
പാലക്കാട്: കൊവിഡ് കാരണം ഏറെ നാളായി നിര്‍ത്തിവെച്ചിരുന്ന ഫുട്ബോള്‍ മത്സരം വീണ്ടും തുടങ്ങിയതിന്റെ ആവേശത്തില്‍ കേരളത്തിലെ ഫുട്ബോള്‍ താരങ്ങള്‍. കായിക പരിശീലനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെയാണ് താരങ്ങള്‍ വീണ്ടും ഗ്രൗണ്ടില്‍ ഒന്നിച്ചത്. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയില്‍ പുതുതായി നിര്‍മിച്ച ഗ്രൗണ്ടിലായിരുന്നു കേരളാ താരങ്ങള്‍ സൗഹൃദ മത്സരം കളിച്ചത്. സാറ്റ് തിരൂര്‍ എഫ്.സിയും കേരള ഇലവനും എന്ന നിലയിലായിരുന്നു മത്സരം. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ടി.പി രഹ്നേഷ് നയിച്ച സാറ്റ് തിരൂര്‍ ഒന്നിനെതിരേ മൂന്നു ഗോളുകളള്ക്ക് കേരളാ താരങ്ങളുടെ ടീമിനെ പരാജയപ്പെടുത്തി.
സാറ്റ് തിരൂരിന് വേണ്ടി ഗോകുലം കേരള താരം സല്മാന് ഇരട്ട ഗോളുകളും ഫസലു റഹ്മാന് ഒരു ഗോളും നേടി. മുന്‍ സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറക്കോട്ടില്‍ ആണ് കേരള ഇലവന് വേണ്ടി ഗോള്‍ നേടിയത് ബംഗളൂരു എഫ്,സി താരം ആിഷിഖ് കുരുണിയന്, അര്ജുന്, കേരളാ ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത്, മുഹമ്മദ് സലാഹ്, സല്മാന്, ജംഷഡ്പുര്‍ എഫ്. സി താരം ടി.പി രഹ്നേഷ്, കേരളാ ബ്ലാസ്റ്റേഴ്സ് താരം അബ്ദുല്‍ ഹക്കു, മുന്‍ മോഹന്‍ ബഗാന് താരം സുഹൈര്‍ വി.പി, മുഹമ്മദ് പാറോക്കോട്ടില്‍, ഉബൈദ്, മഷൂര്‍ ഷരീഫ്, ഫസലുറഹ്മാന്, ഇര്‍ഷാദ് തുടങ്ങിയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.