
ഡാന്ക്ലാര്ക്ക് വിവരിച്ച ആ
കഥ ഇപ്രകാരം;
പോള്‍ എന്ന യുവാവിന് ക്രിസ്മസ് സമ്മാനമായി ഒരു കാര്‍ കിട്ടി. സ്വന്തം ചേട്ടന് സമ്മാനിച്ചതായിരുന്നു ആ മനോഹരമായ പുതുപുത്തന്‍ കാര്‍. ക്രിസ്മസിന്റെ തലേദിവസം ഓഫീസില്‍ നിന്ന് പുറത്തിറങ്ങി വന്നപ്പോള്‍ ഒരു പയ്യനുണ്ട് കാറിന് ചുറ്റും നടക്കുന്നു. കാറിന്റെ ഭംഗി നോക്കി അതിശയത്തോടെ, കൊതിയോടെ നടക്കുകയാണവന്‍. പാവപ്പെട്ട കുടുംബത്തിലെ പയ്യനാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. ‘അങ്ങയുടേതാണോ ഈ കാര്‍’ വിടര്‍ന്ന കണ്ണുകളോടെ അവന് ചോദിച്ചു. ‘അതെ. എന്റെ ചേട്ടന് നല്കിയ ക്രിസ്മസ് സമ്മാനമാണ് ഈ കാര്‍’. പോള്‍ പറഞ്ഞതുകേട്ട് പയ്യന് അതിശയിച്ചു. ‘അപ്പോള്‍ ഈ കാര്‍ ശരിക്കും നിങ്ങളുടെ ചേട്ടന്റെ സമ്മാനമാണ്! ഒരു പൈസയും നിങ്ങള്‍ക്ക് ഇതിനായി ചെലവഴിക്കേണ്ടി വന്നില്ല …. എനിക്കും ….’
എന്തോ പറയാന്‍ നോക്കി അവന് പെട്ടെന്ന് നിര്‍ത്തി. അവന്റെ മുഖത്തുതന്നെ നോക്കി നില്‍ക്കുകയായിരുന്ന പോളിന് മനസ്സിലായി, അവന് എന്തായിരിക്കും പറയാന്‍ പോവുന്നതെന്ന്!!
തനിക്കും അതുപോലെ ഒരു ചേട്ടനുണ്ടായിരുന്നെങ്കില്‍ എന്നല്ലേ അവന് പറയാനൊങ്ങിയത് എന്നാല്‍ പിന്നീട് പയ്യന് പറഞ്ഞ വാക്കുകള്‍ പോളിനെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു!! അവന് പറയുകയാണ്. ‘അതുപോലെ സമ്മാനം നല്കാന് കഴിയുന്ന ചേട്ടനാവാന്‍ എനിക്കും കഴിഞ്ഞിരുന്നെങ്കില്‍!!’
അമ്പരപ്പോടെ ആ ആഗ്രഹം കേട്ടുനിന്ന പോള്‍ അവനെ ക്ഷണിച്ചു. ‘നീ വരുന്നോ കൂടെ. കാറില്‍ നമുക്ക് ഒരുമിച്ച് കുറച്ചു സമയം യാത്ര ചെയ്യാം’. ‘എനിക്ക് വലിയ ഇഷ്ടമാണ് കാറില്‍ പോവാന്‍’
വിടര്‍ന്ന കണ്ണുകളോടെ അവന് പറഞ്ഞു.
എന്നിട്ട് കാറില്‍ കയറിയിരുന്നു.കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അവന് ചോദിക്കുകയാണ്; ‘അതാ ആ ഭാഗത്തുള്ള എന്റെ വീടിന്റെ മുമ്പിലൂടെ ഒന്നു പോവാമോ’ അതുകേട്ട് പോള്‍ മന്ദഹസിച്ചു. അയാള്‍ക്ക് ഊഹിക്കാം അവന് പറയുന്നതിന്റെ ഉദ്ദേശ്യം!! അയല്പക്കക്കാരൊക്കെ ഒന്നു കാണട്ടെ, താനൊരു പുതുപുത്തന്‍ കാറില്‍ വന്നിറങ്ങുന്നത് എന്നതാവും പയ്യന്റെ മനോഗതം!! പക്ഷെ അപ്പോഴും അയാളുടെ ഊഹം തെറ്റിപ്പോയി!! ‘അതാ ആ കോണിപ്പടിയ്ക്കരികില്‍ ഒന്നു നിര്‍ത്താമോ ഒരല്‍പ്പം സമയം’.
അതു പറഞ്ഞ് കാറില്‍നിന്നിറങ്ങി അവന് പടികള്‍ അതിവേഗം ഓടിക്കയറി. അല്‍പ്പനിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാനായി. പക്ഷെ കയറിപ്പോയതു പോലെ വേഗത്തിലായിരുന്നില്ല ഇറങ്ങി വന്നത്. വളരെ പതുക്കെ അവന് വന്നു. ചുമലില്‍ വികലാംഗനായ അനിയനെയും ചുമന്നായിരുന്നു പതുക്കം, ശ്രദ്ധിച്ചുകൊണ്ടുള്ള ആ വരവ്.
താഴെയെത്തി, പോളിനെയും കാറും ചൂണ്ടിക്കാണിച്ചു കൊണ്ട് അവന് അനിയനോട് സ്നേഹപൂര്‍വ്വം പറയുകയാണ്. ‘ഇതാ നോക്ക്; എന്തു ഭംഗിയുള്ള കാര്‍. ഇദ്ദേഹത്തിന് ചേട്ടന് സമ്മാനം നല്‍കിയതാണ് ഈ കാര്‍. പോളിന് ഒരു പൈസ പോലും ചെലവാക്കേണ്ടി വന്നിട്ടില്ല. ഞാന്‍ വലുതാവുമ്പോള്‍, ഒരിക്കല്‍ ഇതുപോലെ ഭംഗിയുള്ള കാര്‍ വാങ്ങി നിനക്ക് സമ്മാനിക്കും!! നമുക്ക് ഈ തെരുവുകളത്രയും ചുറ്റിക്കാണണം. നീ ക@ണ്ടിട്ടേയില്ലാത്ത റോഡുകളും കെട്ടിടങ്ങളുമെല്ലാം’ വികലാംഗനായ ആ കൊച്ചുകുട്ടിയുടെയും അവന്റെ ചേട്ടന്റെയും പ്രകാശം നിറയുന്ന കണ്ണുകളിലേക്ക് നോക്കിയിരിക്കുകയാണ് പോള്‍. പിന്നെ ആ യുവാവ് കാറില്‍ നിന്നിറങ്ങി. എന്നിട്ടയാള്‍ ആ കുട്ടിയെ എടുത്ത് കാറിന്റെ മുന്‍സീറ്റിലിരുത്തി. കൂടെ അവന്റെ ചേട്ടനും. എന്നിട്ടയാള്‍ പല പല തെരുവുകളിലൂടെ കാറോടിക്കാന്‍ തുടങ്ങി.
എന്നും മുറിയില്‍ കഴിയുന്ന വികലാംഗനായ ആ കുഞ്ഞു ബാലന്, ഇതാദ്യമായി, ആ സായാഹ്നത്തില്‍ തന്റെ സമീപപ്രദേശങ്ങളിലെ തെരുവുകളിലൂടെ സഞ്ചരിച്ചു. റോഡുകളും കെട്ടിടങ്ങളും മാര്‍ക്കറ്റുകളും മനുഷ്യരെയും എല്ലാം കണ്‍കുളിര്‍ക്കെ കണ്ടു!! എന്താണ് മഹത്തരമായ സ്വപ്നം കുഞ്ഞനിയനു വേണ്ടി ആ കൊച്ചു ചേട്ടന് കണ്ട സ്വപ്നം. കാറുവാങ്ങി സമ്മാനിക്കുകയെന്ന സ്വപ്നം!
നല്ല മനുഷ്യരുടെ കണ്ണു നനയിക്കുന്ന, ദൈവത്തിന് ഏറ്റവും പ്രീതിയുളവാക്കുന്ന മനോഹരമായ സ്വപ്നം. പില്ക്കാലത്ത് പൂവണിഞ്ഞിട്ടുണ്ടാവില്ലേ ആ സ്വപ്നം ശക്തമായ, ശുദ്ധമായ മോഹങ്ങള്‍ മനസ്സിലുറപ്പിച്ച ആ കുട്ടിയ്ക്ക് അത് നിറവേറിക്കിട്ടിയിരിക്കില്ലേ! ലക്ഷ്യത്തിലേക്കെത്തിയിട്ടുണ്ടാവില്ലേ നന്മ നിറഞ്ഞ ഹൃദയങ്ങളെക്കുറിച്ച് ഷേക്സ്പിയര് പറയുന്നതിങ്ങനെ; ‘How far that lttile candle throws sti beams! So shines a good deed in a naugthy world’ William Shakespeare.