തീവസുരക്ഷാ സംവിധാനമുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ടു സിമി പ്രവര്‍ത്തകര്‍ തടവ് ചാടിയെന്നും മണിക്കൂറുകള്‍ക്കകം പത്തുകിലോമീറ്റര്‍ അകലെയുള്ള വിജനമായ വനപ്രദേശത്തുവച്ചു പൊലിസ് അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നുമുള്ള വാര്‍ത്ത ദുരൂഹതയുളവാക്കുന്നതാണ്. കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ വ്യാജഏറ്റുമുട്ടലുകള്ക്കും തീവ്രവാദകുറ്റമാരോപിച്ചു നിരപരാധികളെ വെടിവച്ചു കൊല്ലുന്നതിലും കുപ്രസിദ്ധിയാര്ജിച്ചവരാണെന്നത് ഇതിനകംതന്നെ തെളിഞ്ഞതാണ്.
പ്രാണേഷ്കുമാറെന്ന മലയാളി യുവാവിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഇസ്റത്ത് ജഹാനെന്ന വിദ്യാര്‍ഥിനിയെയും ഭീകരവാദമാരോപിച്ചു വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയവരാണു ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍. അമിത്ഷാ ആയിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെത്തന്നെയാണു ശൈഖ് സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഭീകരതയാരോപിച്ചു വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. കൗസര്‍ബിയെ വധിക്കുന്നതിനു മുന്‍പ് മാനഭംഗപ്പെടുത്തുകയും ചെയ്തു.
തീവ്രവാദികളെന്നാരോപിച്ചു നിരപരാധികളായ മുസ്്ലിം യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യുകയും വര്‍ഷങ്ങളോളം ജയിലിലടച്ച് ഒടുവില്‍ തെളിവില്ലാതെ കോടതികള്‍ അവരെ വെറുതെ വിടുകയും ചെയ്തു കൊണ്ടിരിക്കുന്ന കാലമാണിത്. ഹൂബ്ലി ഗൂഢാലോചനക്കേസില്‍ കുറ്റംചുമത്തി മുക്കം ഗോതമ്പ് റോഡ് സ്വദേശി കമ്മുക്കുട്ടിയടക്കം ഒന്‍പതുപേരെ ഏഴുവര്‍ഷം തടവിലിട്ടു ക്രൂരമര്ദനങ്ങള്ക്കിരയാക്കിയശേഷം തെളിവില്ലെന്നു കണ്ടു കോടതി വെറുതെ വിടുകയായിരുന്നു.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും വിചാരണയുടെ അവസാനഘട്ടത്തില്‍ നില്ക്കുന്ന സമയത്ത് എട്ടു സിമിപ്രവര്‍ത്തകര്‍ അര്‍ധരാത്രി ജയില്ചാടിയെന്നും മണിക്കൂറുകള്‍ക്കകം പൊലിസ് അവരെ വകവരുത്തിയെന്നുമുള്ള വാര്‍ത്ത വിശ്വസനീയമല്ല.
ഭക്ഷണപാത്രംകൊണ്ടും സ്പൂണ്കൊണ്ടും വാര്‍ഡനെ കഴുത്തറുത്തുകൊന്നു തടവുകാര്‍ രക്ഷപ്പെട്ടുവെന്ന വാദംതന്നെ ബാലിശമാണ്. സ്പൂണ്കൊണ്ട്് ഒരാളെ കൊല്ലാന്‍ കഴിയുമെന്നു വരുമ്പോള്‍ സ്പൂണും ഭീകരായുധമായി മാറുകയാണിവിടെ. ജയില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ രമാശങ്കര്‍ യാദവിനെ സ്പൂണ്‍കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തിയാണ് എട്ടുപേരും രക്ഷപ്പെട്ടതെന്നു ഡി.ഐ.ജി രമണ്‍സിങ് പറയുന്നത് ഒട്ടും വിശ്വസനീയമല്ല. കിടക്കവിരി പിരിച്ചുകെട്ടി 32 അടി ഉയരമുള്ള വൈദ്യുതിപ്രവാഹമുള്ള മതില് ചാടിക്കടന്നു സായുധരായ പൊലിസ് കാവല്നില്ക്കുന്ന വാച്ച് ടവര്‍ മറികടന്നു സി.സി.ടി.വി കാമറകളുടെ കണ്ണുവെട്ടിച്ചു തടവുകാര്‍ ഓടിപ്പോയെന്നതു വിശ്വസിക്കാനാവില്ല.
