2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഒരേയൊരു ഇഖ്ബാല്‍

മുഹമ്മദ് കടാങ്കോട്‌

വിവരിപ്പൂ ഞാന്‍
സത്യവിശ്വാസി തന്‍ ലക്ഷണം
മൃത്യുവിന്‍ വേളയില്‍ അധരങ്ങളില്‍
പൂത്തുല്ലസിക്കും മന്ദസ്മിതം…
1938 ഏപ്രില്‍ 21ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഈ ലോകത്തോട് വിടപറയുമ്പോള്‍ ചുറ്റുമുള്ളവരോടായി അല്ലാമാ ഇഖ്ബാല്‍ പാടിയ വരികളാണിത്. ദാര്‍ശനികതയുടെ അത്യുന്നതി പുല്‍കിയ ഇഖ്ബാല്‍ കാവ്യലോകത്തെ അതുല്യനായ പണ്ഡിതനായാണ് എണ്ണപ്പെടുന്നത്. ഭാരതമണ്ണില്‍ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ഈ പൂങ്കാവനത്തില്‍ പാറിക്കളിക്കുന്ന പറവകളും ഇഖ്ബാലിന്റെ കാവ്യശകലങ്ങള്‍ ഇന്നും ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. കാരണം അത്രമാത്രം സ്വാധീനശക്തിയുണ്ടായിരുന്നു ഇഖ്ബാലിന്റെ വരികള്‍ക്ക്. ജീവിതത്തിന്റെ സായാഹ്നത്തില്‍ കവിതാരചന നിര്‍ത്താന്‍ തുനിഞ്ഞ അദ്ദേഹം തന്റെ ഉറ്റ സുഹൃത്തിനോടിക്കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഇഖ്ബാല്‍ കവിതയിലെ മാസ്മരികത അനുഭവിച്ചറിഞ്ഞ സുഹൃത്ത് പറഞ്ഞത് ”ഇഖ്ബാല്‍, നിര്‍ജീവമായ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നിദാനമാവാന്‍ സാധിക്കുന്ന പ്രഹരശേഷിയും ആരെയും ആകര്‍ഷിക്കുന്ന ക്രിയാത്മക പാടവവും നിന്റെ കവിതകളില്‍ ഇന്നും അവശേഷിക്കുന്നു. അതിനാല്‍ നീ എഴുതിക്കൊണ്ടേയിരിക്കുക” എന്നായിരുന്നു.
ഇഖ്ബാലിന്റെ കവിതകള്‍ പേരിനോ പ്രതാപത്തിനോ വേണ്ടിയായിരുന്നില്ല. ധര്‍മസമ്പൂര്‍ണമായ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ലക്ഷ്യമായിരുന്നു ആ കവിതകള്‍ക്കു പിന്നില്‍. തന്റെ വിരല്‍തുമ്പിലൂടെ ഒഴുകിവരുന്ന അക്ഷരക്കൂട്ടങ്ങള്‍ക്ക് നന്മനിറഞ്ഞ സമൂഹത്തിന്റെ ഗര്‍ഭപാത്രമായി മാറാനാകണമെന്ന് അദ്ദേഹം അഭിലാഷിച്ചു. ആ സപര്യയില്‍ ദേശീയതയും രാജ്യസ്‌നേഹവും ധാര്‍മികതയും പ്രവാചകസ്‌നേഹവുമെല്ലാം വിഷയീഭവിച്ചു. തന്റെ സ്വത്വബോധത്തെ ആരുടെ മുന്നിലും അടിയറവ് വെക്കാന്‍ തയാറാകാത്ത അദ്ദേഹം കവിതയിലുടനീളം തന്റെ വിശ്വാസത്തെ ഒപ്പംനിര്‍ത്തി. ഓരോ ഇന്ത്യന്‍ പൗരന്റെയും നാവില്‍ സദാ നിര്‍ഗളിക്കുന്ന ‘സാരേ ജഹാന്‍സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്നാ കാവ്യശകലവും ആ തൂലികയില്‍നിന്ന് പിറവികൊണ്ടതായിരുന്നു.
കവിയെന്നതിനപ്പുറം അഭിഭാഷകന്‍, വാഗ്മി, പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യസമര സേനാനി എന്നീ മേഖലകളിലും സുവര്‍ണമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു ഇഖ്ബാല്‍. അഭിഭാഷകനായി ജോലിയനുഷ്ഠിക്കുന്ന സമയത്ത് നിരവധി ആളുകള്‍ തന്നെ തേടി വരാറുണ്ടെങ്കിലും തനിക്ക് ആവശ്യമായ പണമായെന്നറിഞ്ഞാല്‍ പിന്നെ ആരെയും സ്വീകരിക്കാറുണ്ടായിരുന്നില്ല. ജീവിതാന്ത്യംവരെ പാടുപെട്ട് അപരനെ വിസ്മൃതിയുടെ കുഴിയിലാഴ്ത്താന്‍ ഇഖ്ബാലിന്റെ മനസ്സ് സമ്മതിച്ചിരുന്നില്ല. ‘മനുഷ്യനെത്ര ഭൂമി വേണമെന്ന’ ടോള്‍സ്റ്റോയിയുടെ കഥ നല്‍കുന്ന പാഠവുമതായിരുന്നു. ”ആവശ്യങ്ങളെയാണ് ശമിപ്പിക്കേണ്ടത്, അത്യാര്‍ത്ഥിയെയല്ല”.
സര്‍വ വിജ്ഞാനത്തിന്റെയും മഹാവൃക്ഷമായിരുന്നു ഇഖ്ബാല്‍. ആ വൃക്ഷം സദാ കായ്ച്ചുകൊണ്ടിരുന്നു. തേടി വരുന്നവര്‍ക്കെല്ലാം മധുരമുള്ള ഫലങ്ങള്‍ നല്‍കി. ജീവിതത്തിലെ പ്രയാസങ്ങളിറക്കിവയ്ക്കാന്‍ ആ വൃക്ഷം തേടിയെത്തിയവര്‍ക്ക് ആനന്ദത്തിന്റെ തേനൂറും വിഭവങ്ങള്‍ കൈമാറി. അവരില്‍ രാഷ്ട്രീയക്കാരും അഭിഭാഷകരും പണ്ഡിതരും കവികളും വിദ്യാര്‍ഥികളും സാധാരണക്കാരുമുണ്ടായിരുന്നു. ആയുസ്സിന്റെ ഒരു നിമിഷത്തില്‍ പോലും ആ വടവൃക്ഷം ഉണങ്ങിയില്ല. അറിവും വിശ്വാസവുമായിരുന്നു ആ വൃക്ഷത്തെ നട്ടുവളര്‍ത്തിയത്. സാമൂഹികബോധമായിരുന്നു അതിന്റെ വളം. ആ സഹജീവിസ്‌നേഹം മനുഷ്യരില്‍ മാത്രം പരിമിതമായിരുന്നില്ല. മൃഗങ്ങളും ആ സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശം ഏറ്റുവാങ്ങി. ജീവിതത്തിന്റെ അവസാന സമയത്ത് വീടിന്റെ മേല്‍ക്കൂരയില്‍ ഒരു കൂട് നിര്‍മിച്ച് അതില്‍ നിറയെ പ്രാവുകളെ വളര്‍ത്താനും അതിന് നടുവിലായി തനിക്ക് വിശ്രമിക്കാനൊരിടമൊരുക്കാനും മകനോട് നിര്‍ദേശിച്ചിരുന്നു. തത്തയെ കൈയില്‍ പിടിച്ച് ഗൃഹപാഠം ചെയ്യുന്ന ഇഖ്ബാലിനോട് എന്താനന്ദമാണിതിലുള്ളതെന്ന് ഗുരു ചോദിച്ചപ്പോള്‍ ”ഇതിനെ കൈയിലെടുക്കൂ, അനുഭവിച്ചറിയൂ” എന്നായിരുന്നു മറുപടി.

