2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഒരേയൊരു ജെസ്സി ഓവന്‍സ്

യു.എച്ച് സിദ്ദീഖ്

ജയിക്കാനും കീഴടക്കാനും വേണ്ടി ജനിച്ചവരാണ് ആര്യന്‍മാരെന്ന് വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്ത ഹിറ്റ്‌ലറുടെ മുന്നില്‍ ആര്യന്‍മാരെ ഓടിത്തോല്‍പ്പിച്ച ഇതിഹാസ താരമായിരുന്നു ജെയിംസ് ക്ലീവാന്റ് ജെസ്സി ഓവന്‍സ്. ഒറ്റ ഒളിംപിക്‌സില്‍ നാലു സ്വര്‍ണ പതക്കങ്ങള്‍ നേടി കറുത്തവന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ലോകത്തെ എക്കാലത്തെയും മികച്ച കായിക താരം.
1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ക്രൂരനായ അഡോഫ് ഹിറ്റ്‌ലര്‍ ആസ്വാദകനായുണ്ട്. ആ സ്വേച്ഛാധിപതിക്ക് മുന്‍പിലാണ് ജെസ്സി ഓവന്‍സ് എന്ന അമേരിക്കന്‍ നീഗ്രോ മിന്നലായി ട്രാക്കിലൂടെ പാഞ്ഞതും ജംപിംങ് പിറ്റില്‍ പുതിയ ദൂരങ്ങള്‍ താണ്ടിയതും.

ഒറ്റ ഒളിംപിക്‌സിലെ
നാലു തങ്ക പതക്കങ്ങള്‍
ബെര്‍ലിന്‍ ഒളിംപിക്‌സില്‍ 100, 200 മീറ്ററിലും 4-100 റിലേയിലും ലോങ് ജംപിലുമാണ് ഹിറ്റ്‌ലറെ സാക്ഷി നിര്‍ത്തി ജെസ്സി ഓവന്‍സ് സ്വര്‍ണം നേടിയത്. 1939 ഓഗസ്റ്റ് മൂന്നിനായിരുന്നു 100 മീറ്ററിലെ ഫൈനല്‍. ട്രാക്കില്‍ വായുവേഗത്തില്‍ കുതിച്ചു പാഞ്ഞ ജെസ്സി ഓവന്‍സ് 10.3 സെക്കന്‍ഡിലായിരുന്നു സ്വര്‍ണ കുതിപ്പ് അവസാനിപ്പിച്ചത്. ലോംങ് ജംപിലും അവസ്മരണീയ പോരാട്ടത്തിലൂടെയായിരുന്നു ജെസ്സി ഓവന്‍സിന്റെ സുവര്‍ണ ചാട്ടം. ഓഗസ്റ്റ് നാല്. ലോംങ് ജംപിന്റെ യോഗ്യത റൗണ്ട് മത്സരം. ആദ്യ ചാട്ടത്തില്‍ തന്നെ ജെസ്സി ഓവന്‍സിന് ചുവടുകള്‍ പിഴച്ചു. അടുത്തതും ഫൗള്‍. കലാശ പോരിലേക്കുള്ള യോഗ്യത സംശയമായി.
മൂന്നാമത്തെ ചാട്ടത്തിന് തയ്യാറെടുപ്പിലായിരുന്നു ജെസ്സി. ചുമലില്‍ ഒരു കൈ പതിഞ്ഞു. തിരിഞ്ഞു നോക്കിയ ജെസ്സി കണ്ടത് എതിരാളിയായ ജര്‍മനിയുടെ ലസ് ലോങ്. എതിരാളി ജെസ്സിക്ക് ഉപദേശം നല്‍കാന്‍ എത്തിയതായിരുന്നു. ജെസ്സി താങ്കള്‍ മാര്‍ക്ക് ചെയ്തിട്ടുള്ള പോയിന്റ് ഒരടി കൂടി പിന്നിലേക്ക് മാറ്റു. നിലത്തു നിന്നുയരേണ്ട മാര്‍ക്ക് തൊടണമെന്ന നിര്‍ബന്ധവും ഉപേക്ഷിക്കു. മൂന്നാം ചാട്ടത്തില്‍ താങ്കള്‍ക്ക് യോഗ്യത നേടാനാവും. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിന്ന ജെസ്സി ഓവന്‍സിന് ലസ് ലോങിന്റെ വാക്കുകള്‍ വേദവാക്യമായി മാറി. ഉപദേശം ഉള്‍ക്കൊണ്ടു ജെസ്സി 7.64 മീറ്റര്‍ ദൂരം താണ്ടി ഫൈനലിലേക്ക് ചാടിക്കയറി. ഫൈനലില്‍ ആദ്യ ചാട്ടത്തില്‍ 7.74 മീറ്റര്‍. മൂന്നാം ചാട്ടത്തില്‍ 7.75 മീറ്റര്‍. നാലില്‍ ഫൗള്‍. അഞ്ചില്‍ 7.94 മീറ്റര്‍. ഒടുവില്‍ അവസാന ചാട്ടത്തിലേക്ക്. ജെസ്സി ഓവന്‍സ്  പറന്നിറങ്ങി 8.06 മീറ്റര്‍ ദൂരത്തേക്ക്. ജംപിങ് പിറ്റില്‍ ജെസ്സി ഓവന്‍സിന് ഒളിംപിക്‌സിലെ മറ്റൊരു സ്വര്‍ണ നേട്ടം. ഒപ്പം റെക്കോര്‍ഡും. ജെസ്സിക്ക് ഉപദേശം നല്‍കിയ ലസ് ലോങിന് 7.87 മീറ്റര്‍ ചാടി വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. തൊട്ടടുത്ത നാളും ജെസ്സി ഓവന്‍സിന്റെ ദിനമായി. 200 മീറ്ററിന്റെ ട്രാക്കിലും അദ്ദേഹം തന്നെ സുവര്‍ണ താരമായി.
ഹീറ്റ്‌സില്‍ 21.1 സെക്കന്‍ഡില്‍ ലോക റെക്കോര്‍ഡിനൊപ്പം ഓടിയെത്തി. ക്വാര്‍ട്ടറിലും ഇതേസമയം നിലനിര്‍ത്തിയ പോരാട്ടം. സെമി ഫൈനലില്‍ 21.3 സെക്കന്‍ഡ്  സമയമെടുത്ത ഫിനിഷിങ്. ഓഗസ്റ്റ് അഞ്ച്. 200 മീറ്ററിന്റെ ഫൈനല്‍. ഹിറ്റ്‌ലറുടെ മുന്നില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ പുതിയ ചരിത്രം രചിച്ചു. ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി ജെസ്സി ഓവന്‍സ് ഓട്ടം നിര്‍ത്തിയത് 20.7 സെക്കന്‍ഡിലായിരുന്നു. അവിടം കൊണ്ടും തീരുന്നതായിരുന്നില്ല ജെസ്സിയുടെ സ്വര്‍ണ കുതിപ്പ്. ഓഗസ്റ്റ് ഒന്‍പത്. 4-100 മീറ്റര്‍ റിലേ മത്സരത്തിനായി ട്രാക്കൊരുങ്ങി. അമേരിക്കയ്ക്കു വേണ്ടി ജെസ്സി ഓവന്‍സ്, റാല്‍ഫ് മെറ്റ് കാല്‍ഫ്, ഫോയ് ഡ്രാവര്‍, ഫ്രാങ്ക് വൈകോഫ് എന്നിവര്‍ ട്രാക്കിലിറങ്ങി. ട്രാക്കിലൂടെ ബാറ്റണ്‍ കൈമാറി നാല്‍വര്‍ സംഘം കുതിപ്പു നടത്തിയപ്പോള്‍ 39.8 സെക്കന്‍ഡില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം കൂടെയെത്തി. ജെസ്സി ഉള്‍പ്പെട്ട റിലേ സംഘത്തിനു 15 വാര പിന്നിലായി മാത്രമാണ് എതിരാളികള്‍ക്ക് ഓടാനായത്. ഒളിംപിക്‌സ് റിലേയിലെ ഈ ലോക റെക്കോര്‍ഡ് 20 വര്‍ഷത്തോളം ഭേദിക്കപ്പെട്ടില്ലെന്നതും ചരിത്രം. അങ്ങനെ ഹിറ്റ്‌ലറുടെ സാമ്രാജ്യത്തില്‍ തലയുയര്‍ത്തി ജെസ്സി ഓവന്‍സ് ഹീറോയായി.

ഒളിംപിക് മെഡല്‍
കൊണ്ടു വിശപ്പടക്കാനാവില്ല !
