തിരുവനന്തപുരം • എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമാക്കി. എം.എൽ.എയുടെയും ഭാര്യയുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എം.എൽ.എ തന്നെ മർദിക്കുമ്പോൾ പി.എ ഡാനി പോളും സുഹൃത്ത് ജിഷ്ണുവും സ്ഥലത്തുണ്ടായിരുന്നുവെന്ന് യുവതി മൊഴി നൽകിയിരുന്നു. യുവതിയുടെ മൊഴി പരിശോധിച്ച പൊലിസ് ഗസ്റ്റ് ഹൗസിൽ എം.എൽ.എ മുറിയെടുത്തിരുന്നുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, കേസന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് കഴിഞ്ഞ ദിവസം സ്ഥലംമാറ്റപ്പെട്ട കോവളം പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പ്രൈജു ഗുരുതര അലംഭാവം കാണിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. പരാതി നൽകി 14 ദിവസം കഴിഞ്ഞിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരിക്ക് നാലുതവണ സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രൈജുവിനെ കോവളത്തുനിന്ന് ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്.
പേട്ട സ്വദേശിനിയായ അധ്യാപിക സെപ്റ്റംബർ 14ന് കോവളത്തുവച്ച് എം.എൽ.എ മർദിച്ചെന്ന് കാണിച്ച് സെപ്റ്റംബർ 28നാണ് സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം പൊലിസിന് പരാതി കൈമാറുകയായിരുന്നു. എന്നാൽ, പലതവണ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷമാണ് കോവളം പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് പിൻവലിക്കാൻ കോവളം സർക്കിൾ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചിരുന്നു.
പിന്നീട് യുവതിയെ കാണാതായതിനാൽ സുഹൃത്ത് വഞ്ചിയൂർ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായ യുവതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ഒളിവിൽപോയതിന്റെ കാരണം മജിസ്‌ട്രേറ്റിനോട് വിശദീകരിക്കുകയും ചെയ്തു.
പിന്നാലെയാണ് പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ പൊലിസിന്റെ മെല്ലെപ്പോക്ക് ചർച്ചയായതോടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ചയാണ് കോടതി വാദംകേൾക്കുക.
Comments are closed for this post.