2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

ഓഖി ദുരന്തം: കേന്ദ്രസംഘത്തിന് വേണ്ടത് കൃത്യമായ വിവരങ്ങള്‍


ഓഖി ദുരന്തം കഴിഞ്ഞ് ആഴ്ചകള്‍ കടന്നുപോയിട്ടും ഇനിയും മടങ്ങിവരാത്തവര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയില്‍ സുനാമി മഹാ ദുരന്തത്തിന്റെ ഓര്‍മകളും കടന്നുവന്നത് യാദൃച്ഛികമാകാം. ഇന്നലെയായിരുന്നു സുനാമി ദുരന്തത്തിന്റെ 13ാം വാര്‍ഷികം. ഓഖി ദുരന്തം സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാരത്തുക വകയിരുത്താനുമായി കേന്ദ്രസംഘം ഇന്നലെ സംസ്ഥാനത്തെത്തിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നാലുദിവസം സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് നഷ്ടങ്ങളുടെ കണക്കെടുക്കും. സംസ്ഥാനത്തിന്റെ പുനരധിവാസ പാക്കേജിന് പ്രധാനമന്ത്രി പിന്തുണ നല്‍കിയതിന് നന്ദിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിട്ടുണ്ടെങ്കിലും നഷ്ടങ്ങളുടെ കൃത്യതയാര്‍ന്ന കണക്ക് കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍തന്നെ കാണാതായവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ളതും ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ കൈയിലുള്ളതും വ്യത്യസ്തമാണ്. ഇത് ഏകോപിക്കേണ്ടിവരും. കൃത്യമായ കണക്ക് കൊടുക്കാനാവില്ലെങ്കില്‍ സംസ്ഥാനം ആവശ്യപ്പെട്ട 7340 കോടിയുടെ പുനരധിവാസ പദ്ധതി വിജയിക്കണമെന്നില്ല.

ക്രിസ്മസ് കഴിഞ്ഞാല്‍ മരണപ്പെട്ടവരുടെ കൃത്യമായ കണക്ക് ശേഖരിക്കുവാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെങ്കിലും മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് വാക്ക് നല്‍കിയതാണ്. അത് പാലിക്കപ്പെടണമെങ്കില്‍ നഷ്ടപ്പെട്ട വള്ളങ്ങളുടെയും തകര്‍ന്ന ബോട്ടുകളുടെയും കേടുവന്ന മത്സ്യബന്ധന ഉപകരണങ്ങളുടെയും ശരിയായ കണക്ക് നല്‍കേണ്ടതുണ്ട്. സുനാമി കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തിനകം കേരളം മറ്റൊരു ദുരന്തത്തിനും കൂടി സാക്ഷിയായി. മുന്നറിയിപ്പുകള്‍ അവഗണിച്ചു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. കാലാവസ്ഥാവ്യതിയാനം മൂലം ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രകൃതിദുരന്തങ്ങള്‍ സാധാരണമായിരിക്കുന്നു.

2004 ഡിസംബര്‍ 26നാണ് സുനാമി, പാഠശാല മുതല്‍ വൈപ്പിന്‍തീരം വരെ ആഞ്ഞടിച്ചത്. 172 പേര്‍ അന്ന് മരണപ്പെട്ടു. ഇന്തോനേഷ്യ മുതല്‍ സോമാലിയ വരെയുള്ള തീരപ്രദേശങ്ങളെ അത് ബാധിച്ചു. 2,60,000 ആളുകളാണ് ലോകത്തൊട്ടാകെ അന്ന് മരണപ്പെട്ടത്. ഇപ്പോഴിതാ ബാലി കൊടുങ്കാറ്റ് ഇന്തോനേഷ്യയില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതറിക്കൊണ്ട് വിയറ്റ്‌നാം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രകൃതിദുരന്തങ്ങളെ മേലിലെങ്കിലും ഗൗരവമായി കാണണം. മുന്നറിയിപ്പുകള്‍ അവഗണിക്കുമ്പോള്‍ അപരിഹാര്യമായ നഷ്ടവും ആള്‍ നാശവുമാണ് സംഭവിക്കുന്നത്. അത് വഴി ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ക്രമം തന്നെ തകരുന്നു.
സുനാമി കരയിലാണ് ദുരന്തം വിധിച്ചതെങ്കില്‍ ഓഖി കടലിലാണ് നാശം വിതച്ചത്. ശവങ്ങള്‍ ഇപ്പോഴും പുറംകടലില്‍ ഒഴുകി നടക്കുന്നുണ്ടാകുമെന്ന വികാരം എത്രമാത്രം വേദനാ നിര്‍ഭരമായിരിക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.

സുനാമി ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിയമം പാസാക്കുകയുണ്ടായി. ദേശീയ ദുരന്ത നിവാരണ സേനയും ദുരന്തനിവാരണ ഫണ്ടും ദുരന്തനിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഓഖി പോലുള്ള കൊടുങ്കാറ്റുകള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താതെ കടന്നുപോകുന്നത് അവിടങ്ങളിലെ ദുരന്തനിവാരണ സംവിധാനത്തിന്റെ കാര്യക്ഷമതയാലാണ്. മുന്നറിയിപ്പുകള്‍ എത്ര തവണയായാലും അത് അവഗണിക്കാതെ ജാഗ്രതയോടെ സ്വീകരിക്കുന്നു എന്നത് തന്നെയാണ് ഇതിന് അടിസ്ഥാനം. ദുരന്തനിവാരണ സാക്ഷരത കേരളത്തിന് അത്യന്താപേക്ഷിതമാണെന്നാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍നിന്നു മനസ്സിലാക്കേണ്ടത്. പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ആളുകളെയും ഉപകരണങ്ങളെയും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രകൃതി ദുരന്തനിവാരണ സംവിധാനങ്ങള്‍ ഏകോപിച്ച് ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ മേലിലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്ന നാശനഷ്ടങ്ങളുടെ ആഘാതം കുറയ്ക്കാനാകൂ.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.