കറുത്തവനായത്തിന്റെ പേരില്‍ ജേതാവിന് കൈ കൊടുക്കാതെ ഹിറ്റ്‌ലര്‍ അവഗണിച്ചെങ്കില്‍ സ്വന്തം രാജ്യവും കറുത്ത മുത്തിനു നേരെ മുഖം തിരിച്ചു. ഇത്രയേറെ ജന്‍മനാട് അവഗണിച്ച ഒരു കായിക താരം ലോകത്തു വേറെ ഉണ്ടാവില്ല. കറുത്തവനായി പിറന്നു പോയതിന്റെ പേരില്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു ഇതിഹാസത്തിന് വിധി. ജീവിക്കാനായി പന്തയ കുതിരകള്‍ക്ക് എതിരേ വരെ ജെസ്സി ഓവന്‍സിന് ഓടേണ്ടി വന്നു. ഒളിംപിക്‌സിലെ ഹീറോ ആയിട്ടും 2000 ഡോളറിനു വേണ്ടി കുതിരയ്‌ക്കൊപ്പം ജെസ്സി മത്സരിച്ചോടാന്‍ തയ്യാറായി. ഒളിംപിക് ചാംപ്യന്‍ ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് നാണക്കേടെന്ന് സുഹൃത്തുകള്‍ വ്യക്തമാക്കിയപ്പോള്‍ ജെസ്സിയുടെ മറുപടി ഇതായിരുന്നു. ‘ഒളിംപിക് മെഡല്‍ കൊണ്ടു വിശപ്പടക്കാനാവില്ലല്ലോ’. ലോക ചാംപ്യന് മുന്നില്‍ അമേരിക്കന്‍ ഭരണാധികാരികള്‍ മുഖം തിരിച്ചു നിന്നു. അടിമയുടെ കൊച്ചു മകനോട് അലിവ്  കാട്ടാന്‍ ഭരണകൂടം തയ്യാറായില്ല.
1913 സെപ്റ്റംബര്‍ 13 ന് അലബാമയിലെ ലോറന്‍സ് കൗണ്ടിയില്‍ ഹെന്റി ഓവന്‍സിന്റെയും എമ്മയുടെയും മകനായി ജെസ്സി ഓവന്‍സ് ജനിച്ചു.  മുത്തച്ഛന്‍ ഒരു അടിമയായിരുന്നു. ഏഴാമത്തെ വയസിലാണ് ജെസ്സിയും കുടുംബവും ജോലി തേടി ക്ലീവ്‌ലാന്റില്‍ എത്തുന്നത്. ദേശിയ ഹൈസ്‌കൂള്‍ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടായിരുന്നു ട്രാക്കിലെ ജെസ്സിയുടെ കുതിപ്പിന്റെ തുടക്കം. ഒരിക്കലും പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നേട്ടങ്ങളിലേക്ക് ഓടിക്കയറുമ്പോഴും കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടു. ഹിറ്റ്‌ലര്‍ മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റും ജെസ്സിയെ അവഗണിച്ചു. തൂവള്ള കൊട്ടാരത്തിലേക്ക് ജെസ്സി ക്ഷണിക്കപ്പെട്ടില്ല. മികച്ച കായിക താരത്തിനുള്ള ദേശീയ പുരസ്‌കാരങ്ങളും ജെസ്സി ഓവന്‍സിന് നിഷേധിക്കപ്പെട്ടു. ഒളിംപിക്‌സില്‍ ഇതിഹാസം രചിച്ച ജെസ്സി ജീവിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആല്‍ഫ് ലാന്റന്റെ സഹായിയായി  മാറി. ക്ലീവ്‌ലാന്റില്‍ പ്ലേ ഗ്രൗണ്ട് ഇന്‍സ്ട്രക്ടറായും പിന്നീടു മാറി. 130 ഡോളര്‍ കൂലിക്കായിരുന്നു ഈ തൊഴിലെടുത്തത്.  ഒളിംപിക്‌സ് ഹീറോയെ മുന്നില്‍ നിര്‍ത്തി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച പ്രമോട്ടര്‍മാര്‍ തടിച്ചു കൊഴുത്തു. കുതിരയോടും നായയോടും മോട്ടോര്‍ സൈക്കളിനോടുമായിരുന്നു ജെസ്സിയുടെ പിന്നീടുള്ള പോരാട്ടം. പുതിയ കളി മൈതാനത്ത് തളര്‍ന്നു വീണ ജെസ്സി വീണ്ടും പ്ലേ ഗ്രൗണ്ടിലെ തൊഴിലിടത്തേക്ക് തന്നെ മടങ്ങി. സാമ്പത്തിക ദുരിതത്തില്‍ നിന്നു ലോക ഇതിഹാസം കരകയറി തുടങ്ങിയത് 1950 ല്‍ പബ്ലിക് റിലേഷന്‍ സ്ഥാപനം തുടങ്ങിയതോടെയാണ്.

