
തിരുവനന്തപുരം: തലസ്ഥാനത്തെ എ.ടി.എം കവര്‍ച്ചാകേസില്‍ പൊലിസ് പര്‍പ്പിള്‍ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കേരളത്തില്‍ നടന്നതുപോലെയുള്ള ഹൈടെക് എ.ടി.എം കവര്‍ച്ച മറ്റേതെങ്കിലും സ്ഥലത്ത് നടന്നിട്ടുണ്ടോ എന്നറിയാനാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ നോട്ടിസ് പുറപ്പെടുവിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
തട്ടിപ്പിന് പ്രതികള്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയിട്ടുള്ളതായി സംശയമുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
അതേസമയം, കേസില്‍ പിടിയിലായ റൊമാനിയക്കാരനായ മരിയന്‍ ഗബ്രിയേലിനെ വെള്ളയമ്പലം ആല്‍ത്തറയിലെ എസ്.ബി.ടി എ.ടി.എമ്മിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച് പണം കവര്‍ന്ന രീതി പ്രതി പൊലിസിനോട് വിവരിച്ചു. തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടുനിന്നു. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഇവര്‍ താമസിച്ച ഹോട്ടലിലും പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു.
ഗബ്രിയേലിനെ മുംബൈ ഉള്‍പ്പെടുയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ കെ.ഇ ബൈജു പറഞ്ഞു. 36 പരാതികളിലായി ആറു കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍, കവര്‍ച്ചാ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. മുംബൈയില്‍ ഇവര്‍ക്കുവേണ്ടി പരിശോധന നടക്കുകയാണ്.
പ്രതികളായ ക്രിസ്റ്റ്യന്‍ വിക്ടര്‍, ബോഗ്ബിന് ഫേല്റിയന് എന്നിവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇവര്‍ താമസിച്ച തമ്പാനൂരിലെ ഹോട്ടലില്‍ നിന്നും ഇന്നലെ പൊലിസിന് ലഭിച്ചു. ജൂലൈ 11, 12 തിയതികളില്‍ ഹോട്ടലില്‍ എത്തി പായ്ക്ക് ചെയ്തു മടങ്ങുന്നതും രാത്രി സ്കൂട്ടറില്‍ പോവുന്നതിന്റെ ദൃശ്യങ്ങളുമാണ് ലഭിച്ചത്.