2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എൻഡോസൾഫാൻ സർക്കാർ തുടരുന്നത് കുറ്റകരമായ മൗനം: ദയാബായി

തിരുവനന്തപുരം • എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുമ്പോഴും സർക്കാർ കുറ്റകരമായ മൗനം തുടരുകയാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാരത്തിന്റെ രണ്ടാം ദിവസം ‘സുപ്രഭാത’ത്തോട് സംസാരിക്കുകയായിരുന്നു അവർ.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ പോലും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്. ജോലിക്ക് പോകാനാവാതെ വൈകല്യമുള്ള മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെയുണ്ടായി. അവരുടെ ജീവിക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്. എൻഡോസൾഫാൻ ഇരകളുടെ ആത്മഹത്യക്കേസുകൾ അനുദിനം വർധിച്ചു വരികയാണ്. ഇതിന്റെയെല്ലാം ഉത്തരവാദി സർക്കാരാണ്. സർക്കാരിനെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റ പ്രകാരം പ്രതിചേർക്കണം.

ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിലാണ് അവർക്കു വേണ്ടി നിലകൊള്ളുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി ഞാൻ മനസിലാക്കിയത് കൊണ്ടാണ് ഇത്തരമൊരു സഹന സമരത്തിന് മുതിർന്നത്. സർക്കാർ ഈ സമരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയാറാകണം – ദയാബായി പറഞ്ഞു.

എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ഉക്കിനടുക്ക മെഡിക്കൽ കോളജിന് 2013 ൽ തറക്കല്ലിട്ടെങ്കിലും ഇതുവരെ പണിപൂർത്തിയാക്കിയിട്ടില്ല. ജില്ലാ ആശുപത്രിക്ക് കെട്ടിട സൗകര്യങ്ങളുണ്ടെങ്കിലും വിദഗ്ദ ചികിത്സാ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളൊന്നുമില്ല. കാസർകോട് ജനറൽ ഹോസ്പിറ്റലിന്റെ അവസ്ഥയും മറ്റൊന്നല്ല. അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും മറ്റ് നടപടികളൊന്നുമില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.