2021 February 28 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഏകീകൃത സിവില്‍കോഡ്; ബി.ജെ.പി നീക്കം ആത്മഹത്യാപരം

എ.കെ ആന്റണി

ഏകീകൃത സിവില്‍കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനുള്ള ബി.ജെ.പി ശ്രമം ആത്മഹത്യാപരമാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സ്റ്റണ്ട് മാത്രമാണിത്. ഇത്തരം അപകടകരമായ നീക്കത്തില്‍നിന്നു ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പിന്മാറണം. 

അടുത്തവര്‍ഷം ആദ്യമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വര്‍ഗീയധ്രുവീകരണത്തിനായി ഇത്തവണ ബി.ജെ.പി ഉപയോഗിക്കുന്നത് മുന്‍പ് പലപ്പോഴും എടുത്തുപയോഗിച്ചിട്ടുള്ള ഏകീകൃത സിവില്‍കോഡ് തന്നെയാണ്. പാര്‍ലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും തെരഞ്ഞെടുപ്പു വരുന്ന ഓരോ ഘട്ടത്തിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പറ്റിയ എന്തെങ്കിലും ഒരു അജന്‍ഡ അവര്‍ കൊണ്ടുവരും. ഏകീകൃത സിവില്‍കോഡ്, അയോധ്യ, കാശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 327, ഉത്തര്‍പ്രദേശിലെ കൈരാന ഗ്രാമത്തിലെ ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടങ്ങി ഏതെല്ലാം നിലയില്‍ മതസൗഹാര്‍ദം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ സമുദായിക ധ്രുവീകരണം ഉണ്ടാക്കാനും കഴിയുമോ അതെല്ലാം അവര്‍ എല്ലായ്‌പ്പോഴും പയറ്റുകയാണ്.
ഇന്ത്യയില്‍ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ആകെ വ്യത്യാസമുള്ളത് വ്യക്തിനിയമങ്ങളില്‍ മാത്രമാണ്. വ്യക്തിനിയമങ്ങളില്‍ മാറ്റംവരുത്തുന്നത് എല്ലാവിഭാഗം ജനങ്ങളും പൂര്‍ണമായും അംഗീകരിക്കുന്ന ഘട്ടത്തില്‍ മാത്രമേ ആകാവൂവെന്ന് നേരത്തേതന്നെ നിശ്ചയിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ അടല്‍ ബിഹാരി വാജ്‌പേയി, ഡോ. മന്‍മോഹന്‍ സിങ് എന്നിവരുടെ കാലംവരെയും ഇതേ നിലപാടാണ് പിന്തുടര്‍ന്നുവന്നത്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും പൂര്‍ണമായും സമ്മതിക്കാത്തിടത്തോളംകാലം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് പൊതുധാരണ.
അടുത്തകാലത്ത് കേരളത്തില്‍ ശബരിമല ക്ഷേത്രത്തിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സുപ്രിംകോടതി ഒരഭിപ്രായം പറഞ്ഞു. എന്നാല്‍, ഹൈന്ദവ സമൂഹം, ദേവസ്വം ബോര്‍ഡ്, കേരള സര്‍ക്കാര്‍ എന്നിവയെല്ലാം അങ്ങനെ ഒരു തീരുമാനം അടിച്ചേല്‍പ്പിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും സ്വീകാര്യമല്ലാത്ത കാര്യങ്ങളിലും വ്യക്തിനിയമങ്ങളിലും മാറ്റംവരുത്തുന്നത് ഇന്ത്യയെപ്പോലെ നാനാത്വത്തില്‍ ഏകത്വത്തില്‍ വിശ്വസിക്കുന്ന ഒരു ബഹുസ്വര രാജ്യത്തിന് നടപ്പാക്കാന്‍ പ്രയാസമാണ്. അത് അപ്രായോഗികവുമാണ്.
ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തില്‍ രാജ്യത്ത് പൂര്‍ണമായും സമവായമുണ്ടാക്കുക പ്രയാസമാണെന്ന് ബി.ജെ.പിക്കു തന്നെ അറിയാം. നടക്കാന്‍പോകാത്ത കാര്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ യു.പി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവിടുത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ കൂടുതല്‍ കിട്ടുമോയെന്ന് നോക്കാനുള്ള ശ്രമം മാത്രമാണിത്. ഇത്തരത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഉപയോഗിച്ച മറ്റൊരു തന്ത്രമാണല്ലോ കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്നത്. ഇന്ത്യയൊട്ടാകെ ഇതേക്കുറിച്ച് പ്രചാരണം നടത്തി. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി അവിടെ സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത് പ്രത്യേക പദവിക്കു വേണ്ടി വിട്ടു വീഴ്ച്ചയില്ലാതെ നിലപാട് സ്വീകരിക്കുകയും കശ്മിരിന് സ്വയംഭരണം വേണമെന്നു പറയുകയും ചെയ്യുന്ന പി.ഡി.പിയുമായി ചേര്‍ന്നാണ്.
വടക്കേ ഇന്ത്യയില്‍ സമുദായങ്ങള്‍ തമ്മില്‍, സംശയവും അകല്‍ച്ചയും നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഏകീകൃത സിവില്‍കോഡിന് വേണ്ടി ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും നടത്തുന്ന ശ്രമം ഈ സംശയവും അകല്‍ച്ചയും ശക്തമാക്കാനേ ഇടവരുത്തൂ. ജനങ്ങളെ പലതട്ടുകളിലാക്കി സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നത് നാടിന്റെ ഐക്യത്തിനും മതമൈത്രിക്കും സമുദായ സൗഹാര്‍ദത്തിനും അപകടമാണ്.
എല്ലാവരും യോജിക്കുന്ന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണിത്. രാജ്യം നിരവധി വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ഇത്തരം ചര്‍ച്ച എത്രയും വേഗം അവസാനിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരം ചര്‍ച്ചകള്‍ തടയാന്‍ മുന്‍കൈയെടുക്കണം. കോണ്‍ഗ്രസ് ഇത്തരം നീക്കങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ല. രാജ്യത്തിന്റെ മതമൈത്രിയും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുന്ന ഏതുതരം നീക്കത്തെയും ശക്തിയായി എതിര്‍ക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.