ജനനം ഭക്തകുടുംബത്തില്‍

1877 നവംബര്‍ 9ന് പഞ്ചാബിലെ സിയാല്‍കോട്ടില്‍ ചെറുകിട കച്ചവടക്കാരുടെ ഒരു ഭക്തകുടുംബത്തിലായിരുന്നു മുഹമ്മദ് ഇഖ്ബാലിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. മാതാപിതാക്കളില്‍ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ ഇഖ്ബാല്‍ പൊറുക്കിയെടുത്തു. മൗലാനാ ഗുലാം ഹസനില്‍ നിന്നും ഖുര്‍ആനിക ജ്ഞാനവും കരസ്ഥമാക്കി. പിന്നീട് മൗലാനാ സയ്യിദ് മീര്‍ ഹസന്‍ഷായുടെ മക്തബില്‍ നിന്നും അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളിലെ പ്രാഥമിക വിജ്ഞാനം നേടി. ശേഷം 1895 വരെ സ്‌കോച് മിഷന്‍ ഹൈസ്‌കൂളില്‍ പഠനം നടത്തി. ലാഹോറിലെ ഗവ. കോളജില്‍ നിന്നും ഫിലോസഫി, അറബിക് ലിറ്ററേച്ചര്‍, ഇംഗ്ലിഷ് ലിറ്ററേച്ചര്‍ എന്നിവയില്‍ ബി.എ നേടി. 1899ല്‍ ഫിലോസഫിയില്‍ എം.എയും കരസ്ഥമാക്കി.
1895ല്‍ 18 വയസ്സുള്ളപ്പോഴാണ് ഇഖ്ബാലിന്റെ വിവാഹം നടക്കുന്നത്. കരിം ബീബിയായിരുന്നു വധു. ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ പിറന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായെങ്കിലും മുന്‍ ഭാര്യക്ക് ജീവിതാന്ത്യം വരെ ഇഖ്ബാല്‍ സാമ്പത്തിക സഹായം നല്‍കി. 1914ല്‍ മുഖ്താര്‍ ബീഗത്തെ വിവാഹം ചെയ്തു. 1924ല്‍ അവരും മകനും മരിച്ചു. പിന്നീടാണ് സര്‍ദാര്‍ ബീഗത്തെ ജീവിതസഖിയാക്കിയത്. ഇവരില്‍ ജനിച്ച ജാവേദ് ഇഖ്ബാല്‍ പാക് സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായി.

അറിവോട്ടം

തത്വചിന്തയില്‍ ഇഖ്ബാലിനെ ഏറെ സ്വാധീനിച്ചത് ലോക പ്രശസ്ത ബ്രിട്ടിഷ് പണ്ഡിതനായ തോമസ് ആര്‍നോള്‍ഡാണ്. അദ്ദേഹമാണ് ഇഖ്ബാലിന്റെ വൈജ്ഞാനിക ലോകത്തിന് നിറപ്പകിട്ടാര്‍ന്ന ചിറകുകള്‍ സമ്മാനിക്കുന്നത്. യൂറോപ്പില്‍ പോയി വിദ്യ നുകരാനുള്ള ഉപദേശം നല്‍കിയത് അദ്ദേഹമായിരുന്നു. അതനുസരിച്ചാണ് പിന്നീട് കാംബ്രിജില്‍ നിന്നും ബി.എയും ലിങ്കണ്‍സ്ഇന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും അഭിഭാഷക പട്ടവും കരസ്ഥമാക്കുന്നത്.
ഇഖ്ബാലിന്റെ യുവത്വം അറിവോട്ടങ്ങളുടെ അനന്തമായ പ്രവാഹത്തിനായിരുന്നു സാക്ഷ്യംവഹിച്ചത്. വീണ്ടും പഠനം തുടര്‍ന്ന ഇഖ്ബാല്‍ ജര്‍മനിയില്‍ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കി. പഠനകാലത്തിനിടയില്‍ തന്നെ ഇഖ്ബാല്‍ വിവിധ ജോലികളനുഷ്ഠിച്ചിരുന്നു. 1899ല്‍ അറബിക് റീഡറായും പിന്നീട് ലാഹോറിലെ ഗവ. കോളജില്‍ ജൂനിയര്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇഖ്ബാല്‍ 1919ല്‍ അന്‍ജുമന്‍ ഹിമായത്ത് ഇസ്്‌ലാമിന്റെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1926ല്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയായി പഞ്ചാബ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മത്സരിച്ചു. ജീവിതത്തിലുടനീളം നിരവധി പ്രഭാഷണങ്ങള്‍ നടത്തിയ ഇഖ്ബാലിന് ശബ്ദത്തിന് സംഭവിച്ച തകരാര്‍ നിമിത്തം 1934ല്‍ പ്രസംഗപീഠത്തോട് വിടപറയേണ്ടി വന്നു.

