
കണ്ണൂര്‍: കേരളത്തിലെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരേ ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എസ്.ബി.ടി സംരക്ഷണ സന്ദേശ ബൈക്ക് റാലി നാളെ തുടങ്ങും. ഉച്ചയ്ക്ക് 12ന് കാസര്‍കോട്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിക്കുന്ന സന്ദേശ ബൈക്ക് റാലിക്കു വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും ഒരുക്കിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28നു തിരുവനന്തപുരത്ത് റാലി എത്തുമ്പോള്‍ എസ്.ബി.ടി ആസ്ഥാനത്ത് ബഹുജനങ്ങളുടെ മനുഷ്യച്ചങ്ങല നിര്‍മിക്കും. പൊതുമേഖലാ ബാങ്കുകളെ ആറോ ഏഴോ ബാങ്കുകളാക്കി ചുരുക്കി രാജ്യാന്തര കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ് നടത്തുന്ന വന്‍കിടി ബാങ്കുകളാക്കി മാറ്റാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നു അസോസിയേഷന് ഭാരവാഹികളായ സി ഉമേശന്, ജി.വി ശരത്, യു.എം അജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.