടെ ബുക്കിങ് ഓഫിസുകളുടെ ലൈസന്‍സ് ഹാജരാക്കാനുള്ള നോട്ടിസും നല്കി. ലൈസന്‍സില്ലാത്ത ഓഫിസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
നിമയങ്ങള്‍ പലതും ലംഘിച്ചു കൊണ്ടാണ് മിക്ക ബസുകളും നിരത്തിലൂടെ ചീറിപ്പായുന്നത്. കൂടാതെ നിറയെ സാധനങ്ങളും കയറ്റിയാണ് സര്‍വിസ് നടത്തുന്നത്.
ഈ ബസുകള്‍ക്ക് ബുക്കിങ്ങില്ലാത്ത യാത്രക്കാരെ ഇടയ്ക്ക് കയറ്റി സര്‍വിസ് നടത്താനുള്ള അനുമതിയും ഇല്ല. മാത്രമല്ല ഈ ബസുകളുടെ ഓഫിസുകളുടെ പ്രവര്‍ത്തനവും നിയമാനുസൃതമല്ല. ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് എടുക്കാത്ത കൊല്ലത്തെ ബസ് ബുക്കിങ് ഓഫിസുകള്‍ക്കും പിടിവീഴുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ലൈസന്‍സില്ലാത്തവരെ കണ്ടെത്തി പിഴ ചുമത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ചില അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടിവരും. ഇതൊന്നും മിക്ക ഓഫിസുകളിലുമില്ല. ഓഫിസുകളുടെ ലൈസന്‍സുകള്‍ ബന്ധപ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാജരാക്കാത്ത ഓഫിസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ചുള്ള നടപടി തുടങ്ങിയതായി ആര്.ടി.ഒ വി.സജിത്ത് അറിയിച്ചു.രാത്രികാലങ്ങളില്‍ ബസുകളുടെ പരിശോധനയ്ക്കായി ഓപറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പ്രത്യേക സംഘത്തേയും മോട്ടോര്‍വാഹനവകുപ്പ് ചുമതലപ്പെടുത്തിയതായും ആര്.ടി.ഒ അറിയിച്ചു.