2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എ.എ.പിക്ക് സാമ്പത്തിക കുരുക്ക്: 97 കോടി തിരിച്ചടക്കാന്‍ ലഫ്. ഗവര്‍ണറുടെ ഉത്തരവ്

ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് പരസ്യത്തിനായി 526 കോടി രൂപ ചെലവഴിച്ച ആംആദ്മി പാര്‍ട്ടി 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്ന് ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഉത്തരവ്. സര്‍ക്കാര്‍ പണം മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പരസ്യത്തിനായി ഉപയോഗിച്ചുവെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പണം തിരിച്ചടക്കാന്‍ ആം ആദ്മിയോട് ആവശ്യപ്പെട്ടത്.
ആംആദ്മിയോട് എത്രയും വേഗം പണം തിരിച്ചടക്കണമെന്ന് ലഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ പണം ചെലവഴിച്ചതുസംബന്ധിച്ച് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പ്രചാരണത്തിനായി വന്‍തുക ചെലവഴിച്ചത് നേരത്തെതന്നെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമര്‍ശിച്ചതിനാലാണ് ഭീമമായ തുകയായി തെറ്റിദ്ധരിച്ചതെന്നായിരുന്നു ഇതേക്കുറിച്ച് ആം ആദ്മിയുടെ വിശദീകരണം. ഇത് കഴിഞ്ഞ സര്‍ക്കാരുകള്‍ ചെലവഴിച്ചതിനേക്കാള്‍ കുറവാണെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.