ഓടിപ്പോകുമ്പോള്‍ ശബ്ദിക്കുന്ന അലാറം എന്തുകൊണ്ട് നിശ്ശബ്ദമായി. എട്ടുപേരെയും കൊല്ലാനുള്ള ഗൂഢാലോചന നടത്തി അവര്‍ക്കു തടവുചാടാനുള്ള അവസരം നല്‍കുകയായിരുന്നില്ലേ. ഇതൊരു കെണിയാണെന്നു മനസിലാക്കാതെ ജയിലധികൃതരുടെ സഹായത്തോടെ തടവുചാടുകയായിരുന്നു തടവരുകാരെന്നും പൊലിസ് പിന്നീടവരെ പിന്തുടര്ന്നു കൊല്ലുകയായിരുന്നെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാധ്യതയിലേയ്ക്കാണു മധ്യപ്രദേശിലെ പ്രതിപക്ഷപാര്‍ട്ടികള്‍ വിരല്‍ചൂണ്ടുന്നത്. ഇതിനുവേണ്ടി ഒരു വാര്‍ഡനെ ബലികൊടുക്കാന്‍പോലും ജയിലധികൃതര്‍ പദ്ധതി തയാറാക്കിയെന്നുവേണം കരുതാന്‍.
ജയില്ചാടുന്നവര് ഒരിക്കലും ഒരേസ്ഥലത്ത് ഒത്തുകൂടുകയില്ല. പെട്ടെന്നുതന്നെ വേര്‍പിരിയും. ഇവിടെ അതുണ്ടായില്ല. എല്ലാവരും ഒരേ യൂണിഫോമില്‍ വിലകൂടിയ വാച്ചുകെട്ടി ഒരേസ്ഥലത്ത് ഒരുമിച്ചുകൂടിയെന്നതുതന്നെ ദുരൂഹമാണ്. കുറ്റാരോപിതരായ സിമിപ്രവര്‍ത്തകരുടെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയിരുന്നു. അവര്‍ക്കെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു ഘട്ടത്തില്‍ എട്ടുപേരെയും വെറുതെവിടാനുള്ള സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നു പ്രതികളെന്നു പറയപ്പെടുന്നവരുടെ അഭിഭാഷകന് പര്‍വേശ് ആലം പറയുന്നതു തള്ളിക്കളയാനാവില്ല. ഇത്തരമൊരവസ്ഥയില്‍ തടവുകാര്‍ക്കു ജയില്‍ ചാടേണ്ടതും ഉണ്ടായിരുന്നില്ല.
സിമി തടവുകാര്‍ ആയുധധാരികകളായിരുന്നുവെന്നും പൊലിസിനുനേരേ നിറയൊഴിച്ചുവെന്നും ഭോപ്പാല്‍ ഐ.ജി യോഗേഷ് ചൗധരി പറയുമ്പോള്‍ അവര്‍ നിരായുധരായിരുന്നുവെന്നാണു ഭീകരവിരുദ്ധ സ്ക്വാഡ് ഐ.ജി സഞ്ജീവ് ശെമി പറഞ്ഞത്. ഇതേ വൈരുദ്ധ്യംതന്നെയാണ് ഈ വ്യാജ ഏറ്റുമുട്ടലിലുടനീളം മുഴച്ചുനില്‍ക്കുന്നത്.