
പനജി: ഐ.എസ്.എല്ലിന്റെ ഏഴാം സീസണിന്റെ പ്രാഥമിക ഫിക്സര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 25ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളോടും ഗോവയില്‍ എത്താനാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൊവിഡ് കാരണം ഗോവയില്‍ മൂന്ന് വേദികളികായാണ് ഐ.എസ്.എല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. 11 ടീമുകള്‍ക്ക് വേണ്ടി 16 പരിശീലന ഗ്രൗണ്ടുകള്‍ ഗോവയില്‍ സജ്ജമാണ്. ടീമുകള്‍ക്ക് താമസിക്കുന്നതിന് വേണ്ടി 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോട്ടലുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഐ.എസ്.എല്ലില്‍ കളിച്ച പത്ത് ടീമുകള്‍ക്ക് ഒപ്പം ഈ സീസണില്‍ ഈസ്റ്റ് ബംഗാളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അധികൃതര്‍ പുതിയ ടീമിനെ ലീഗിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബര്‍ 25ന് ടീമുകള്‍ എത്തിയാല്‍ പരിശീലനത്തിന് മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരാവേണ്ടി വരും. ഒക്ടോബര്‍ 1 മുതല്‍ ക്ലബുകള്‍ക്ക് പ്രീസീസണ് തുടങ്ങാം. ഒക്ടോബര്‍ 23വരെയാണ് സ്ക്വാഡ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം.
അതിന് രണ്ട് ദിവസം മുമ്പുവരെ ഇന്ത്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കും. നവംബര്‍ 20ന് സീസണ് ആരംഭിക്കാനാണ് ഐ.എസ്.എല്‍ ഉദ്ദേശിക്കുത്. നവംബര്‍ 20നും 23നും ഇടയിലാകും ഉദ്ഘാടന മത്സരം നിശ്ചയിക്കുക. പരിപൂര്ണമായുള്ള ഫിക്സര്‍ ഈ മാസം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത മാസം ആദ്യത്തിലോ പുറത്ത് വിടും.