2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഒപ്പമുണ്ട് സർക്കാർ; അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ നീതിതേടി, മുഖ്യമന്ത്രിയുടെ ഓഫിസിൽ അതിജീവിതയെത്തി. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷിയ്‌ക്കൊപ്പം അതിജീവിത മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയത്.

15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കിടെ കേസുമായി ബന്ധപ്പെട്ട ആശങ്കകൾ, മൂന്നു പേജുള്ള നിവേദനമായി അതിജീവിത മുഖ്യമന്ത്രിക്ക് നൽകി.

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേസിൽ തുടക്കം മുതൽ സർക്കാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ നിലകൊണ്ടത്. ആ നില തന്നെ തുടർന്നും ഉണ്ടാകും. ഇത്തരം കേസുകളിൽ എതിർപക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണ്. അത് കേസ് അട്ടിമറിക്കാനല്ല. ശ്രീജിത്തിനെ മാറ്റിയത് ഈ കേസിനെ ബാധിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെയും മറ്റ് ഇടതുനേതാക്കളുടെയും ആരോപണങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രധാന ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടി സംശയം ഉന്നയിച്ചിട്ടുണ്ട്.

കോടതിയെ സമീപിക്കാൻ ഇടയായത് സർക്കാർ നടപടിയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും മുഖ്യമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ വാക്കുകളിൽ പൂർണ വിശ്വാസമുണ്ട്. സത്യാവസ്ഥ പുറത്തുവരണം. നീതി ലഭിക്കണം അതാണ് നേരിട്ട് തന്നെ പോരാട്ടത്തിനിറങ്ങിയത്. ഹരജി നൽകിയതിന് പിന്നിൽ യു.ഡി.എഫ് ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, അതൊക്കെ വെറുതെ വരുന്ന വ്യാഖ്യാനങ്ങളാണെന്നും നടി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.