രചനാ ലോകം

തോമസ് ആര്‍നോള്‍ഡിനു പുറമേ ഇഖ്ബാലിനെ സ്വാധീനിച്ച ഗുരുവര്യരില്‍ പ്രധാനിയായിരുന്നു സയ്യിദ് മീര്‍ ഹസന്‍. ഇഖ്ബാലിലെ കവിയെ കണ്ടെത്തുന്നതിലും അതിന് ബീജാവാപം നല്‍കുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. പഠനസമയത്ത് സ്‌കൂളിലെ ക്ലാസ് കഴിഞ്ഞാല്‍ മീര്‍ ഹസന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അമൂല്യമായ അറിവുകളും ഉപദേശങ്ങളും സ്വീകരിക്കുക പതിവായിരുന്നു. പഠനകാലത്ത് തന്നെ ഇഖ്ബാല്‍ കാവ്യരചനയ്ക്ക് തിരികൊളുത്തിയിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഷെയ്ഖ് അബ്ദുല്‍ ഖാദറിന്റെ സാഹിത്യ പ്രസിദ്ധീകരണത്തില്‍ ഇഖ്ബാലിന്റെ കവിതകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1899ല്‍ അന്‍ജുമന്‍ ഹിമായത്തെ ഇസ്്‌ലാമിന്റെ വാര്‍ഷികസമ്മേളനത്തില്‍ ചൊല്ലിയ ‘നാലയെ യതീം’ എന്ന കവിതയാണ് ആദ്യമായി വലിയ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചത്. 1903ല്‍ പുറത്തിറങ്ങിയ ഇഖ്ബാലിന്റെ ‘ഇല്‍മുല്‍ ഇഖ്തിസ്വാദ്’ എന്ന ഗ്രന്ഥമാണ് പ്രസിദ്ധീകൃതമായ ആദ്യ കൃതി.
1924ലാണ് പ്രഥമ കാവ്യസമാഹാരമായ ‘ബാങ്കെ ദറ’ പ്രസിദ്ധീകരിക്കുന്നത്. ഇതിലെ മിക്ക കവിതകളും യൂറോപ്യന്‍ യാത്രയ്ക്ക് മുമ്പേ രചിച്ചവയായിരുന്നു. 1935ല്‍ ‘ബാലെ ജിബ്രീല്‍’ എന്ന മാസ്റ്റര്‍പീസ് കവിതാ സമാഹാരം പുറത്തിറങ്ങി. 1936ല്‍ ‘സര്‍ബെ കലിം’, 1938 ല്‍ ‘അര്‍മാനെ ഹിജാസ്’ എന്നീ ഉറുദു കാവ്യസമാഹാരങ്ങളും 1932ല്‍ ‘ജാവേദ് നാമ’, 1934ല്‍ ‘മുസാഫിര്‍’ എന്നീ പേര്‍ഷ്യന്‍ കവിതകളും പുറത്തിറങ്ങി. ഇസ്്‌ലാമിന്റെ പൈതൃകം വിവരിച്ചും അത് നേരിടുന്ന വെല്ലുവിളികള്‍ വിശദീകരിച്ചും ജനങ്ങളെ ഉദ്ബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ ഇഖ്ബാല്‍ എഴുതിയതാണ് ‘ശിക്‌വ’ എന്ന കവിത. ഇതെഴുതി മൂന്നുവര്‍ഷത്തിനുശേഷമാണ് ഇതിനൊരു മറുപടിയെന്ന നിലയ്ക്ക് ‘ജവാബെ ശിക്‌വ’ എഴുതുന്നത്. ഇഖ്ബാലിന്റെ കവിതകള്‍ ഉര്‍ദു ഭാഷയുടെ ലോക പ്രസിദ്ധിയുടെ ഹേതുകമായി വര്‍ത്തിച്ചു. 1930ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘റീ കണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജ്യസ് തോട്ട് ഇന്‍ ഇസ്്‌ലാം’ എന്ന പ്രഭാഷണസമാഹാരവും പ്രശസ്തമാണ്.
വില്യം വേര്‍ഡ്‌സ്‌വര്‍ത്തും ബ്രൗണിങ്ങും ഇഖ്ബാലിന്റെ പ്രിയ കവികളായിരുന്നു. വേര്‍ഡ്‌സ്‌വര്‍ത്ത് പ്രകൃതിയുടെ സമസ്യകള്‍ക്ക് പരിഹാരം നിര്‍ദേശിച്ചപ്പോള്‍ ഇഖ്ബാല്‍ മാനുഷിക പ്രശ്‌നങ്ങള്‍ക്ക് സാന്ത്വനമേകുകയായിരുന്നു.