മിന്നുന്ന ലോക
റെക്കോര്‍ഡുകള്‍
45 മിനുട്ടിനുള്ളില്‍ തുടരെ തുടരെ മൂന്നു ലോക റെക്കോര്‍ഡുകള്‍ തിരുത്തുക. ഒരു ലോക റെക്കോര്‍ഡിന് ഒപ്പമെത്തുക. ആധുനിക കായിക രംഗത്ത് അപ്രാപ്യമായ കാര്യം തന്നെയാണ്.  ബെര്‍ലിന്‍ ഒളിംപിക്‌സിന് മുന്‍പാണ് ജെസ്സി ഓവന്‍സ് ചരിത്രമെഴുതിയ പ്രകടനം നടത്തിയത്. മിഷിഗണിലെ ബിഗ് ടെന്‍ ചാംപ്യന്‍ഷിപ്പിലായിരുന്നു ലോകം അമ്പരന്ന പ്രകടനം നടന്നത്. 100 മീറ്റര്‍ ഓട്ടം 9.4 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ലോംങ് ജംപില്‍ 8.13 മീറ്റര്‍ ദൂരം താണ്ടി. 201.2 മീറ്റര്‍ ഓട്ടം 20.3 സെക്കന്‍ഡിലും തൊട്ടുപിന്നാലെ 220 മീറ്റര്‍ ഹര്‍ഡില്‍സ് 22.6 സെക്കന്‍ഡിലും ഫിനിഷ് ചെയ്താണ് ലോക റെക്കോര്‍ഡുകള്‍ ജെസ്സി ഓവന്‍സ് മാറ്റിയെഴുതിയത്. 220 മീറ്റര്‍ ഹര്‍ഡില്‍സ് 23 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ താരമെന്ന ബഹുമതിയും ജെസ്സി ഓവന്‍സിന് സ്വന്തമായി. ലോങ് ജംപിലെ ജെസ്സിയുടെ ലോക റെക്കോര്‍ഡ് തകര്‍ന്നത് കാല്‍ നൂറ്റാണ്ടിന് ശേഷമായിരുന്നു.

തിരിച്ചറിയാന്‍
മൂന്നു പതിറ്റാണ്ട്
ഒളിംപിക്‌സില്‍ ഇതിഹാസമായി മാറിയ ശേഷം മൂന്ന് പതിറ്റാണ്ടു വേണ്ടി വന്നു  അമേരിക്കന്‍ ഒളിംപിക് സമിതിയ്ക്ക് ജെസ്സി ഓവന്‍സിനെ അംഗീകരിക്കാന്‍. രണ്ടു പുസ്തകങ്ങളും ജെസ്സി ഓവന്‍സ് ഇതിനിടെ എഴുതി. നീഗ്രോ താരങ്ങളുടെ വിഹ്വലതകളും  അനുഭവങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ‘ബ്ലാക്ക് തിങ്ക് ‘, ‘ഐ ഹാഫ് ചേഞ്ച്ഡ് ‘ എന്നിവ രചിച്ചത്. 1980 മാര്‍ച്ച് 31 ന് ജെയിംസ് ക്ലീവാന്റ് ജെസ്സി ഓവന്‍സ് ജീവിതത്തിന്റെ ട്രാക്കിനോട് വിട ചൊല്ലി.  
 ഹിറ്റ്‌ലറുടെ ഏകാധിപത്യത്തെ വെല്ലുവിളിച്ച് തലയുയര്‍ത്തി നിന്ന ആ നീഗ്രോയുടെ ജീവിതം കായിക ലോകത്തിനു ഇന്നും ആവേശമാണ്. ജന്‍മദേശത്തിന് പോലും ജെസ്സി ഓവന്‍സിന്റെ മഹത്വം തിരിച്ചറിയാന്‍ പതിറ്റാണ്ടുകള്‍ തന്നെ കാത്തിരിക്കേണ്ടി വന്നു. 1988 ജൂലൈ 12 ന് അമേരിക്കന്‍ ജനപ്രതിനിധി സഭ അപൂര്‍വമായൊരു നിയമ നിര്‍മാണം നടത്തിയാണ് തെറ്റുകള്‍ മാപ്പിരന്നത്. മണ്‍മറഞ്ഞു പോയ ഇതിഹാസ താരത്തിനു അഞ്ചാമതൊരു സ്വര്‍ണ മെഡല്‍ കൂടി സമ്മാനിക്കാന്‍ നിയമം കൊണ്ടു വന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.