
തുറവൂര്‍: ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാത കുരുതിക്കളമാകുന്നു. അപകട മരണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ അപകടങ്ങളില്‍ 27 പേര് മരിച്ചതായാണ് അധികൃതരുടെ കണക്ക്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ധാരാളം പേരുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ കാറിടിച്ച് മലപ്പുറം സ്വദേശികളായ അമ്മയും മകനും മരിച്ചത്.ബന്ധുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.കഴിഞ്ഞ ദിവസം രാവിലെ ടൂറിസ്റ്റ് ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികനായ യുവാവ് ദാരുണമായി മരണമടഞ്ഞതാണ് അവസാനത്തെ അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് തട്ടിയതോടെ റോഡില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. എരമല്ലൂരിന് വടക്ക് കൊച്ചു വെളി കവലയില്‍ യൂ ടേണ്‍ തിരിയുന്നതിനിടയില് പിക്കപ്പ് വാനിടിച്ച് ഗൃഹനാഥന് മരണമടഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. കൂടെയുണ്ടായിരുന്നവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അരൂര്‍ മുതല്‍ ചമ്മനാട് വരെയുള്ള ഭാഗത്താണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള കവലകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ സമയനഷ്ടം പരിഹരിക്കാന്‍ അമിത വേഗതയില്‍ പായുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ജനങ്ങള്‍ പറയുന്നു. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പും കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് ആക്ഷേപം ശക്തമായി. ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇനിയെങ്കിലും അധികൃതര്‍ കാര്യക്ഷമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമായി.