2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒന്ന് ഊതിയാല്‍ കണ്ടെത്താം, 17 മാരക രോഗങ്ങള്‍!

റസാഖ് എം അബ്ദുല്ല

രോഗം കണ്ടുപിടിക്കുകയെന്നതാണ് രോഗിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം. രോഗ നിര്‍ണയത്തിനായി ഇന്ന് നിരവധി വഴികള്‍ നമ്മുടെ വൈദ്യശാസ്ത്രത്തിനു മുമ്പിലുണ്ട്. സ്മാര്‍ട്ട് യുഗത്തോടൊപ്പം സഞ്ചരിക്കാനും വൈദ്യശാസ്ത്ര രംഗം തയാറായിട്ടുണ്ട്. ഒന്ന് ഊതിയാല്‍ ശരീരത്തെ ബാധിച്ച രോഗം കണ്ടെത്തുന്ന ബ്രെത്ത്‌ലൈസറുമായാണ് ഇസ്‌റാഈലിലെ ടെക്‌നിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വന്നിരിക്കുന്നത്. എ.സി.എസ് നാനോ ജേണലിലാണ് ഇതിന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്.

ബ്രെത്ത്‌ലൈസറിലൂടെ ഊതിയാല്‍ 17 വ്യത്യസ്ത രോഗങ്ങള്‍ കണ്ടെത്താനാവും. രണ്ടുതരം വാതരോഗം, കുടല്‍ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍, തല, കഴുത്ത് കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ ഒരു നിമിഷം കൊണ്ട് കണ്ടെത്താനാവുമെന്നാണ് വാഗ്ദാനം.
17,000 രോഗികളിലായി 56 ഗവേഷകര്‍ പഠനം നടത്തിയാണ് ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. രോഗ നിര്‍ണയത്തില്‍ 86 ശതമാനം കൃത്യതയുള്ളതായി തെളിഞ്ഞിട്ടുണ്ട്. ക്ലിനിക്കുകളില്‍ ഉടന്‍ തന്നെ ഈ ഉപകരണം എത്തില്ലെങ്കിലും ഭാവിയില്‍ രോഗ നിര്‍ണയ രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ ഉപകരണത്തിനാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

സംഭവം പുതിയതാണെങ്കിലും ഐഡിയ പുരാതനമാണെന്നാണ് പഠനം നടത്തിയവര്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞത്. രോഗിയുടെ ശ്വാസം മണത്തു നോക്കി രോഗനിര്‍ണയം നടത്തുന്ന സമ്പ്രദായം ബി.സി 400 ല്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ശ്വസന സമയത്ത് പുറത്തുവരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനൊപ്പം നൂറിലധികം രാസ മിശ്രിതമുണ്ടായിരിക്കും. ഇതില്‍ 13 എണ്ണം ചില രോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉപകരണത്തിലെ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റായ’ ഭാഗം ഇതു കണ്ടെത്തുകയും ഇതിന്റെ അളവ് രേഖപ്പെടുത്തി രോഗം നിര്‍ണയിക്കുകയും ചെയ്യും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.