
ട്രിപോളി: ഒക്ടോബര്‍ അവസാനത്തോടെ താന്‍ രാജിവയ്ക്കുമെന്നും രാജ്യത്തെ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അധികാരം മറ്റൊരു നിര്‍വാഹക സമിതിക്ക് കൈമാറുമെന്നും അന്താരാഷ്ട്ര അംഗീകാരമുള്ള പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജ്. ലിബിയയെ ഒന്നിപ്പിക്കാനും പുതിയ പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുമായി യു.എന്‍ മധ്യസ്ഥതയില്‍ വിമതരുമായി നടത്തുന്ന ചര്‍ച്ച ഗുണപ്രദാമായ തലത്തില്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്തു നിന്ന് ടെലിവിഷനിലൂടെയാണ് സര്‍റാജ് ഇക്കാര്യം അറിയിച്ചത്.
ലിബിയയിലെ സംഘട്ടനം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനുമായി പ്രത്യേക ദൂതനെ നിയോഗിക്കാന്‍ യു.എന്‍ രക്ഷാസമിതി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പില്‍നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. എന്നാല്‍ സമാധാന ദൗത്യവുമായി മുന്നോട്ടുപോകാനാണ് രക്ഷാസമിതിയുടെ തീരുമാനം. ലിബിയന്‍ സമാധാന ശ്രമത്തിന്റെ ഉത്തരവാദിത്തം വീണ്ടും യു.എന്‍ രാഷ്ട്രീയ ദൗത്യത്തിന്റെ തലവന്‍ ഗസ്സാന്‍ സലാമയെ ഏല്‍പ്പിച്ചു. മൂന്നുവര്‍ഷമായി ലിബിയയിലെ സമാധാന ശ്രമത്തിന് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്. മുഅമ്മര്‍ ഗദ്ദാഫി 2011ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് ലിബിയ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.