2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഓഖി: മരണസംഖ്യ 35 – ഇനിയെത്ര?

92 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍

 

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണത്തില്‍ അവ്യക്തത തുടരുന്നു. 92 പേരെ കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞദിവസം നല്‍കിയ കണക്കാണ് റവന്യൂവകുപ്പിന്റെ പക്കല്‍ ഇപ്പോഴുമുള്ളത്.
എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേരെ കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്. ഇതില്‍ 108 പേര്‍ ചെറുവള്ളങ്ങളിലാണ് പോയതെന്നും ഇവരുടെ സ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്കയുണ്ടെന്നും അതിരൂപതാ പ്രതിനിധികള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദുരന്തമേഖലയില്‍ റവന്യൂവകുപ്പ് നടത്തുന്ന ഇടപെടല്‍ സംബന്ധിച്ചും വ്യാപക ആക്ഷേപമുണ്ട്.
പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെന്നാണ് വിമര്‍ശനം. ഇടവകകളില്‍ നിന്നു ശേഖരിച്ച കണക്കുകളാണ് അതിരൂപതാ പ്രതിനിധികള്‍ പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ ഇടവകകളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് കൃത്യമായ കണക്ക് ശേഖരിക്കുന്നതിലും റവന്യൂവകുപ്പ് പരാജയപ്പെട്ടു.
മരിച്ചവരുടെ എണ്ണത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതുവരെ 29 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍പ്രകാരം മരണസംഖ്യ 35 ആയിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിഴിഞ്ഞം സ്വദേശി രതീഷ് (30) ഇന്നലെ രാവിലെ മരിച്ചു. കൊച്ചി പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലില്‍ ഇന്നലെ വൈകിട്ട് മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച ഒരു മൃതദേഹം ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. പുല്ലുവിള സ്വദേശി ജോസഫിനെയാണ് (55) തിരിച്ചറിഞ്ഞത്. ഇനി 13 മൃതദേഹങ്ങളാണ് തിരിച്ചറിയപ്പെടാതെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളിലുള്ളത്. ഈ മൃതദേഹങ്ങളിലെല്ലാം ഡി.എന്‍.എ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
അതിനിടെ ഇന്നലെ 72 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇതില്‍ 14 പേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ എത്തിച്ച ഇവരെ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലില്‍ കൊച്ചിയിലെത്തിക്കും.
തിരച്ചില്‍ ഇന്നലെയും ഊര്‍ജിതമായിരുന്നു. നാവികസേനയുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കപ്പലുകളും കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളുമാണ് തിരച്ചിലിനുള്ളത്. പൂന്തുറുയില്‍നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെയും തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളതീരത്ത് 450 നോട്ടിക്കല്‍ മൈല്‍ അകലെ വരെയും ലക്ഷദ്വീപ് തീരത്ത് 250 നോട്ടിക്കല്‍ മൈല്‍ ദൂരെ വരെയുമാണ് തിരച്ചില്‍ നടത്തുന്നതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
ദുരന്തബാധിത മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കടല്‍ക്ഷോഭത്തില്‍പെട്ട് ഇതര സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട തൊഴിലാളികളുടെ മടക്കയാത്രക്കുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് പറയുമ്പോഴും നാട്ടിലെ ബന്ധുക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഗുജറാത്തിലെ വെരാവര്‍ തീരത്തും മഹാരാഷ്ട്രയിലെ ദേവ്ഗഡിലും രത്‌നഗിരിയിലുമാണ് തൊഴിലാളികള്‍ എത്തിപ്പെട്ടത്.
മഹാരാഷ്ട്രയിലെത്തിയ തൊഴിലാളികളുടെ മടക്കം വൈകുമെന്ന് എ.ഡി.ജി.പി ബി.സന്ധ്യ അറിയിച്ചു. വലിയ ബോട്ടുകള്‍ ഉപേക്ഷിച്ച് മടങ്ങാനാകില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും കടല്‍ ശാന്തമാകുമ്പോള്‍ ഇവര്‍ മടങ്ങുമെന്നും എ.ഡി.ജി.പി പറഞ്ഞു. അതിനിടെ കേരള തീരത്ത് കടല്‍ക്ഷോഭത്തിന് ശമനമുണ്ടായെന്നും ഇനി മീന്‍പിടിത്തത്തിന് കടലില്‍ പോകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഉറ്റവരെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അവരുടെ വരവിനായി തീരത്ത് കാത്തിരിക്കുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.