
വാഷിങ്ടണ്‍: ഏഷ്യന്‍ വംശജനെ വലിച്ചിറക്കിയ വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ്. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധം അലയടിച്ചതാണ് തീരുമാനത്തിന് പിന്നില്‍.
യാത്രക്കാര്‍ക്ക് കാശായോ ട്രാവല്‍ ക്രഡിറ്റ്സ് ആയോ ഇത് സ്വാകരിക്കാമെന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് വക്താവ് മെഗന് എംസി കാര്‍ത്തി പറഞ്ഞു. സംഭവത്തില്‍ ലജ്ജിക്കുന്നതായി എയര്‍ലൈന്‍സ് സിഇഒ ഓസ്കര് മുനോസ് ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
അധിക ബുക്കിങ് എന്നു പറഞ്ഞാണ് യാത്രക്കാരനെ വലിച്ചിറക്കിയത്. ആദ്യം യാത്രക്കാരില്‍ നാലു പേരോട് മാറിത്തരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ആരും തയ്യാറാവാത്തതിന തുടര്‍ന്ന് ജീവനക്കാര്‍ തന്നെ നാലു പേരുടെ പേരു വായിച്ചു. എന്നാല്‍ ഡോക്ടറായിരുന്ന വിയറ്റ്നാം സ്വദേശി യാത്ര റദ്ദാക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ജീവനക്കാര്‍ ബലമായി ഇയാളെ പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു.