ന്യൂഡൽഹി • ഡൽഹിയിൽ ആംആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ഒാപറേഷൻ താമര പൊളിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ.
40 എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ ബി.ജെ.പി 800 കോടി മാറ്റിവച്ചതായി കെജ് രിവാൾ ആരോപിച്ചു.
ഇന്നലെ 12 എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ എ.എ.പി അടിയന്തര യോഗം വിളിച്ചിരുന്നു. രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ വീട്ടിലെത്താനാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ബി.ജെ.പി ഓപറേഷൻ താമര തയാറാക്കിയെന്നും പരാജയപ്പെടുത്തുമെന്നും എ.എ.പി വക്താവ് സൗരബ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.
കെജ് രിവാളിന്റെ വീട്ടിൽ നിന്ന് സൗരബ് ഭരദ്വാജ് എം.എൽ.എമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ദിലീപ് പാണ്ഡെ എം.എൽ.എ എത്തി. 20 കോടി വീതം എം.എൽ.എമാർക്ക് നൽകി കൂറുമാറ്റുന്നതായി ആരോപിച്ചു. 11 മണിയോടെ 62 എം.എൽ.എമാരിൽ 52 പേർ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി. മനീഷ് സിസോദിയ അടക്കം ഏഴു എം.എൽ.എമാർ വിഡിയോ കോൺഫറൻസ് വഴിയും പങ്കെടുത്തു.
അമാനത്തുല്ലാ ഖാൻ വൈകിയെത്തി. സ്പീക്കർ രാംനിവാസ് ഗോയൽ വിദേശത്തും മന്ത്രി സത്യേന്ദ്ര ജെയ്ൻ ജയിലിലുമാണ്.
വൈകാതെ ഓപറേഷൻ താമര പരാജയപ്പെട്ടതായി ആംആദ്മി പാർട്ടി പ്രഖ്യാപിച്ചു. ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു.
Comments are closed for this post.