
ഇന്ത്യയുടെ ആദിമകവികളില് പ്രഥമസ്ഥാനീയനായ കാളിദാസന് തന്റെ ‘മേഘസന്ദേശ’ത്തില്‍ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഛായാചിത്രം വരച്ചിടുന്നുണ്ട്. ദക്ഷിണഭാഗത്തു നിന്ന് ഉത്തരഭാഗത്തേക്ക് നീങ്ങുന്ന ഒരു കാര്മുകിലിനോട് തന്റെ പ്രിയതമയ്ക്ക് നല്‍കാനുള്ള പ്രണയസന്ദേശം പറഞ്ഞു കൊടുക്കുന്ന ഒരു യക്ഷന്റെ കഥയാണ് ഈ കാവ്യം. മേഘം കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും സാംസ്കാരികവും ആചാരപരവുമായ വര്‍ണഭേദങ്ങള്‍ തന്റെ രചനാപാടവത്തിന്റെ സര്‍ഗപ്രതിഭ തെളിയിക്കും വിധം കുറിക്കുന്നുണ്ട് കാളിദാസന്.
ഇക്കഥ ഇപ്പോഴോര്‍ത്തത് ഇന്ത്യയെ ഒറ്റ അച്ചില്‍ വാര്‍ക്കാനായി കോമണ്‍കോഡ് (യു.സി.സി) കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോ കമ്മിഷന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള സംഘ അജന്‍ഡയുടെ ലക്ഷ്യം രാജ്യത്തെ ശക്തിപ്പെടുത്തുകയെന്ന മുദ്രാവാക്യത്തിന്റെ പുറകിലൂടെ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങളാണ്.
അന്തരിച്ച കര്‍ണാടക സാഹിത്യകാരന് യു.ആര് അനന്തമൂര്‍ത്തി പറഞ്ഞപോലെ ശക്തമായ ഇന്ത്യ എന്ന മുദ്രാവാക്യത്തിനു പിന്നില്‍ വലിയൊരു അപകടം നമുക്ക് കാണാതിരിക്കാനാകില്ല. ഇന്ത്യ, മതസാമൂഹിക വൈവിധ്യങ്ങള്‍ നിലനിര്‍ത്തിപ്പോകുന്നതിനെയാണ് സംഘ്പരിവാര്‍ ശക്തികള്‍ ഭയക്കുന്നതും മാറ്റാന്‍ ആഗ്രഹിക്കുന്നതും. ഇതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ ബലപ്രയോഗം നടത്തുന്ന ശക്തികള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നത്.
ബഹുസ്വരത ഒരു സൗന്ദര്യമായിരിക്കേ അവ മുഴുവന്‍ ഏകീകരിക്കാനുള്ള ശ്രമം അതിന്റെ സഹജപ്രകൃതിയെ സമഗ്രമായി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വൈവിധ്യങ്ങള്‍ വര്‍ണപുഷ്പങ്ങളെപ്പോലെ നിലനില്ക്കുകയും അവയുടെ ഉള്‍പ്പൊരുത്തം സമാധാനപൂര്‍ണമായ ഒരു സാമൂഹിക ഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്ത അസാമാന്യ സവിശേഷതയാണ് ഇന്ത്യയ്ക്കുള്ളത്.
ഈ ബഹുസ്വരതയെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന രൂപം കൊള്ളുന്നത്. ഭരണഘടനയുടെ മൂലക്കല്ലായി കാണുന്ന മൗലികാവകാശ തത്വങ്ങളുടെ അനുഛേദങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാണ്. ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുഛേദം പ്രകാരം രാജ്യത്തിന്റെ സാമൂഹിക ക്രമങ്ങള്‍ക്കും ധാര്‍മിക സുസ്ഥിതിക്കും മറ്റു മൗലികാവകാശ തത്വങ്ങള്‍ക്കും വിധേയമാകും വിധം ഓരോ പൗരനും നല്കുന്ന മതാചാരത്തിനും പ്രചാരണ പ്രഘോഷണത്തിനുമുള്ള വിപുലമായ സ്വാതന്ത്ര്യമുണ്ട്. (ടൗയഷലര േീേ ുൗയഹശര ീൃറലൃ, ാീൃമഹശ്യേ മിറ വലമഹവേ മിറ ീേ വേല ീവേലൃ ുൃീ്ശശെീി െീള വേശ െജമൃ,േ മഹഹ ുലൃീെി െമൃല ലൂൗമഹഹ്യ ലിശേഹേലറ ീേ ളൃലലറീാ ീള രീിരെശലിരല മിറ വേല ൃശഴവ േളൃലലഹ്യ ീേ ുൃീളല,ൈ ുൃമരശേലെ മിറ ുൃീുമഴമലേ ൃലഹശഴശീി.(മൃശേരഹല 25)
മതവിശ്വാസത്തോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്കാരിക സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുതരുന്നുണ്ട്. ഭരണഘടനയുടെ 29-ാം അനുഛേദം ഈ ന്യൂനപക്ഷാവകാശം സ്ഥാപിച്ചു തരുന്നുണ്ട്. രാജ്യത്തെ മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയും സംസ്കാരവും നിലനിര്‍ത്താനും അതിനുമേലുള്ള അധിനിവേശങ്ങളെ പ്രതിരോധിക്കാനും സാധിക്കും വിധമാണ് ഈ അവകാശങ്ങള്‍ ലബ്്ധമാകുന്നത് (അി്യ ലെരശേീി ീള വേല രശശ്വേലി െൃലശെറശിഴ ശി വേല ലേൃൃശീേൃ്യ ീള കിറശമ ീൃ മി്യ ുമൃ േവേലൃലീള വമ്ശിഴ മ റശേെശിര േഹമിഴൗമഴല, രെൃശു േീൃ രൗഹൗേൃല ീള ശെേ ീംി വെമഹഹ വമ്ല വേല ൃശഴവ േീേ രീിലെൃ്ല വേല മൊല).
ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തില്‍ നില്‍ക്കുന്നതാണ് നമ്മുടെ വ്യക്തിനിയമങ്ങള്‍. വളരെ പരിമിതമായ കാര്യങ്ങളില്‍ മാത്രമൊതുങ്ങുന്ന വ്യക്തിനിയമങ്ങള്‍ മറ്റു സിവില്‍ നിയമങ്ങളെപ്പോലെ ഏകീകരിക്കുന്നതിനെയാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന യൂണിഫോം സിവില്‍കോഡ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരു ഏകീകൃത സിവില്‍ നിയമം നിലവിലുണ്ട്. സിവില്‍ പ്രസീഡര്‍ കോഡ് പ്രകാരമാണ് സിവില്‍ തര്‍ക്കപരിഹാരങ്ങള്‍ കോടതികള്‍ കാണുന്നത്.
മതപ്രമാണങ്ങള്‍ക്കനുസരിച്ച് പാലിക്കപ്പെടേണ്ട തീര്‍ത്തും വ്യക്തിനിഷ്ഠമായ കാര്യങ്ങളില്‍ മാത്രമാണ് വ്യക്തിനിയമങ്ങള്‍ക്ക് സാധുതയുള്ളത്. ഇരുകക്ഷികളും ഒരേ ആശയത്തില്‍ വരുന്നപക്ഷം മാത്രമാണ് അതിന് പ്രയോഗസാധുതയുള്ളത്. രാജ്യത്തെ പ്രമുഖ ജനവിഭാഗങ്ങള്‍ക്കായി ഈ വ്യക്തിനിയമങ്ങള്‍ വ്യത്യസ്തമായി നിലനില്ക്കുന്നു. ഹിന്ദു മുസ്്ലിം ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ അഭംഗുരം നിലനിന്നു പോരുന്നു. 1937 ല്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കാലത്ത് നിലവില്‍ വന്ന ഇസ്്ലാമിക് ശരീഅത്ത് ആക്ട് പ്രകാരം മുസ്്ലിം നിയമം വിവാഹം, ദാമ്പത്യസംബന്ധമായ മറ്റു കാര്യങ്ങള്‍, അനന്തര സ്വത്തവകാശം, ദത്ത്, വഖ്ഫ് തുടങ്ങിയ പരിമിതവും നിര്‍ണിതവുമായ കാര്യങ്ങളില്‍ മാത്രം ക്ലിപ്തമാണ്. ഇതോടൊപ്പം സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മതനിബന്ധനകളില്‍ പ്രതിബദ്ധതയില്ലാത്തവര്‍ക്ക് തീര്‍ത്തും മതേതരമായ സ്വഭാവത്തില്‍ വിവാഹം നടത്താനും സാധിക്കുന്ന പൊതുനിയമം ഇന്ത്യയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട് താനും.
ഇത്തരമൊരു സാഹചര്യത്തില്‍ ചില രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമായി കോമണ്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുകയാണ്. 1984 ല്‍ ബീഗം ഷാബാനു കേസ് വിധിപറയുമ്പോള്‍ സിവില്‍ പ്രസീഡര്‍ കോഡ് സെക്ഷന്‍ 125 പ്രകാരം വിധിപറഞ്ഞ സുപ്രിംകോടതി ഏക സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ച കൊണ്ടുവന്നത് പക്ഷേ, ഇന്ത്യയിലെ അന്നത്തെ രാഷ്ട്രീയ നേതൃത്വം ശക്തമായി എതിര്‍ത്തു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ബഹുമാന്യനായ ബനാത്ത്വാല സാഹിബിന്റെ സ്വകാര്യ ബില്‍ തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിട്ട് അന്നത്തെ പ്രതിസന്ധിയെ ജയിക്കാനാകുന്ന എല്ലാ സഹായങ്ങളും ചെയ്തു.
ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ഹനിക്കുമെന്നതിനാല്‍ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളുടെ ഭാഗമായി നില്ക്കുന്ന 44-ാം അനുഛേദത്തിന്റെ സാംഗത്യം ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയായിട്ടുണ്ട്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ബി പോക്കര് സാഹിബ് തുടങ്ങിയ മുസ്്ലിം നേതാക്കളും ഏതാനും ഹിന്ദുനേതാക്കളും 44-ാം അനുഛേദത്തിന്റെ സാംഗത്യം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന കാലത്ത് മാത്രം ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ച് ആലോചിച്ചാല്‍ മതി എന്ന് ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞത് കാണാം. അസാധ്യവും അനന്തവുമായ അത്തരമൊരു കാലത്തേക്ക് മാറ്റിവയ്ക്കപ്പെട്ട ഇക്കാര്യം ഇന്ന് വിവാദമാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയമാണ് ഏറെ അപകടകരം. ഏകീകൃത സിവില്‍ നിയമം ഇല്ലാത്തതിന്റെ ദുരിതങ്ങളേക്കാള്‍ ഭീകരമാണ് ഇന്നത്തെ അസഹിഷ്ണുത മുദ്രാവാക്യങ്ങള്‍ കൊണ്ടുണ്ടാവുന്നത്. ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് അടിച്ചുകൊല്ലുന്നതും പശുവില്പ്പനക്കാരെ ചാണകം തീറ്റിക്കുന്നതും ദലിത് പീഡനങ്ങളും ഇന്ത്യയുടെ നാണക്കേടായി പരിണമിച്ചിരിക്കുകയാണ്.
ഇത്തരം അസഹിഷ്ണുതകള്‍ സൃഷ്ടിക്കുന്നതിനു കാരണം സംഘ്പരിവാര്‍ നിര്‍ദേശിക്കുന്ന വാര്പ്പുനിര്മിതിയിലേക്ക് ഇന്ത്യന്‍ സംസ്കാരത്തെ മാറ്റിപ്പണിയണമെന്ന അവരുടെ ദുശ്ശാഠ്യമാണ്. അനേക സഹസ്രങ്ങളിലൂടെ ഇന്ത്യ ആര്‍ജ്ജിച്ചെടുത്ത വൈവിധ്യം ഇന്ത്യയുടെ തനതു സ്വഭാവമാണ്. ഹൈന്ദവസമൂഹത്തില്‍ വരെ അനേകായിരം വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സാംസ്കാരിക പരിസരം ഇങ്ങനെ വിവിധ വര്ണങ്ങളാല് അലങ്കൃതമായി തന്നെയാണ് നിലനില്‍ക്കേണ്ടത്. സപ്തസാഗരങ്ങള്‍ പോലെ, സപ്ത വര്‍ണങ്ങള്‍ പോലെ ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യം, അതിന്റെ ഭൂപരമായ വൈവിധ്യം പോലെ സമ്പന്നമാണ്.
ഇന്ത്യയുടെ അഭിമാനമായ ഈ സാംസ്കാരിക വൈവിധ്യത്തെ അടിച്ചു ശരിപ്പെടുത്തി ഏകനിലം രൂപമാക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഏകസിവില്‍ കോഡ് വാദം. രണ്ടു പതിറ്റാണ്ടു മുന്‍പ് ഈ ചര്‍ച്ചയില്‍ മുമ്പില്‍ നിന്നിരുന്ന മതേതര കക്ഷിയുടെ ജനറല്‍ സെക്രട്ടറിയോട് അങ്ങ് ഉദ്ദേശിക്കുന്ന മാതൃകാ സിവില്‍കോഡ് ഏതാണ് എന്ന പത്രക്കാരുടെ ചോദ്യത്തിന് ഹീന്ദുകോഡ് മതി എന്ന് ഉത്തരം നല്‍കിയത് ഓര്‍മവരുന്നു.
അന്ന് നമ്പൂതിരിയുടെ മനസിലുദിച്ച ആശയം തന്നെയാണ് സംഘ്പരിവാര്‍ ഒളിഅജന്ഡയായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് നീറുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ അപരിഹാര്യമായി നിലനില്‍ക്കേ, ഏകസിവില്‍കോഡ് എന്ന ഉട്ടോപ്യന്‍ സ്വപ്നം നടപ്പിലാക്കാന്‍ ധൃതികാണിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഹൈന്ദവ ജനതയില്‍പോലും നടപ്പിലാക്കാനാവാത്ത വിധം സങ്കീര്‍ണമായി നിലനില്‍ക്കുന്ന ഏകകോഡ് രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളിലും അടിച്ചേല്‍പ്പിക്കുക വഴി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അന്ത:സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ തന്ത്രമാണ് വിജയിക്കുക. വളരെ കരുതലോടെ ഈ നീക്കത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികള്‍ പ്രതിരോധം തീര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.