2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓണം കേവലം ആഘോഷമല്ല

യു.കെ കുമാരൻ

പ്രകൃതിയുമായും മനുഷ്യനുമായും ഏറെ ബന്ധമുള്ള ഒരാഘോഷമാണ് ഓണം. മനുഷ്യൻ സമൂഹജീവിയായി മാറിയതോടെയാണ് ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമായത്. ലോകത്ത് എല്ലായിടത്തും പലതരം ആഘോഷങ്ങൾ അരങ്ങേറാറുണ്ട്. ജീവിതത്തെ ഒരു പരിധിവരെ സർഗാത്മകമാക്കുവാൻ ആഘോഷങ്ങൾ സഹായിക്കുന്നുവെന്നതും യാഥാർഥ്യമാണ്.


പൗരാണികമായ എല്ലാ ആഘോഷങ്ങൾക്കും ഓരോ ഐതിഹ്യവും അനുബന്ധമായി ഉണ്ടാകാറുണ്ട്. കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഓണം സവിശേഷമാകുന്നത് അതിന്റെ ഐതിഹ്യത്തിന്റെ മനോഹാരിതയെക്കാളുപരി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിന്റെ ചേർച്ച കൊണ്ടുകൂടിയാണ്. സമത്വസുന്ദരമായ ജീവിതം വിഭാവനം ചെയ്യുന്ന കാലത്തിന്റെ സങ്കൽപം കൂടിയാണ് ഓണം ആഘോഷത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. അത് എത്രത്തോളം പ്രായോഗികമാകുമോ അല്ലയോ എന്നതിനപ്പുറത്ത് ഒരു സമൂഹം സ്വകാര്യമായിട്ടെങ്കിലും സമത്വസുന്ദരമായ ജീവിതം സ്വപ്‌നം കാണുന്നുണ്ട്. അതിന്റെ പ്രകടമായ ആഘോഷമാണ് ഓണം.


യാഥാർഥ്യവും വിശ്വാസവും തമ്മിൽ ഏറെ പൊരുത്തക്കേടുകളുണ്ട്. ഓണം യാഥാർഥ്യങ്ങളിൽ നിർമിച്ചെടുത്ത ഒരാഘോഷമല്ല. വിശ്വാസമാണ് ഓണത്തെ നമ്മുടെ ജീവിതവുമായി ചേർത്തു നിർത്തുന്നത്. പ്രജാക്ഷേമ തൽപരനായ ഒരു രാജാവ് കേരളം ഭരിച്ചിരുന്നു. ആ രാജാവിന്റെ ഭരണത്തിനു കീഴിൽ എല്ലാവരും സന്തോഷവാന്മാരായിരുന്നു. ചതിയും ചൂഷണവും കള്ളവുമില്ല, തികച്ചും സമത്വസുന്ദരമായ ഒരു ജീവിതം. എന്നാൽ, ഇത്തരം ഭരണത്തിൽ അസൂയപൂണ്ട ചിലർ വാമനന്റെ സഹായത്തോടെ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.

പാതാളത്തിലേക്ക് താഴാൻ പോവുമ്പോൾ മഹാബലിയുടെ അപേക്ഷ ഒന്നു മാത്രമായിരുന്നു. തന്റെ ഭരണത്തിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന പ്രജകളെ വീണ്ടും കാണുവാൻ ആഗ്രഹമുണ്ട്. അതിനു വർഷത്തിൽ ഒരുദിവസം അനുവദിക്കണം. മഹാബലി പ്രജകളെ കാണാൻ വരുന്ന ദിവസം ഓണമായി ആഘോഷിക്കപ്പെടുന്നു. തന്റെ പ്രജകൾ സന്തോഷവാന്മാരായി കഴിയുകയാണെന്ന് സൂചിപ്പിക്കുവാൻ എത്ര പാവപ്പെട്ടവരാണെങ്കിലും ‘കാണം വിറ്റും നാം ഓണമുണ്ണുന്നു’.
ഓണക്കാലം പ്രകൃതിയെ അറിയാനുള്ള ഒരവസരമായി മാറ്റാനും മഹാബലിയെ വരവേൽക്കാനും വേണ്ടിയാണ്. വറുതിക്കാലത്തിനു ശേഷം വസന്തത്തെ ഓർമിപ്പിക്കുന്ന പൂക്കാലത്തിൽ സമൃദ്ധിയോടെ വളരുന്ന പൂക്കളറുത്താണ് കേരളീയർ ഓണപ്പൂക്കളമൊരുക്കുന്നത്. ഇത് ഓരോ പൂവിന്റെയും ഗന്ധവും സൗന്ദര്യവും അറിയുന്നതിനുള്ള സന്ദർഭം കൂടിയാണ്. കുട്ടികളാണ് പാടത്തും പറമ്പിലും വളർന്നുനിൽക്കുന്ന പൂക്കൾ ശേഖരിച്ച് കളമൊരുക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യാംശങ്ങൾ നന്നെ ചെറുപ്പത്തിലേ അറിയുന്നതിന് പൂക്കൾ ശേഖരിക്കുന്നതിലൂടെ കുട്ടികൾക്ക് സാധ്യമാവുന്നു.

പ്രകൃതിയിലെ ഓരോ പൂവും കുട്ടികളുടെ മനസിൽ ഇടംപിടിക്കുവാൻ പൂക്കൾ ശേഖരിക്കുന്നതിലൂടെ കഴിയുന്നുണ്ട്.
എല്ലാറ്റിലുമുപരി, ഓണം ഉൾക്കൊള്ളുന്ന മഹത്തായ സന്ദേശത്തിലാണ് ഓണം മറ്റുള്ള ആഘോഷങ്ങളിൽനിന്ന് വിഭിന്നമാകുന്നത്. സന്തോഷപൂർണവും സുഖപ്രദവുമായ ഒരു ജീവിതമാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം. അത്തരമൊരു ലക്ഷ്യമാണ് ഓണം പൂർണമായും വിഭാവനം ചെയ്യുന്നത്. ‘മാനുഷ്യരെല്ലാരുമൊന്നുപോലെ’ ജീവിക്കണമെന്നത് അസാധ്യമായ ഒരാശയമാണെങ്കിലും അത്തരമൊരു ആശയത്തെയാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്. ആധുനിക ലോകത്തിലെ മഹത്തായ സോഷ്യലിസ്റ്റ് സങ്കൽപത്തെ മറ്റൊരു രീതിയിൽ ഓണം വിളംബരപ്പെടുത്തുകയാണ്. അത്തരമൊരു ലോകം ഇനിയും സാധ്യമായില്ലെങ്കിൽ പോലും, അതിനെക്കുറിച്ചും തെല്ല് നേരത്തേക്കെങ്കിലും സ്വപ്‌നം കാണാൻ കഴിയുക എന്ന സാധ്യതയിലേക്കാണ് ഓണാഘോഷങ്ങൾ നമ്മെ എത്തിക്കുന്നത്. മുൻ രാഷ്ട്രപതി അബ്ദുൽ കലാം പലപ്പോഴും പറയാറുള്ളത് ഇതിനോട് ചേർത്തുവയ്ക്കുക!. സ്വപ്‌നം, സ്വപ്‌നം കാണുക, സ്വപ്‌നം കാണുക!.


ഓണത്തിന്റെ പിറവിയെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. അത്തരം ഐതിഹ്യങ്ങളുടെ സങ്കുചിത അർഥങ്ങൾ കൈവിട്ടുകൊണ്ട് ഓണം ഉയർത്തിപ്പിടിക്കുന്ന, വിഭാഗീയതകൾ മറന്നുകൊണ്ടും മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ദർശനത്തിന്റെ പൊരുളാണ് യഥാർഥത്തിലെ ഓണത്തെ കൂടുതലായും നമ്മോട് ചേർത്തുനിർത്തുന്നത്. അത്തരം ആശയങ്ങളുള്ള ആഘോഷങ്ങൾ ഇന്ന് വളരെ കുറവാണ്.


ആഘോഷങ്ങൾ പോലും ഇന്ന് പലതരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഓണാഘോഷം പോലും ഇന്ന് പലതരത്തിൽ വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മഹാബലി എന്നതാണ് ഓണക്കാലത്ത് വ്യാപകമായി ആഘോഷിക്കപ്പെടുന്ന പ്രതിരൂപം. എന്നാൽ, മഹാബലി അല്ല ആരാധിക്കപ്പെടേണ്ടത്, വാമനനെയാണെന്ന വാദങ്ങളും ഇന്ന് ഉയർന്നുകഴിഞ്ഞു. മഹാബലി സമത്വദർശനത്തിന്റെ പ്രതീകമാണെങ്കിൽ വാമനൻ അത്തരമൊരു പ്രതീകത്തെ ഉന്മൂലനം ചെയ്യുവാൻ പിറവിയെടുത്ത ആസുരശക്തിയുടെ പ്രതീകമാണ്. മഹാബലി അല്ല വാമനനാണ് ആഘോഷിക്കപ്പെടേണ്ടതെന്ന വാദങ്ങൾക്ക് അതിന്റേതായ ചില യുക്തികൾ മുന്നോട്ടു വയ്ക്കാനുണ്ടാവും. അത്തരം നിലപാടുകൾ മാറ്റിവച്ചുകൊണ്ടും ഓണത്തെ ഒരാശയത്തിന്റെ പ്രതീകമെന്ന നിലയിൽ വരവേൽക്കുമ്പോഴാണ് അത് മഹത്തായ ഒരാശയമായി മാറുന്നത്.


പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് അകൽച്ച വന്നുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണിത്. അത്തരമൊരു ഇടത്തുനിന്നുകൊണ്ടാണ് പ്രകൃതിയുമായി സഹവർത്തിക്കാനുള്ള ഒരു സന്ദർഭത്തിന്റെ മഹത്വത്തെ നാം തിരിച്ചറിയുന്നത്. ഓണത്തിന്റെ വിശ്വാസപരമായ പരിവേഷങ്ങൾ മാറ്റിവച്ച് ഈ ആഘോഷത്തെ നിത്യജീവിതത്തിന്റെ സംഘർഷങ്ങളെ ലഘൂകരിക്കാനുള്ള ശമനമാർഗമായും നമുക്ക് കാണാവുന്നതാണ്.


സമത്വസുന്ദരമായ ഒരു വ്യവസ്ഥിതിയെ സ്വപ്‌നം കാണുന്ന ഒരു ലോകത്തിന്റെ നിത്യചോദനമാണ് ഓണം എന്ന ആഘോഷം. ഓണത്തെ കേവലം ഒരാഘോഷമായിട്ടല്ല കാണേണ്ടത്. നമുക്ക് പൂർത്തീകരിക്കാനുള്ള ഒരാശയലോകത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലായിട്ടു വേണം കാണാൻ. പ്രകൃതിയും മനുഷ്യനും സമന്വയിക്കപ്പെടുന്ന ഒരു കാലത്ത് എപ്പോഴും നമുക്ക് പ്രചോദനമായിത്തീരേണ്ട ഒരാഘോഷമാണ് ഓണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.