2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളെ ലയിപ്പിച്ച് ഇല്ലാതാക്കാന്‍ തീരുമാനം

ജലീല്‍ അരൂക്കുറ്റി

കൊച്ചി:  കേരളത്തിന്റെ ബാങ്കായി അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നടപടിക്ക് തുടക്കമായി. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന അസോസിയേറ്റ് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളാണ് എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട്് ലയനതീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ലയിപ്പിച്ച് സംരക്ഷിക്കുകയെന്ന നിലപാടിന്റെ മറവിലാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെയും ലയിപ്പിക്കാനുള്ള തീരുമാനവുമായി  കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ പണിമുടക്ക് ഉള്‍പ്പടെ ആഹ്വാനം ചെയ്തുകൊണ്ട് ജീവനക്കാര്‍ ഇന്നലെതന്നെ രംഗത്തെത്തി. ബാങ്ക് ജീവനക്കാരൂടെ സംഘടനകളായ എസ്.എസ്.ബി.ഇ.എ- എ.ഐ.ബി.ഇ.എ യുടെ നേതൃത്വത്തില്‍  മെയ് 20 ന് ബാങ്ക്പണിമുടക്ക് നടത്താനുനൂം ഇന്നും നാളെയും  പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് തീരുമാനം.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ്് ബാങ്ക് ഓഫ്  പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബീക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളെയാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ 45 മിനിട്ടോളം നീണ്ടുനില്‍ക്കുന്ന ഓരോ ബാങ്കുകളുടെയും മാരത്തോണ്‍ ബോര്‍ഡ് യോഗങ്ങളിലാണ് ലയനത്തിന്റെ ആദ്യപടിയായുള്ള തീരുമാനം കൈകൊണ്ടത്്. അഞ്ച് ബാങ്കുകളിലെയും ജീവനക്കാരുടെ പ്രതിനിധികളായ വര്‍ക്ക്‌മെന്‍ ഡയറക്ടര്‍മാരുടേയും സ്വതന്ത്ര ഡയറക്ടര്‍മാരുടേയും എതിര്‍പ്പ് വകവെയ്ക്കാതെയാണ് എസ്.ബി.ഐയുമായി ലയിപ്പിക്കാനുള്ള തീരുമാനം എടുത്തത്. ഓഹരി ഉടമകളുടെ പ്രതിനിധികളായി എസ്.ബി.ടി ബോര്‍ഡിലുള്ള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്ററും എന്‍.സി ജേക്കബും ലയനത്തോട് അനുകൂലനിലപാട് സ്വീകരിച്ചില്ല. ബാങ്ക് ഓഫ് മൈസൂരിലും ബാങ്ക് ഓഫ് ബീക്കാനീര്‍ ആന്‍ഡ്് ജയ്പൂരിലുമുള്ള ഓഹരി ഉടമപ്രതിനിധികളും തീരുമാനത്തോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്്. എന്നാല്‍ ഓരോ ബാങ്കിന്റെയും 13 അംഗബോര്‍ഡിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെയും എസ്.ബി.ഐ പ്രതിനിധികളുടെയും പിന്തുണയോടെ ലയനതീരുമാനം കൈകൊള്ളുകയായിരുന്നു.

അഞ്ച് അസോസിയേറ്റ് ബാങ്കുകളും  സംയോജിപ്പിക്കാനുള്ള നിര്‍ദേശം യുണിയനുകള്‍ അംഗീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.  എന്നാല്‍ ഇത് നിരാകരിച്ചുകൊണ്ടാണ്  ബോര്‍ഡിലെ ഭൂരിപക്ഷം ഉപയോഗിച്ച് എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് എ.ഐ.ബി.ഇ.എ ദേശീയ ജനറല്‍സെക്രട്ടറി സി.എച്ച് വെങ്കിടാചലവും സ്‌റ്റേറ്റ് ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ് കൃഷ്ണയും വ്യക്തമാക്കി.

കേരളത്തിന് തിരിച്ചടി

കൊച്ചി: അഗോളബാങ്കായി എസ്.ബി.ഐയെ മാറ്റുകയെന്ന താല്‍പര്യത്തോടെയുള്ള ലയനം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ വികസനകാര്യത്തില്‍ തിരിച്ചടിയാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി  കെ.എസ് കൃഷ്ണ സുപ്രഭാതത്തോട് പറഞ്ഞു. എസ്.ബി.ടി പോലുള്ള അസോസിയേറ്റ് ബാങ്കുകളാണ് ചെറുകിട വായ്പകള്‍ നല്‍കുന്നത്. എസ്.ബി.ഐ വന്‍കിട വായ്പകളിലും പദ്ധതികളിലുമാണ് ശ്രദ്ധകേന്ദ്ീകരിക്കുന്നത്.

ലയനത്തോടെ  അസോസിയേറ്റ് ബാങ്കുകളുടെ സ്വഭാവം മാറും. കൂടാതെ ശാഖകളുടെ എണ്ണം വെട്ടികുറയ്ക്കുകയും വായപയുടെ അനുപാതം സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നത് കുറയുകയും ചെയ്യും. ഇത് ചെറുകിട വാണിജ്യവ്യവസായങ്ങളെയാണ് സാരമായി ബാധിക്കുന്നത്. എസ്.ബി.ടി ഉള്‍പ്പെടെയുള്ള നാല് ബാങ്കുകളും വലിയ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ താല്‍ക്കാലികമായ നഷ്ടം സംഭവിച്ചിരിക്കുന്ന ബാങ്ക് ഓഫ് പാട്യാലയ്ക്ക് മൂലധന ആസ്തി 622 കോടി രൂപയാണ്. എസ്.ബി.ഐ യുടെ മൂലധന ആസ്തിയായ 742 കോടിരൂപയ്ക്ക് അടുത്തനില്‍ക്കുന്ന ആസ്തിയുള്ള  പാട്യാലയ്ക്ക് ഈ നഷ്ടം പരിഹരിക്കാന്‍ കഴിയുന്നതാണ്.  കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി ഏറ്റവും കുടതല്‍ ബിസിനസും ശാഖകളുമായി മലയാളികളുടെ അഭിമാനമായ  എസ്.ബി.ടിയെ ലയിപ്പിച്ച് ഇല്ലാതാക്കുന്നതിലൂടെ ഒട്ടേറെ ശാഖകള്‍ ഇല്ലാതാക്കപ്പെടും. ലയനനീക്കത്തിനെതിരേ ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും പൊതുജനപങ്കാളിത്തത്തോടെ പ്രക്ഷോഭം വ്യാപകമാക്കുമെന്നുമാണ് യുനിയന്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.