കവിതയിലൂടെ മദീനയിലേക്ക്…

ജീവിതത്തില്‍ ഒരിക്കല്‍ പോലും മദീന കാണാനായില്ലല്ലോ എന്ന ആകുലതയായിരുന്നു അന്ത്യനിമിഷങ്ങളില്‍ ഇഖ്ബാലിനെ അലട്ടിയത്. എങ്കിലും തന്റെ തൂലികകൊണ്ട് മദീനയിലെ മണല്‍ത്തരികളെ പോലും ഇഖ്ബാല്‍ പുളകംകൊള്ളിച്ചു. ആത്മാവുകൊണ്ട് ഇഖ്ബാല്‍ പലവുരു മദീന സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രവാചകാനുരാഗ കവിതകളില്‍ മദീനയുടെ ഗന്ധം അലിഞ്ഞുചേര്‍ന്നിരുന്നു. കവിതകളില്‍ ഭൂരിഭാഗവും പ്രവാചക പ്രകീര്‍ത്തനത്തിന്റെ നിറവര്‍ണനകളായിരുന്നു. ആത്മാവുകൊണ്ട് പ്രവാചകനുമായും മദീനയുമായും ഇഖ്ബാല്‍ അത്രമാത്രം അടുപ്പം പ്രാപിച്ചു. പ്രവാചകനെ പ്രകീര്‍ത്തിക്കുമ്പോള്‍ പലപ്പോഴും ഇഖ്ബാലിന്റെ ചുണ്ടിടറി. കൈകള്‍ ബലഹീനമായി. മദീനയുടെ നാമം കേള്‍ക്കേണ്ട താമസം ഇഖ്ബാലിന്റെ നയനങ്ങളില്‍ കടലിരമ്പും.
ഒരിക്കല്‍ നിയമപരമായ ചില ചര്‍ച്ചകള്‍ക്ക് വേണ്ടി പഞ്ചാബിലെ അതിസമ്പന്നനായ ഒരാളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു. രാജകീയ ഭക്ഷണവും അത്യാധുനികമായ താമസസൗകര്യവും ഒരുക്കിയാണ് സല്‍ക്കരിച്ചത്. ഇത് കണ്ട ഇഖ്ബാലിന്റെ മനസ് അങ്ങകലെ മദീനയിലെത്തി. ‘വിശപ്പിന്റെ കാഠിന്യം മൂലം വയറ്റത്ത് കല്ലുവെച്ച, ഓലപ്പായയില്‍ കിടന്നതുമൂലം ദേഹത്ത് പാടുകള്‍ പതിഞ്ഞ പുണ്യറസൂലിന്റെ അനുയായിയായ എനിക്കെങ്ങനെ ഇതാസ്വദിക്കാനാകും’ എന്ന ചിന്ത അദ്ദേഹത്തെ തളര്‍ത്തി. ആ മുറിയുടെ ഓരംചേര്‍ന്ന് ഇഖ്ബാല്‍ വിങ്ങിപ്പൊട്ടി. തന്റെ സേവകനെ വിളിച്ച് കട്ടിലിലെ കിടക്കയും വിരിപ്പും നീക്കാനും വെറുംകട്ടില്‍ ഒരു മൂലയില്‍ കൊണ്ടിടാനും നിര്‍ദേശിച്ചു. ഇത്രമാത്രം അന്തര്‍ലീനമായിരുന്നു ഇഖ്ബാലിലെ പ്രവാചകപ്രേമം. ജീവിതത്തിലെ സകല സമസ്യകളുടെയും പൂരണം അദ്ദേഹം പ്രവാചകനില്‍ കണ്ടെത്തി. ആ സ്‌നേഹം സകല ദുഃഖങ്ങള്‍ക്കും പരിഹാരമാണെന്നദ്ദേഹം മനസ്സിലാക്കി. ഇഖ്ബാലിന്റെ നാവിന്‍തുമ്പില്‍ നിന്നും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പുറത്തുവരുമ്പോള്‍ ഞങ്ങള്‍ നിയന്ത്രണംവിട്ട് കരഞ്ഞുപോകാറുണ്ടെന്ന് കൂടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്്‌ലിമിന്റെ ഹൃദയം പ്രവാചകന്റെ ഭവനമാണെന്നും നമ്മുടെ ഔന്നത്യവും വളര്‍ച്ചയും അതില്‍ നിന്നും ഉരുത്തിരിഞ്ഞുണ്ടാകുന്നതാണെന്നും ഇഖ്ബാല്‍ സമര്‍ത്ഥിച്ചു. മദീനയിലേക്കെത്താനായില്ലെങ്കിലും മദീനയിലേക്കൊരു സങ്കല്‍പയാത്ര നടത്തിയതായി ‘അര്‍മാനെ ഹിജാസ്’ എന്ന കവിതയിലൂടെ ഇഖ്ബാല്‍ പറയുന്നു. ആ വഴികളില്‍ അദ്ദേഹം ദര്‍ശിച്ച മരുഭൂമികളും വൃക്ഷങ്ങളും മണല്‍ത്തരികളും കവിതയിലെ പ്രതിപാദ്യ വിഷയമായി.

ദേശസ്‌നേഹി

ഇഖ്ബാലിന്റെ രാജ്യസ്‌നേഹവും രചനാപാടവവുമളക്കാന്‍ ‘സാരെ ജഹാന്‍സെ അച്ഛാ’ എന്ന കവിത ധാരാളം. ബഹിരാകാശ യാത്ര കഴിഞ്ഞുവന്ന രാകേഷ് ശര്‍മയോട് ‘അവിടെ നിന്ന് വീക്ഷിക്കുമ്പോള്‍ എങ്ങനെയുണ്ടായിരുന്നു നമ്മുടെ ഭാരതം’ എന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചോദിച്ചപ്പോള്‍ അദ്ദേഹം അതിന് മറുപടി പറയുന്നത് ഈ കാവ്യശകലത്തിലൂടെയായിരുന്നു. രാജ്യസ്‌നേഹത്തിന്റെയും മാനവികതയുടെയും നവ പാഠങ്ങളാണ് ഇഖ്ബാല്‍ കവിതയിലൂടെ വിളിച്ചോതുന്നത്. ഒരേ വീട്ടിലെ അംഗങ്ങളായ നാമെന്തിന് പരസ്പരം ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ‘ബച്ചോം കീ ഖൗമീ’ എന്ന കവിതയും ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയെയാണ് വിളിച്ചോതുന്നത്. റോമും ഗ്രീസും ഈജിപ്തും മതസംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളായി പരിണമിച്ചപ്പോള്‍ നമ്മുടെ സംസ്‌കാരം തലയുയര്‍ത്തി നില്‍ക്കുന്നത് ആ തനിമ കാരണമാണെന്നദ്ദേഹം കവിതയില്‍ കുറിച്ചു.

സൂഫി

ഇഖ്ബാലിന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ യൂറോപ്യന്‍ പണ്ഡിതനായിരുന്നു ലൂയിസ് മസൈനോണ്‍. അദ്ദേഹത്തിന്റെ ഹാല്ലാജിനെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ് സൂഫിസത്തെ കുറിച്ചുള്ള ആദ്യപാഠങ്ങള്‍ ഇഖ്ബാല്‍ നുകരുന്നത്. പിന്നീട് റൂമിയെ തന്റെ അധ്യാത്മിക ഗുരുവായി സ്വീകരിച്ച അദ്ദേഹം സൂഫി മേഖലയില്‍ പരിലസിച്ചു. ശരീരത്തിലും വസ്ത്രത്തിലും പ്രകടമാക്കുന്ന സൂഫിസത്തോട് സലാം പറഞ്ഞ ഇഖ്ബാല്‍ അതിനെ തന്റെ ജീവിതത്തിലേക്കാവാഹിക്കാനാണ് ശ്രമിച്ചത്. ഈ അധ്യാത്മിക ചിന്തകള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും ഒളിഞ്ഞിരിക്കുന്നത് കാണാം. ധ്യാനമോ ഏകാഗ്രതയോ മാത്രമല്ല സൂഫിസമെന്നും നിരന്തരമായ കര്‍മങ്ങളിലാണ് അതിന്റെ സത്ത കിടക്കുന്നതെന്നും ഇഖ്ബാല്‍ തിരിച്ചറിഞ്ഞു. കവിതകളിലൂടെ സാമൂഹിക നവോത്ഥാനം സാധ്യമാക്കിയ ഇഖ്ബാല്‍ ജീവിതത്തിലുടനീളം തന്റെ സമുദായത്തിന്റെ ഉയര്‍ച്ചക്കായി നിരന്തരം ശ്രമിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.